രാഹുകാലത്ത് ഒരു കല്യാണം നടന്നു ; എന്നിട്ട് എന്ത് പറ്റി ?

ദിവസവും ഉണ്ട് രാഹുകാലം. ഒന്നര മണിക്കൂറാണ് അതിൻ്റെ സമയദൈർഘ്യം. ആ സമയത്ത് ആരും യാത്രക്കിറങ്ങാറില്ല. പുതിയതായി കിട്ടിയ ജോലിയാണെങ്കിൽ മിക്കവരും ആ സമയത്ത് ജോലിയിൽ പ്രവേശിക്കാറുമില്ല. പുതിയ വ്യാപാരം രാഹുകാലത്ത് ഓപ്പൺ ചെയ്താൽ അവൻ്റെ കച്ചവടം അധികം താമസിയാതെ അവസാനിക്കുമെന്നാണ് പലരുടേയും വിശ്വാസം. വീട് പണി രാഹുകാലത്ത് തുടങ്ങുന്നത് ചിന്തിക്കാനേ ആവില്ല. ഹിന്ദുക്കളാണ് ഈ വക വിശ്വാസങ്ങൾ അനുഷ്ഠിക്കുന്നതിൽ ഏറെ മുമ്പിൽ. എന്നാൽ ക്രിസ്ത്യാനികളിൽ നല്ലൊരു പങ്കും രാഹുകാലത്തിൽ വിശ്വസിക്കുന്നവരാണ്. പെന്തക്കോസ്തുകാരിൽ ആർക്കെങ്കിലും ഇതിൽ വിശ്വാസമുണ്ടോ എന്നറിയില്ല.

യാത്രയിൽ പൂച്ച കുറുകെ ചാടിയാൽ അന്നത്തെ യാത്ര കട്ടപ്പൊകയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പല്ലി ചിലച്ചാൽ ‘ സത്യം ‘ എന്ന് ഉരുവിട്ട് പറഞ്ഞ കാര്യങ്ങളെ ഉറപ്പിക്കുന്നവരുണ്ട്. വീടിന് സ്ഥാനം കാണുന്നതും അന്ധവിശ്വാസം പേറി നടക്കുന്നവരാണ്. വഴി, വസ്തുവിൻ്റെ കിടപ്പ്,ചെരിവ് , വിസ്തീർണ്ണം എന്നിവ മനദണ്ഡമാക്കി സ്ഥാനം നിർണ്ണയിക്കാം. അല്ലാതെ സ്ഥാനനിർണ്ണയമെന്ന പേരിൽ നടത്തുന്നതെല്ലാം നാടകങ്ങളാണ് . കിണറിന് സ്ഥാനം കാണുന്ന പരിപാടിയും തട്ടിപ്പാണ്. അവിടെയും വസ്തുവിൻ്റെ ചെരിവും കിടപ്പുമൊക്കെ നോക്കി സ്ഥാനം നമുക്ക് തന്നെ നിർണ്ണയിക്കാവുന്നതേയുള്ളു. വയലിൽ സ്ഥാനം നോക്കുന്നതിൽ എന്തർത്ഥമാണുള്ളത്. പട്ടണത്തിനുള്ളിൽ ഒന്നര സെൻ്റിൽ വീട് പണിയുന്നതിന് സ്ഥാനം നിർണ്ണയിച്ച് കുറ്റിയടിപ്പിക്കുന്നവൻ്റെ തല പരിശോധിക്കേണ്ടതു തന്നെയാണ്. കൈവെള്ളയിൽ കിടന്ന് തേണ്ട ഉരുളുന്നതും സ്വർണ്ണ മാല വട്ടത്തിൽ കറക്കുന്നതുമൊക്കെ കിണറ് കുഴിക്കുന്നവൻ്റെ പണം വാങ്ങാൻ കാണിക്കുന്ന വിദ്യകൾ മാത്രമാണ്. ചെറുതും വലുതുമായ നിരവധി അന്ധവിശ്വാസങ്ങൾ ഇന്നും വിശ്വാസികൾ എന്ന ഭിമാനിക്കുന്നവരുടെ ഇടയിൽ പോലുമുണ്ട്.

ഇനി വിവാഹ കാര്യങ്ങളിലും ഈ അനാചാരങ്ങൾ കാണാൻ കഴിയും. പണ്ട് നാം ഉൾപ്പെട്ട് നിന്നിരുന്ന സമുദായങ്ങളിൽ ഉണ്ടായിരുന്ന വിഹാഹവുമായി ബന്ധപ്പെട്ട അനാചാരങ്ങൾ വേർപെട്ടവരുടെ കൂട്ടത്തിലും കാണാവുന്നതാണ്.

രാഹൂകാലത്ത് ഒരു സംരംഭവും നടത്താനുള്ള ആർജവം ആർക്കുമില്ല എന്നതാണ് സത്യം. പുതിയ വീട് പണിതിട്ട് രാഹുകാലത്ത് ഗൃഹപ്രവേശം നടത്തുന്ന ഒരാൾ പോലും ഈ ഭൂമി മലയാളത്തിലുണ്ടാവില്ല . വിവാഹത്തിൻ്റെ കാര്യത്തിലാണെങ്കിൽ പറയുകയും വേണ്ട. 1985 ആഗസ്റ്റ് 15-നാണ് ഈ കുറിപ്പ് എഴുതുന്ന ആളിൻ്റെ വിവാഹം നടന്നത്. അന്നൊരു വ്യാഴാഴ്ച ദിവസം ആയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 3 വരെയാണ് രാഹുകാലം. രാഹുകാലം ആരംഭിച്ചതിന് ശേഷം 2 മണിക്കാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. നാട്ടിൽ നിന്നും വന്ന ബന്ധുക്കളിൽ ആരോ ചിലർ രാഹുകാലത്താണല്ലോ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് കാറിൽ കയറവേ പറയുന്നത് കേട്ടു. കേട്ട ഭാവം നടിച്ചില്ല. അങ്ങനെ 1985 ആഗസ്റ്റ് 15 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രാഹുകാലത്തിൻ്റെ മധ്യ ഭാഗത്ത് തന്നെ ഞങ്ങളുടെ വിവാഹം നടന്നു. ഏ.ജി. സൗത്ത് വെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറിയായിരുന്ന പാസ്റ്റർ ഈ മാമച്ചൻ ഞങ്ങളുടെ കൈകൾ ചേർത്ത് പിടിപ്പിച്ച് അനുഗ്രഹിച്ചു.