ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തി

ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തി. ഇസ്രായേല്‍ പ്രതിരോധസേനയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം പുറത്തുവിട്ടത്.

ഹെർഷ് ഗോള്‍ഡ്ബെർ പോളിൻ-23, എദൻ യെരുഷ്ലാമി-24, ഒറി ഡാമിനോ-25, അലക്സ് ലുബ്നോവ്-32, അല്‍മോഗ് സാരുസി-25, കാർമെല്‍ ഗാറ്റ്-40 എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചത്.

ബന്ദികളില്‍ കാർമെല്‍ ഗാറ്റ് ഒഴികെ മറ്റുള്ളവരെയെല്ലാം ഒക്ടോബർ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവെല്ലിനിടെയാണ് ഹമാസ് തടവിലാക്കിയത്. റഫയിലെ അണ്ടർ ഗ്രൗണ്ട് തുരങ്കത്തില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടോ മൂന്ന് ദിവസം മുമ്ബ് തന്നെ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍.

ഹമാസുമായി ഇസ്രയേല്‍ കരാറിലെത്തിയിരുന്നുവെങ്കില്‍ ആറ് ബന്ദികളും ഇന്നും ജീവനോടയുണ്ടാവുമായിരുന്നുവെന്ന് ഇവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ബന്ദികള്‍ മരിച്ച വിവരം ഇന്ന് രാവിലെയാണ് അറിഞ്ഞതെന്നും അവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

അതേസമയം, ജെനിൻ പട്ടണത്തില്‍ ഇസ്രയേല്‍ ഉപരോധം കാരണം ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇന്റർനെറ്റ് സൗകര്യമോ ലഭിക്കാതെ കടുത്ത പ്രതിസന്ധിയുണ്ട്. ഗാസയില്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 40,691 ആയി. 94,060 പേർക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്.