പാസ്റ്ററുടെ കുടവയറിലൂടെ നീണ്ടു കിടന്ന സ്വർണ്ണ പിണ്ടി മാല കണ്ട് ഞാൻ ഞെട്ടി

മുറിയിൽ നിന്നും ഇറങ്ങി വന്ന സുവിശേഷ പ്രഭാഷകനെ കണ്ട് ഞാൻ അന്തം വിട്ടുപോയി. വെളുത്ത് തടിച്ച ഒരു വലിയ മനുഷ്യൻ. ഷർട്ട് ഇട്ടിരുന്നില്ല. വലിയ കുടവയർ. കുടവയർ കവർചെയ്ത് പൊക്കിളിന് താഴെ വരെ എത്തിനിൽക്കുന്ന വലിയൊരു സ്വർണ്ണ പിണ്ടിമാല തുങ്ങിക്കിടക്കുന്നു. എൻ്റെ നോട്ടം ഇടത്തോട്ടൊ വലത്തോട്ടൊ അല്ല ആ മാലയിൽ തന്നെയായിരുന്നു.

പുറ്റടി ഏ.ജി സഭയ്ക്ക് വസ്തുവാങ്ങുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാനായി ഞാനും എൻ്റെ പിതാവും പാസ്റ്റർ പി.ഡി. ജോൺസനെ നേരിൽ കാണാൻ ചെന്നതാണ് രംഗം. തിരുവനന്തപുരം -പ്ലാമൂട് ഇവാഞ്ചലിസ്റ്റിക് സെൻ്ററിനോട് ചേർന്നിരിക്കുന്ന ‘സൺ ബീം’ എന്ന വീട്ടിലാണ് പാസ്റ്റർ പി.ഡി.താമസിക്കുന്നത്. താരതമ്യേന ഒരു ചെറിയ വീടാണത്. ഇത് സഭയുടേതാണോ അതോ അദ്ദേഹത്തിൻ്റെ സ്വന്തമാണോ എന്ന് എനിക്ക് അന്നും ഇന്നും അറിഞ്ഞു കൂട. 80 കളിലാണ് ഈ സംഭവം. വർഷം കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും നടന്ന വസ്തുതകൾ കൃത്യമായി ഓർമ്മയിലുണ്ട്. പി.ഡി. ജോൺസൺ അന്ന് ഏ ജി സൗത്ത് വെസ്റ്റ് ഡിട്രിക്ടിൻ്റെ സൂപ്രണ്ടാണ്. അന്ന് സതേൺ, മലയാളം, മലബാർ ഡിസ്ട്രിക് ടുകൾ വേർപിരിഞ്ഞിരുന്നില്ല.

എൻ്റെ നോട്ടം വീടിൻ്റെ ഇടത്തേ മുറിയിൽ നിന്നും ഇറങ്ങി വന്ന ഈ അന്തർ ദേശീയ രോഗശാന്തിവര പ്രാപ്തൻ്റെ വയറിലേക്കായിരുന്നു. പുത്തരിക്കണ്ടം മൈതാനത്തു നടന്നു കൊണ്ടിരിക്കുന്ന ക്രൂസേഡിൽ പ്രസംഗിക്കാൻ വന്നതാണ് ഈ ശ്രീലങ്കക്കാരനായ പാസ്റ്റർ. എൻ്റെ അതിശയമാർന്ന നോട്ടത്തിങ്കൽ പി.ഡി.ക്ക് കാര്യം പിടി കിട്ടി. ഞങ്ങളിൽ നിന്നും ചോദ്യമൊന്നും ഉതിർന്നില്ല. പക്ഷേ പി.ഡി ആരോടെന്നില്ലാതെ പറഞ്ഞു . ‘ കേരളത്തിന് വെളിയിലും ഇന്ത്യയ്ക്ക് വെളിയിലും പെന്തക്കോസ്തുകാർ ആഭരണം ധരിക്കും. ‘

എൻ്റെ സഹപാഠി കൊച്ചറ പോൾ ഗോപാലകൃഷ്ണൻ്റെ ജ്യേഷ്ഠൻ സുകുമാരൻ്റെ 17 സെൻ്റ് സ്ഥലമാണ് വാക്കു പറഞ്ഞുറപ്പിച്ചിരിക്കുന്നത്. വില 5000 രൂപ. 250 രൂപാ അഡ്വാൻസ് കൊടുക്കണം. കാലാവധി ഒരു മാസം. 250 രൂപാ അഡ്വാൻസ് കൊടുക്കാൻ ഞാൻ പെട്ട പാട് ഇവിടെ വിശദീകരിക്കുന്നില്ല. ആത്മപ്രശംസയായാലോ എന്നോർത്തു അതു വിടുന്നു.

വരപ്രാപ്തൻ പാസ്റ്ററുടെ വയറ്റിലൂടെ തൂങ്ങിക്കിടക്കുന്ന വലിയ സ്വർണ്ണ പിണ്ടി മാല എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ചിന്ത കാട് കയറി എവിടേയ്ക്കൊക്കെയോ പാഞ്ഞു. വീട്ടിൽ മടങ്ങിയെത്തിയിട്ടും സ്വർണ്ണ പിണ്ടിമാല എന്നെ നോക്കി പരിഹസിച്ച് ഇളിക്കുകയാണെന്ന തോന്നൽ. പെന്തക്കോസ്തു കാർക്ക് ഓരോ രാജ്യത്തും ഓരോ നിയമമാണോ? സ്വർണ്ണം ഇട്ടാൽ സ്വർഗ്ഗത്തിൽ പോകുമോ ? പുതിയനിയമം ആഭരണ വർജ്ജനത്തെകുറിച്ച് എന്ത് പറയുന്നു ? സ്വർണ്ണം ധരിക്കാൻ പാടില്ലെന്ന് സഭ നിഷ്കർഷിക്കുകയും ചെയ്യുന്നു. പിന്നെ പലരോടും ഈ വിഷയം ഞാൻ സംസാരിച്ചുതുടങ്ങി. ആർക്കും തന്നെ വ്യക്തമായ ഒരു മറുപടി തരാൻ ആകുന്നുമില്ല. പക്ഷേ വലിയൊരു കൂട്ടം വിശ്വാസികളും പാസ്റ്റർമാരും പുതിയ നിയമസഭയിൽ ആഭരണ വർജനത്തെ പറ്റി വ്യക്തമായ സൂചന ഇല്ലെന്നു പറയുകയും ചെയ്യുന്നു.

ഈ സംശയങ്ങളുമായി നടക്കുന്ന കാലത്താണ് 1982-ൽ ഡോ. ജോൺ താന്നിക്കൽ നേതൃത്വം നൽകുന്ന നവജീവാശ്രമത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ ബ്രാഞ്ചായിട്ടാണ് കുമളിയിൽ ആശ്രമം ആരംഭിക്കുന്നത്. പോസ്റ്റ്, മാനേജർ. ശംബളം 500 രൂപ. ആശ്രമത്തിന് നാലു മുറികൾ ഉണ്ടായിരുന്നു. ഒപ്പം ഒരു ഹാളും. ഈ ഹാൾ വാടക വാങ്ങാതെ മീറ്റിംഗുകൾക്ക് സൗജന്യമായി കൊടുക്കാൻ താന്നിക്കൽ സാർ അനുവാദം തന്നിരുന്നു. അതിൻ പ്രകാരം ഏ.ജി. കമ്പം (തമിഴ്) സെക്ഷൻ മാസയോഗം ആശ്രമത്തിൽ വച്ച് നടത്താൻ തീരുമാനമായി. മുരുക്കടിയിലെ പാസ്റ്റർ ഡി. ബാലയ്യ ആയിരുന്നു അതിന് നേതൃത്വം നൽകിയത്. അന്ന് എൻ്റെ കൂടെ പാട്ടുപാടി തബലവായിക്കുന്ന വെളുത്ത് മെലിഞ്ഞ ഒരു ജോൺസൺ ഉണ്ടായിരുന്നു. കൊറോണ കാലത്ത് അദ്ദേഹം നിത്യതയിലേക്ക് ചേർക്കപ്പെട്ടു എന്ന് ഞാനറിഞ്ഞു. വീട്ടിൽ നിന്നിറങ്ങാൻ പറ്റാത്ത അവസ്ഥ ആയിരുന്നല്ലോ അന്ന്.

മാസയോഗ ദിവസം കമ്പം, ഗൂഡലൂർ, ലോവർ ക്യാമ്പ്, ഉത്തമ പാളയം എന്നീ തമിഴ്നാട്ടിലെ സഭകളിലെ വിശ്വാസികൾ എത്തിതുടങ്ങി. കൂടെ കേരളത്തിലെ തമിഴ് സഭകളായ മുരുക്കടി , വണ്ടിപ്പെരിയാർ, അരണക്കൽ, തുടങ്ങിയ സഭകളിലെ വിശ്വാസികളും ഉണ്ടായിരുന്നു. എല്ലാവരും കയ്യിൽ പൊതിച്ചോറുമായിട്ടാണ് വന്നത്. യോഗം കഴിഞ്ഞ് എല്ലാവരും ഹാളിനകത്തും പുറത്ത് മരച്ചുവടുകളിലുമിരുന്ന് ഭക്ഷണം കഴിഞ്ഞാണ് പിരിഞ്ഞത്.

മസയോഗത്തിനായി കുമളി പോലീസ് സ്റ്റേഷൻ്റെ പിറകിലത്തെ കുന്ന് കയറിവരുകയാണ് വിശ്വാസികൾ. വരുന്നവരെല്ലാവരും ആഭരണധാരികൾ !!! ലഘുവായ രീതിയിൽ കമ്മലും മാലകളും അവിടെ വന്ന എല്ലാവരും ‘ ധരിച്ചിരുന്നു. ഇവരുടെ ആരാധന കാണാൻ ഞാനും ജോൺസണും കണ്ണുമിഴിച്ച് പുറത്തുനിന്ന് ജനൽ വഴി അകത്തേക്ക്. നോക്കി. ആ പാവം ജനതയുടെ ആത്മനിറവിലുള്ള ആരാധന ഒരു പ്രകമ്പനമായി മാറി. എല്ലാം മറന്നവർ നൃത്തം ചെയ്താരാധിച്ചു. മധുരയിൽ നിന്നും വന്ന കപ്പടാമീശക്കാരൻ പാസ്റ്റർ സി.സക്കറിയ ആയിരുന്നു പ്രസംഗകൻ.

ജോൺസണ് വലിയ ഭാവ വ്യതാസമൊന്നു മുണ്ടായില്ല. പുനലൂർ ബെഥേലിൽ പഠിച്ച അദ്ദേഹത്തിന് ഏ.ജി യെ പറ്റി നല്ല ബോധ്യമുണ്ടായിരുന്നു. കാരണം തെങ്കാശിയും ചെങ്കോട്ടയും അവിടുത്തെ ഏ.ജി.വിശ്വാസികളെയും സ്ഥാപനങ്ങളെയും പ്പറ്റിയും നല്ല ബോദ്ധ്യം ഉണ്ടായിരുന്നു. കൂടാതെ ധാരാളം തമിഴ് വിശ്വാസികൾ പുനലൂരുമുണ്ടല്ലോ?

തുടർന്നുള്ള പഠനങ്ങളിൽ ഒരു കാര്യം ബോദ്ധ്യപ്പെട്ടു. പെന്തക്കോസ്തിലെ ആദ്യകാല പ്രവർത്തകർ ആചാരത്തെ ഉപദേശമാക്കി സഭയിൽ കടത്തിവിടുകയായിരുന്നു. എന്നാൽ ആ ഭരണം ധരിക്കാതിരിക്കുന്നതാണ് നല്ലത് എന്ന സാമൂഹ്യ കാഴ്ചപ്പാട് അഭിലഷണീയമാണ് താനും..