ആറ്റിങ്ങൽ: മലയാള ക്രൈസ്തവ സംഗീത ലോകത്തെ സുപ്രസിദ്ധ ഫ്ലൂട്ടിസ്റ്റ് ബ്രദർ ജിജിൻ രാജ് എഫ്രയിം (36) ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ക്രിസ്തീയ ആരാധനാ വേദികളെ പുല്ലാങ്കുഴൽനാദം കൊണ്ട് ആത്മനിർവൃതിയണിയിച്ച അനുഗൃഹീത കലാകാരനായിരുന്നു. കർത്താവിനു വേണ്ടി മാത്രം പാടിയ ആ നാദം ഇനി സ്വർഗീയ പറുദീസയിൽ ദൂതസംഘത്തോടൊപ്പം ആരാധന അർപ്പിക്കും.
10 ന് (നാളെ) ഉച്ചയോടുകൂടെ ഭൗതിക ശരീരം ആറ്റിങ്ങലിൽ ഭവനത്തിൽ കൊണ്ടുവരും. ഐപിസി ആറ്റിങ്ങൽ സെൻ്റർ ചർച്ചിൽ (തോന്നയ്ക്കൽ) വൈകിട്ട് 4 മണി മുതൽ രാത്രി 11 മണി വരെ പൊതുദർശനം ഉണ്ടായിരിക്കും. അതിനുശേഷം എറണാകുളത്തേക്ക് കൊണ്ടു പോകും. സംസ്കാരം 11 ന് ബുധനാഴ്ച രാവിലെ 7 മണിക്ക് കൊച്ചി കളമശ്ശേരി ആശിഷ് കൺവൻഷൻ സെന്ററിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കു ശേഷം ഉച്ചകഴിഞ്ഞ് 2 മണിക്ക് ഗ്രേസ് ഫമിലി ചർച്ച് സെമിത്തേരിയിൽ.

തിരുവനന്തപുരം ആറ്റിങ്ങൽ കുന്നുവിള മംഗലപുരം എൽജെ ഭവനിൽ ജയിൻ രാജ് (തമ്പി) – ലീല ജയിൻ രാജ് ദമ്പതികളുടെ മകനാണ്. സിഎസ് ഐ കുടുംബത്തിൽ നിന്ന് ഒറ്റയ്ക്ക് രക്ഷിക്കപ്പെട്ട് പാസ്റ്റർ സാമുവേൽ വിൽസന്റെ ചർച്ചിൽ സ്നാനപ്പെട്ടു.
ചെറുപ്പം മുതൽ ഫ്ലൂട്ട് വായനയിൽ നിപുണനായിരുന്നു. കെ.എസ്. ചിത്ര, യേശുദാസ് തുടങ്ങിയ എല്ലാ പ്രസിദ്ധ പാട്ടുകാരുടെയും കൂടെ പിന്നണിയിൽ ഉണ്ടായിരുന്നു. കർത്താവിനെ അറിഞ്ഞു കഴിഞ്ഞ് എല്ലാം വേണ്ടെന്നുവച്ച് യേശുവിന് വേണ്ടി മാത്രം തന്റെ കഴിവുകൾ പ്രയോജനപ്പെടുത്തും എന്ന് തിരുമാനിച്ചു. ഗ്രേസ് ഫാമിലി ചർച്ചിൽ പാസ്റ്റർ റ്റിജൊ തോമസിൻ്റെ കൂടെ ശുശ്രൂഷയിൽ ആയിരുന്നു.
ഭാര്യ ബ്ലസി – തിരുവല്ല സ്വദേശിയാണ്. ബ്ലസിയുടെ കുടുംബം യുഎഇ അജ്മനിൽ സെറ്റിൽഡാണ്. സഹോദരി:ലേഖ അരുൺ.
വാർത്ത: ദീപു ജോൺ




