

■ കെ.എൻ റസ്സൽ സംസാരിക്കുന്നു , മറയില്ലാതെ
‘ ദേശാധിപതികളെയും അതിൻ്റേതായിട്ടുള്ളതായ എല്ലാവിധ പോരാട്ടങ്ങളെയും യേശുവിൻ്റെ നാമത്തിൽ ശാസിക്കുന്നു , ഭത്സിക്കുന്നു.’
നാലു പെന്തക്കോസ്തുകാർ എവിടെ കുത്തിയിരുന്നു പ്രാർത്ഥിക്കുന്നുവോ, അവിടെ പിശാചിൻ്റെ പോരാട്ടമാണ്. യോഗത്തിന് തലയില്ലാത്ത ഇവനെയും കൂട്ടിയാണ് വരവ്. സഭായോഗം രാവിലെ തുടങ്ങുന്നത് തന്നെ സാത്താനെ തുരത്തിക്കൊണ്ടാണ്. പിശാചും സാത്താനും ഒന്നു തന്നെയാണല്ലോ അല്ലേ. എല്ലാ പാസ്റ്റർമാരും സാത്താനെയും കൊണ്ടല്ല യോഗത്തിന് വരുന്നത്. ചിലർക്ക് ആരാധന തുടങ്ങുന്നതിന് മുമ്പ് സാത്താനുമായി ഒരു ഗുസ്തി പിടിക്കണമെന്ന് നിർബ്ബന്ധമാണ്. ഈ ഗുസ്തിക്കിടയിൽ ഇവനെ ഓടിക്കാൻ ഉപയോഗിക്കുന്ന കുറെ പദങ്ങളുണ്ട്. കമ്പക്കെട്ട് പോലെയാണത്. യോഗത്തിനിരിക്കുന്നവരെയും കൂടി വിരട്ടിക്കളയും.
കർത്താവ് കാൽവരിക്രൂശിൽ വച്ച് ഇവൻ്റെ തല തകർത്തതല്ലെ. സാത്താനെ കുറിച്ചുള്ള പൗലൂസിൻ്റെ ചില സ്റ്റേറ്റുമെൻ്റുകളാണ് ഈ അന്ധവിശ്വാസത്തിന് കാരണം. എന്തായാലും ചിലർ ബൈബിൾ വയ്ക്കുന്ന കവറിനകത്ത് ആക്കിയാണ് സാത്താനെയും കൊണ്ട് ആരാധനയ്ക്ക് വരുന്നത്.
നാം രക്ഷിക്കപ്പെട്ടവരാണ്. പാപത്തെ വിട്ട് പുതിയ ജീവിത പാത്ഥാവിലേക്ക് മാറി എന്നർത്ഥം. എല്ലാം പുതുതായിരിക്കുന്നു. രക്ഷിക്കപ്പെടുന്നതിന് മുമ്പുള്ള ജീവിത കാലത്ത് നമ്മെ നയിച്ചിരുന്ന സാത്താൻ നമ്മെ വിട്ട് ഓടി എന്നർത്ഥം. ദൈവമക്കൾ ആയിക്കഴിഞ്ഞാൽ പിന്നെ നമ്മുടെ ജീവിതത്തിൽ പിശാചിന് എന്ത് പ്രസക്തിയാണുള്ളത്. എല്ലാം പുതിയതായി മാറിയിരിക്കുന്നെന്ന് പൗലൂസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കർത്താവ് അവൻ്റെ തലയെ തകർത്തുവെങ്കിൽ പിന്നെ ഈ ‘ സാധനത്തിന് ‘ ജീവനില്ലല്ലോ. ഇനി നമ്മെ തപ്പി അലഞ്ഞുതിരിഞ്ഞു നടക്കുന്നു വെങ്കിൽ ‘ നമുക്ക് ചുറ്റും’ തീയല്ലെ. ഞാൻ പറയുന്നതല്ല ചില മുഴുത്ത പാസ്റ്റർമാർ ‘പറയുന്നതാണ്. അപ്പോൾ പിന്നെ നമ്മുടെ സഭായോഗത്തിന് പാസ്റ്റർമാർ ഇവനെയും കൊണ്ടുവരുന്നതെന്തിനാണ്.
ഉപവാസപ്രാർത്ഥനകളിൽ ഒടുക്കത്തെ ഭത്സനമാണ്. സഭായോഗത്തിനും അങ്ങനെ തന്നെ. വേണ്ടി വന്നാൽ പരസ്യയോഗത്തിനും ഭത്സിക്കും. ഗ്രാഡ്വേഷനും സാത്താനെ ഓടിക്കും. ബെർത്ത് ഡേ പാർട്ടിക്കും വെഡിംഗ് ആനിവേഴ്സറിക്കും പിശാചിന് കിടക്കപ്പൊറുതിയില്ല.
നമ്മൾ പിശാചിനെ വിട്ടു. പിശാച് നമ്മളെ വിട്ട് ഓടിപ്പോവുകയും ചെയ്തു. തലയില്ലാതെ എവിടെയോ കിടക്കുന്ന ഈ പാവത്തെ വിളിച്ചുണർത്തി യോഗങ്ങളിൽ കൊണ്ട് വന്ന് ‘ ഭോ ‘ പിശാചേ എന്ന് ആട്ടുന്നത് ശരിയല്ല. ഒരു മര്യാദ വേണ്ടെ. ഈ ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരും അവന് വേണ്ടപ്പെട്ടവരല്ലേ. അവർ അവനെ കൊണ്ടു പൊയ്ക്കോട്ടെ. അവനെ കുറിച്ച് പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ ‘ പുള്ളിക്ക് ‘ വെയ്റ്റ് കൂടുകയാണെന്നാണ് സാത്താൻ ധരിക്കുന്നത്.
ഒരു കർതൃദാസൻ ദേശാധിപതികളെന്നും അന്ധകാര ശക്തികളെന്നും പേര് പറഞ്ഞ് ഭത്സിച്ച കൂട്ടത്തിൽ ‘ എല്ലാ ഗുണ്ട് മണികളെയും ‘ കൂടി ഭത്സിക്കുന്നു എന്ന് പറഞ്ഞായി കേട്ടിട്ടുണ്ട്. ശരിയാണോ എന്നറിയില്ല.




