സിലോൺ പെന്തക്കോസ്തു മിഷൻ മൂപ്പൻ ആക്രോശിച്ചു; ‘പോ , പിശാചേ’

കെ,എന്‍. റസ്സല്‍

സിലോൺ പെന്തക്കോസ്തു മിഷൻ മൂപ്പൻ (ഇന്ന് റ്റി.പി.എം) കട്ടക്കലിപ്പിലാണ്. അപ്പനെ ഫെയ്ത്തു ഹോമിലേക്ക് മൂപ്പൻ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയാണ്. ഈ സംഭവം 1959 ൽ ആകാനാണ് സാദ്ധ്യത. മൂപ്പന്റെ രൂക്ഷമായ നോട്ടത്തിങ്കൽ അപ്പൻ ഒന്ന് പതറി.

‘കുഞ്ഞിനെ എവിടെയാണ് കൊണ്ടുപോയത്’? മൂപ്പന്റെ കഠോര ചോദ്യത്തിന് മുമ്പിൽ അപ്പൻ ഒന്ന് പതറിയെങ്കിലും മറു പടി പറഞ്ഞു.
‘ആശുപത്രിയിൽ’

ഇത് കേട്ടമാത്രയിൽ സി.പി.എം മൂപ്പന്റെ ഇടി വെട്ടുന്നതു പോലെയുള്ള ആക്രോശമായിരുന്നു.
‘പോ പിശാചേ’.

മറുപടിക്ക് കാത്ത് നിൽക്കാതെ മൂപ്പൻ ഫെയ്ത്ത് ഹോമിലേക്ക് ഉൾവലിഞ്ഞു.

കുഞ്ഞിനെ എന്തിനാണ് ആശുപത്രിയിൽ കൊണ്ട് പോയതെന്ന് വിശദീകരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആര് കേൾക്കാനാണ് ഈ പരിവേദനങ്ങൾ. കുറച്ച് നേരം അവിടെ നിന്ന് വട്ടം കറങ്ങിയിട്ട് അപ്പൻ കുനിഞ്ഞ ശിരസ്സുമായി വീട്ടിലേക്ക് നടന്നു.

എനിക്ക് രണ്ട് വയസ്. വാഴയിലിരുന്ന് തേൻ നുകരുന്ന കുരുവിയെ നോക്കി നടന്ന് ചെന്ന് ചവിട്ടിയത് വാഴച്ചുവട്ടിൽ കിടന്നുറങ്ങിയ പട്ടിയെ. ചാടിയെഴുന്നേറ്റ പട്ടി എന്ന മറിച്ചിട്ട് കടിച്ചത് ഓർമ്മയുണ്ട്. കാലിൽ ഒരു കടി കിട്ടി. തലേ ദിവസങ്ങളിൽ ഒരു പേപ്പട്ടി അതുവഴി കറങ്ങി നടന്നതായും ആ നായ എന്നെ കടിച്ച നായെ കടിച്ചിരുന്നതായും അയൽവാസികൾ പറയുകയുണ്ടായി. അതിൻപ്രകാരമാണ് പേവിഷബാധ ഏറ്റവരെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് എന്നെ കൊണ്ടു പോയത്.

10 ദിവസത്തിനകം നായ ചാവുകയോ നാട് വിട്ട് പോവുകയോ ചെയ്താൽ മാത്രമേ പേവിഷബാധയെപറ്റി സംശയിക്കേണ്ടതുള്ളൂ എന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. പിന്നീട് ഡോക്ടർ പറഞ്ഞതുപോലെ യാതൊന്നും സംഭവിച്ചില്ല എന്നതിനാൽ ചികിത്സയും വേണ്ടി വന്നില്ല.

അപ്പനും അമ്മയും വിശ്വാസത്തിൽ വന്ന ആദ്യനാളുകളിലായിരുന്നു ഈ സംഭവം. സി.പി.എം മൂപ്പന്റെ പിശാച് എന്ന് സംബോധന ചെയ്ത കഥ അപ്പൻ മരിക്കുന്നതുവരെ സംസാരമധ്യേ ആവർത്തിക്കുമായിരുന്നു.

ആശുപത്രിയിൽ പോയാൽ തിരുവത്താഴം കൊടുക്കില്ലായിരുന്നു. കളർ വസ്ത്രം പാടില്ല, വെള്ള വസ്ത്രം ധരിക്കണം, മീശ പാടില്ല, സാത്താൻ പൊടി (പൗഡർ) പാടില്ല ഇതൊക്കെ പാപമായി പഠിപ്പിച്ചിരുന്ന കാലം. റേഡിയോയിലൂടെ ഒഴുകിവരുന്ന ചലച്ചിത്ര ഗാനങ്ങൾ കേട്ടാൽ അതും പാപം. വിശ്വാസത്തിന്റ ആധിക്യത്താൽ വെറ്റിലത്തോട്ടം വെട്ടി, അടയ്ക്കാ മരങ്ങളും വെട്ടി. വെറ്റില മുറുക്കും മദ്യപാനവും പുകവലിയും തിരികെ സഭയിൽ എത്തിയിട്ടില്ലെന്ന് തോന്നുന്നു. ചികിത്സ പാപമെന്ന് പറഞ്ഞ് വിശ്വാസികളെ വട്ടം കറക്കിയ സഭയുടെ വരുമാനം ഇന്ന് നഴ്സുമാരും ഡോക്ടർമാരും അധ്വാനിച്ചുണ്ടാക്കുന്ന പണമാണ്.

നാമ്പിട്ടുവന്ന അപ്പന്റെ രണ്ടു വർഷത്തെ വിശ്വാസത്തെ മൂപ്പൻ ചവിട്ടി പൊട്ടിച്ചു കളഞ്ഞു. താമസിയാതെ തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിലേക്ക് ഞങ്ങൾ കുടിയേറി. 1970 തുകളിൽ അണക്കര ഐ.പി.സി സഭയിൽ എത്തി വീണ്ടും പെന്തക്കോസ്ത് വിശ്വാസം തുടർന്നു.