ജക്കാര്‍ത്തയിലെ മോസ്ക് സന്ദര്‍ശിച്ചതില്‍ പ്രകോപിതരായി; മാര്‍പാപ്പയെ വധിക്കാൻ പദ്ധതിയിട്ടു; ഏഴ് ഐഎസ് ഭീകരര്‍ പിടിയില്‍

ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട ഏഴ് ഐഎസ് ഭീകരർ പിടിയില്‍. ഇന്തോനേഷ്യയില്‍ സന്ദർശനം നടത്തുന്നതിനിടെ മാർപാപ്പയെ വധിക്കാനായിരുന്നു പദ്ധതിയെന്ന് ഇന്തോനേഷ്യയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ഡിറ്റാച്ച്‌മെൻ്റ്-88ന്റെ പ്രസ്താവനയില്‍ പറയുന്നു.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവിധയിടങ്ങളില്‍ നിന്ന് ഭീകരരെ അറസ്റ്റ് ചെയ്തത്. ജക്കാർത്ത, ബൊഗോർ, ബെകാസി, വെസ്റ്റ് സുമാത്ര പ്രവിശ്യ, ബങ്ക ബെലിറ്റംഗ് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. 2019-ല്‍ ഇന്തോനേഷ്യയുടെ മുൻ ചീഫ് സെക്യൂരിറ്റി മന്ത്രി വിറാൻ്റോയെ അക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലാവരില്‍ ഒരാള്‍.

ജക്കാർത്തയിലെ ഇസ്തിഖ്ലാല്‍ മോസ്കില്‍ സന്ദർശനം നടത്തിയതില്‍ പ്രകോപിതരായാണ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മാർപാപ്പയുടെ സന്ദർശന സമയത്ത്, ഇസ്ലാമിക് പ്രാർത്ഥനയ്‌ക്ക് ആഹ്വാനം ചെയ്യുന്ന അറിയിപ്പുകളും മറ്റും സംപ്രേക്ഷണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ടിവി സ്റ്റേഷനുകളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതും ഇവരെ ചൊടിപ്പിച്ചതായാണ് വിവരം.