മലയാള ദിനപ്പത്രങ്ങളും വിദേശ റിക്രൂട്ട്മെൻ്റ് ഏജൻസികളും ‘കൊലയാളികൾ’; അവർ കുട്ടികളെ വിദേശത്ത് എത്തിച്ച് കൊല്ലാക്കൊല ചെയ്യുന്നു

കേരളത്തിലെ മലയാളം ദിനപ്പത്രങ്ങൾ ചെയ്യുന്ന ദോഷം ചില്ലറയല്ല. വിദേശത്ത് പോകാനുള്ള ആഗ്രഹം പേറി നടക്കുന്ന ചെറുപ്പക്കാരാണ് നമ്മുടെ നാട്ടിലുള്ളവരിൽ ഏറെയും. കാരണം പഠനത്തിനനുസരിച്ചുള്ള ജോലി അവർക്ക് ഇവിടെ ലഭിക്കുന്നില്ല എന്നതാണ്. അതുകൊണ്ടാണ് പലരും പറമ്പും വീടും വിറ്റും ലോൺ എടുത്തും വിദേശ വാസമോഹവുമായി പഠനത്തിനെത്തുന്നത്. പഠിക്കാനാണ് പോകുന്നതെങ്കിലും തിരിച്ചുവരാതെ വിദേശങ്ങളിൽ സ്ഥിരവാസം ഉറപ്പിക്കാം എന്നതാണ് അവരുടെ ലക്ഷ്യം. ഇത് ഏറെക്കുറെ ശരിയുമാണ്.

കഴിഞ്ഞ 5 വർഷത്തിനിടെ വിദേശങ്ങളിൽ പഠനത്തിന് പോയി കുരുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളിൽ ഏറെയും യു.കെ യിലും കാനഡയിലുമാണ്. ജോലി ഇല്ല. തന്മൂലം ഭക്ഷണം ആവശ്യത്തിന് കഴിക്കാനില്ല. താമസിക്കാൻ വീടില്ല. അഡ്മിഷൻ എടുക്കാൻ ആദ്യ സെമസ്റ്ററുകളിലെ ഫീസ് മതിയാകും. പിന്നീടുള്ള സെമസ്റ്ററുകളിലെ ഫീസ് ഇവിടെ വന്ന് പഠനത്തോടൊപ്പം ജോലി ചെയ്തു അടയ്ക്കാം എന്ന ധാരണയിലാണ് എല്ലാവരും എത്തുന്നത്. പക്ഷേ 99 ശതമാനം കുട്ടികൾക്കും അതിന് സാധിക്കുന്നില്ല എന്നതാണ് സത്യം.

മോഹനവാഗ്ദാനങ്ങൾ നൽകി കുട്ടികളെ കയറ്റിവിടുന്നത് റിക്രൂട്ട്മെൻ്റ് ഏജൻസികളാണ്. ഇവരിൽ നിന്നും വൻ തുക കൈപ്പറ്റി ഇതിന് പ്രചരണം നൽകുന്നത് മലയാളം ദിനപ്പത്രങ്ങളാണ്. പഠിക്കാൻ പോകുന്ന കുട്ടികൾ സായിപ്പിൻ്റെ നാട്ടിൽ വന്ന് പട്ടിണി കിടക്കുന്ന കഥകളൊക്കെ ഈ കച്ചവടപ്പത്രങ്ങൾക്കറിയാം. പക്ഷേ എഴുതാറില്ല. എഴുതിയാൽ റിക്രൂട്ട്മെൻ്റ് ഏജൻസികൾ പൊളിയും. അതുവഴി പത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിരുന്ന വരുമാനം കുറയും. പരസ്യങ്ങൾ ഇടുന്നതിൽ തെറ്റുപറയാനാവില്ല.

പക്ഷേ പത്രങ്ങൾ തന്നെ നേരിട്ട് ‘ വിദേശ സെമിനാറുകൾ ‘ നടത്തിയാലോ. റിക്രൂട്ട്മെൻ്റ് ഏജൻസികൾക്ക് കുട്ടികളെ കിട്ടാനുള്ള ബോധവൽക്കരണം നടത്തുന്നത് പത്രങ്ങളാണ്. ഒരു സെമിനാറിൽ പങ്കെടുത്താൽ കുട്ടികളുടെ മതാപിതാക്കൾ പറമ്പ് വിറ്റ് വിദേശത്തേക്ക് വിടും. ജോലി കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. വരുമാനം ഇന്ത്യൻ കറൻസിയിൽ പെരുപ്പിച്ച് കാട്ടും. പിന്നങ്ങോട്ട് കല്യാണം , വീട്, കാർ എന്നിവയെ കുറിച്ചൊക്കെ പറഞ്ഞ് ആശിപ്പിക്കും.

നാട്ടിലെ പത്രങ്ങൾ രാജ്യത്ത് നടക്കുന്ന സകല തരികിടകളും കണ്ടെത്തി എഴുതുന്നവരാണ്. വർഗ്ഗീയതയ്ക്കതിരെ എഴുതാറുണ്ട്. മയക്ക് മരുന്ന് വ്യാപാരം, വ്യാജമദ്യ നിർമ്മാണം എന്നിവ കണ്ടെത്തി എഴുതുന്നത് പത്രങ്ങളാണ്. കഞ്ചാവ് കൃഷി ഇന്ന സ്ഥലത്ത് നടക്കുന്നു എന്ന് പത്രങ്ങൾ കണ്ടെത്തി എഴുതുന്നത് മൂലം പോലീസിനും എക്സൈസിനും ഫലപ്രദമായി ഇടപെടാനാവുന്നു. അഴിമതിക്കെതിരെയുള്ള പത്രങ്ങളുടെ പ്രതികരണങ്ങൾ നാടിനുണ്ടാക്കുന്ന നേട്ടങ്ങൾ ചില്ലറയല്ല. സ്ഥാപനങ്ങളുടെ നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വെളിച്ചത്ത് കൊണ്ടു വരുന്നതും പത്രങ്ങളാണ്. അടിമതി നടത്തുന്നവർ മന്ത്രിമാരാണെങ്കിൽ പോലും അവരെ പത്രങ്ങൾ വിടാറില്ല. നാടിനെ നന്മയിലേക്ക് നയിക്കാനും അഴിമതിയില്ലാതാക്കാനും സർക്കാരിനെ നേർവഴി കാണിക്കാനും ഫോർത്ത് എസ്റ്റേറ്റ് ആയ മാധ്യമങ്ങൾ അനിവാര്യമാണ്. മാധ്യമങ്ങൾ ഇല്ലാത്ത രാജ്യം ഭരണ കർത്താക്കൾ തന്നെ കുട്ടിച്ചോറാക്കും.

ഇത്രമാത്രം നാടിന് നന്മ ചെയ്യുന്ന മാധ്യമങ്ങൾ വിദേശത്തേക്ക് കുട്ടികളെ കള്ളം പറഞ്ഞ് കയറ്റി വിടുന്ന റിക്രൂട്ടുമെൻ്റ് ഏജൻസികൾക്കായി കുഴലൂത്ത് നടത്തുന്നത് പരിഹാസ്യമാണ്. പരസ്യം ഇട്ടോളൂ. ഏത് പരസ്യത്തിൻ്റെയും വിശ്വാസ്യതയെ ഉറപ്പിക്കാൻ പത്രങ്ങൾക്കാവില്ല. പക്ഷേ അവർക്ക് വേണ്ടി പിള്ളേരെ വിളിച്ച്കൂട്ടി സെമിനാർ നടത്തിയും വിദേശത്ത് കിട്ടുന്ന ‘ സ്വർഗ്ഗീയാനുഗ്രഹങ്ങളെ ‘ കുറിച്ച് അവരെ പറഞ്ഞ് ആവേശം കൊള്ളിച്ചും നടത്തിയ പരിപാടികളാണ് കുട്ടികൾക്ക് വിനയായി ഭവിച്ചത്. അവരെ ആവേശത്തിലാക്കിയത് പത്രങ്ങൾ തന്നെയാണ്. ഈ കുറിപ്പെഴുതുമ്പോൾ ഇന്ന് ലണ്ടനിലെ ഈസ്റ്റ് ഹാമിൽ ഒരു ക്ഷേത്രമുറ്റത്ത് സ്റ്റുഡൻ്റ് വിസയിൽ എത്തിയവർക്ക് സൗജന്യ ഭക്ഷണം തൽകുന്ന കാഴ്ചയാണ് കാണുന്നത്. വിദേശ യൂണിവേഴ്സിറ്റികൾ ഇന്ത്യൻ കറൻസികൾ കൊള്ളയടിച്ച് കൊണ്ടുപോയത് അനേക കോടികൾ.

വന്നവരിൽ 90 ശതമാനം കുട്ടികൾക്കും ജോലിയില്ല. വീടില്ല. ഭക്ഷണത്തിന് പോലും അവർ നെട്ടോട്ടമോടുകയാണ്. അസുഖം വന്നാൽ ഉടൻ ഒരു ചികിത്സ ഇവിടെ ലഭ്യമല്ല. ഉള്ളതുകൊണ്ട് നാട്ടിൽ ഓണം പോലെ കഴിഞ്ഞിരുന്ന കുട്ടികളാണിവർ. ഇവിടെ തുടർന്ന് കഴിയാമോ എന്ന ആശങ്കയിൽ ദുഃഖം പേറി കഴിയുകയാണ് ഓരോ കുട്ടികളും. നാളെ എന്താകും എന്നോർത്ത് നീറുകയാണ് ഓരോരുത്തരും. കുട്ടികളെ കുറ്റം പറയാനാവില്ല. ഏതൊരാളും കാണുന്നതുപോലെയുള്ള ജീവിതസ്വപ്നങ്ങൾ അവരും കണ്ടു. അത്രമാത്രം. പത്രങ്ങൾ നടത്തിക്കൊണ്ടിരുന്ന സെമിനാറുകളിൾ നുണ പ്രസംഗിച്ചതാണ് ഇവർക്ക് വിനയായി ഭവിച്ചത്. സത്യം മറച്ച് വച്ച് എഴുതിയതും ഇവർക്ക് ദോഷം ചെയ്തു. റിക്രൂട്ട്മെൻ്റ് ഏജൻസികൾ കഴിഞ്ഞ 5 വർഷത്തിനിടെ വാരി കൂട്ടിയ കമ്മീഷനുകൾക്ക് കയ്യും കണക്കുമില്ല. അതുവഴി പത്രങ്ങൾക്കും കിട്ടി കോടികൾ. പെരുവഴിയിലായത് നമ്മുടെ അഭ്യസ്തവിദ്യരായ കുട്ടികളും.