ലക്നോ: തിങ്കളാഴ്ച ആഗ്ര-വാരാണസി വന്ദേ ഭാരത് എക്‌സ്പ്രസിന് പച്ചക്കൊടി കാണിക്കാനുള്ള മത്സരത്തിനിടെ ബി.ജെ.പിയുടെ ഇറ്റാവ എം.എല്‍.എ സരിതാ ബദൗരിയ റെയില്‍വേ ട്രാക്കില്‍ വീണു.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വൈകുന്നേരം ആറു മണിയോടെ ട്രെയിൻ തുണ്ട്ലയില്‍ എത്തിയപ്പോള്‍ തിരക്കേറിയ പ്ലാറ്റ്‌ഫോമിനിടയിലായിരുന്നു സംഭവം. 61കാരിയായ ബി.ജെ.പി എം.എല്‍.എ പച്ചക്കൊടി പിടിച്ച് ഒരു കൂട്ടം ആളുകളുടെ ഇടയില്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ട്രെയിനിന്‍റെ വെർച്വല്‍ ഉദ്ഘാടനം നിർവഹിച്ചതിനു പിന്നാലെ ആഗ്രയില്‍നിന്ന് റെയില്‍വേ മന്ത്രി രവ്‌നീത് സിങ് ബിട്ടു ഫ്ലാഗ് ഓഫ് ചെയ്തു. ഇറ്റാവ സ്റ്റേഷനില്‍ എത്തുന്നതിനു മുമ്ബ് ട്രെയിൻ തുണ്ട്ലയില്‍ നിർത്തി. സമാജ്‌വാദി പാർട്ടി എം.പി ജിതേന്ദ്ര ദൗവാരെ, മുൻ ബി.ജെ.പി എം.പി രാം ശങ്കർ, നിലവിലെ എം.എല്‍.എ സരിതാ ബദൗരിയ എന്നിവരുള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ ഫ്ലാഗ് ഓഫില്‍ പങ്കെടുക്കാൻ ഒത്തുകൂടിയതോടെ അവിടെ ബഹളവും തിക്കിത്തിരക്കും ഉണ്ടായതായി വിഡിയോ കാണിക്കുന്നു.




