-ദീപു ജോൺ കോർഡിനേറ്റർ, യുഎഇ
ഷാർജ: ഷാർജ സഫാരി സെപ്റ്റംബർ ഇരുപത്തിമൂന്നിന് സന്ദർശകർക്കായി തുറക്കും. കൂടുതൽ പക്ഷിമൃഗാദികളുമായിട്ടാണ് ഷാർജ സഫാരിയുടെ പുതിയ സീസൺ ആരംഭിക്കുന്നത്. നാൽപ്പത് ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ആഫ്രിക്കയ്ക്കുള്ള പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരിയാണ് വീണ്ടും സന്ദർശകരെ സ്വീകരിച്ച് തുടങ്ങുന്നത്. ഷാർജ സഫാരിയുടെ നാലാമത് സീസണിനാണ് അടുത്ത തിങ്കളാഴ്ച തുടക്കമാകുന്നത്.

120 ഇനങ്ങളിലായി അൻപതിനായിരത്തിലധികം മൃഗങ്ങളാണ് ഷാർജ സഫാരിയിൽ ഉള്ളത്. പുതിയ സീസണിൽ മുന്നൂറിലധികം പക്ഷിമൃഗാദികൾ കൂടി ഷാർജ സഫാരിയുടെ ഭാഗമായിട്ടുണ്ട്. ആഫ്രിക്കയിലെ വ്യത്യസ്ഥ മേഖലകൾക്ക് സമാനമായി പന്ത്രണ്ട് മേഖലകളിലായിട്ടാണ് ഷാർജ സഫാരി വ്യാപിച്ച് കിടക്കുന്നത്.

രാവിലെ എട്ടര മുതൽ ആറ് മണി വരെയാണ് പ്രവേശനം.ഗോൾഡ്, സിൽവർ,ബ്രോൺസ് എന്നി വിഭാഗങ്ങളിൽ വ്യത്യസ്ത നിരക്കാണ് പ്രവേശനത്തിന് ഈടാക്കുന്നത്. ബ്രോൺസ് വിഭാഗത്തിൽ കുട്ടികൾക്ക് പതിനഞ്ചും മുതിർന്നവർക്ക് നാൽപ്പതും ആണ് നിരക്ക്. സിൽവർ വിഭാഗത്തിൽ മുതിർന്നവർക്ക് 120 ദിർഹവും കുട്ടികൾക്കും അൻപത് ദിർഹവും ആണ് നിരക്ക് ഈടാക്കുന്നത്.

ഗോൾഡ് വിഭാഗത്തിൽ മുതിർന്നവർക്ക് 275 ദിർഹവും കുട്ടികൾക്ക് 120 ദിർഹം ആണ് നിരക്ക്.ഇത് കൂടാതെ സ്വകാര്യടൂർ പാക്കേജുകളും ലഭ്യമാണ്. ഇതിന് 2250 ദിർഹം മുതൽ 3500 ദിർഹം വരെയാണ് നിരക്ക്.കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നിരവധി പരിപാടികളും ഷാർജ സഫാരി ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്കായി ഭക്ഷണശാലകളും പാർക്കിൽ പ്രവർത്തിക്കുന്നുണ്ട്.





