കത്തോലിക്കരായ സഹോദരന്മാർ അന്യഭാഷ പറഞ്ഞ് എൻ്റെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചു; ആ ഭാഷ ഏതായിരുന്നു?

ഞാൻ എറണാകുളം മെഡിക്കൽ സെൻ്ററിൽ അഡ്മിറ്റാണ്. എൻ്റെ മൂക്കിലൂടെ ഉദരത്തിലേക്ക് ഇറക്കി വച്ചിരിക്കുന്ന പൈപ്പിൻ്റെ അഗ്രത്ത് ഒരു ചോർപ്പുണ്ട്. ആ ചോർപ്പിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം ഭാര്യ ഓമന. ഒഴിച്ചു തരും. 2003 സെപ്റ്റംബറിലാണ് എന്നെ മരണത്തിലേക്ക് നയിക്കാമായിരുന്ന സ്ട്രോക്കിന് ഞാൻ വിധേയനാകുന്നത്. ബ്രെയിൻ സ്റ്റെം സ്ട്രോക്ക് എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഒരു ഞായറാഴ്ച രാവിലെ ആരാധനയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങി. ബൈക്ക് എടുക്കാൻ നോക്കിയിട്ട് സാധിച്ചില്ല. കൈകളിൽ താങ്ങി നിർത്താനാവാതെ കൈകൾ ബലഹീനമായതുപോലൊരു തോന്നൽ. കണ്ണകളിൽ ഇരുട്ട്. കാണുന്നതെല്ലാറ്റിനും ഒരു അവ്യക്തത . അതുകൊണ്ട് വീട്ടിൽ നിന്നും കാലടി ബസ് സ്റ്റാൻഡിലേക്ക് നടക്കാൻ തുടങ്ങി. കാലടി യൂണിവേഴ്സിറ്റിയുടെ മതിലിനോട് അടുത്തിരിക്കുന്ന വീട്ടിൽ നിന്നും സ്റ്റാൻ്റിലെത്താൻ 200 മീറ്ററെ ഉള്ളു. പകുതി നടന്നപ്പോൾ എനിക്ക് നടക്കാനാവാതെ വന്നു. ശരീരം കുഴത്തു.

ആളുകൾ നോക്കി നിൽക്കെ റോഡിൽ ഞാൻ ഇരുന്നു. ഉമിനീർ വറ്റി. തൊണ്ടവരളുകയും തൊണ്ട അടഞ്ഞു പോവുകയും ചെയ്തു. ഉള്ള ഉമിനീർ ഇറക്കാനാവുന്നില്ല. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല. നിമിഷ നേരം കൊണ്ട് പ്ലസ് 2 വിദ്യാർത്ഥിയായിരുന്ന മകനും ഓമനയും ഓടിക്കൂടിയവരും ചേർന്ന് അങ്കമാലി കെ.ജെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

പ്രഷർ കൂടിയിരുന്നതിനാൽ അതിനുള്ള ചികിത്സ ലഭിച്ചതുകൊണ്ട് താമസിയാതെ നോർമൽ ആയി. തലയുടെ പുറകിൽ അനുഭവപ്പെട്ട കലശലായ വേദന വന്നും പോയും നിന്നു. വീട്ടിൽ പോകാമെന്ന് കരുതിയെങ്കിലും അന്നൊരു ദിവസത്തേക്ക് കിടക്കാൻ ഡോക്ടർ നിർദ്ദേശിച്ചതു കൊണ്ട് അഡ്മിറ്റായി. 24 മണിക്കൂർ തികയുന്നതിന് മുമ്പ് വീണ്ടും പഴയതുപോലെ ശരീരം ആകെ താറുമാറായി. മൈഗ്രെയ്ൻ എന്ന് പറഞ്ഞ് ചികിത്സ തുടങ്ങിയ ഡോ. ഡോർഫി വിധിച്ചു മൈഗ്രെയ്ൻ അല്ല സ്ട്രോക്കാണ്.

പെട്ടെന്ന് ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ കാണിച്ചെങ്കിലും അവിടെ അഡ്മിറ്റാകാതെ എറണാകുളത്തേക്ക് പാഞ്ഞു. അങ്കമാലി ഏ.ജി സഭാംഗവും പഴവർഗ്ഗ വ്യാപാരിയുമായ തമ്പി കാറുമായി വന്ന് നിമിഷ നേരം കൊണ്ട് എറണാകുളം മെഡിക്കൽ സെൻ്ററിൽ എത്തിച്ചത് നന്ദിയോടെ ഓർക്കുന്നു.

രണ്ട് ദിവസം കഴിഞ്ഞ് ഐ.സി.യു വിൽ നിന്നും മുറിയിലേക്ക് മാറ്റി, ആശുപത്രി അധികൃതർ കതകിൽ ബോർഡും തൂക്കി ‘ Visitors are not allowed ‘. 27 ദിവസം ഒരേ കിടപ്പ് . തൊണ്ട അടഞ്ഞ് തന്നെ ഇരുന്നു. ഒരു തുള്ളി വെള്ളം ഇറങ്ങില്ല. ഭക്ഷണം എല്ലാം ട്യൂബ് വഴി.

2003 മാർച്ചിൽ ഞാൻ തന്നെ നേരിട്ട് കോട്ടയം രജിസ്ട്രാർ ഓഫീസിൽ പോയി പേപ്പറുകൾ സബ്മിറ്റ് ചെയ്ത് രജിസ്റ്റർ ചെയ്ത പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) യുടെ ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ. ഉപാദ്ധ്യക്ഷന്മാരായിരുന്ന തോമസ് വടക്കേകൂറ്റിൻ്റേയും വി.എം മാത്യുസാറിൻ്റെയും സാന്നിദ്ധ്യം മിക്കപ്പോഴും ആശുപത്രിയിൽ ഉണ്ടായിരുന്നു.

27 ദിവസത്തെ ആശുപത്രിവാസത്തിനിടയിൽ ഏതോ ഒരു ദിവസമാണ് മുണ്ടക്കയത്ത് ഓമന പഠിപ്പിച്ചിരുന്ന സെൻ്റ് ജോസഫ്സ് സ്കൂളിലെ അദ്ധ്യാപികമാരുടെ ഭർത്താക്കന്മാരടങ്ങുന്ന ഒരു സംഘം എന്നെ കാണാൻ എത്തിയത്. എല്ലാവരും കരിസ്മാറ്റിക്കുകാർ. ടീം ലീഡർ പേളി റ്റീച്ചറിൻ്റെ ഭർത്താവ് ഫിലിപ്പ്. സംസാരിച്ചിറങ്ങാൻ തുടങ്ങവേ അവർ എട്ട് പേർ എനിക്കായി പ്രാർത്ഥിക്കാൻ എൻ്റെ അടുത്തേക്ക് വന്നു. അവർ എന്നെ ചേർത്തു പിടിച്ചു. എൻ്റെ തലയിൽ കൈകൾ വച്ചു. അവർ പ്രാർത്ഥന തുടങ്ങി. പ്രാർത്ഥന ഉച്ചത്തിൽ ആയി. അവർ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. പെന്തക്കോസ്തു ആരാധനയിൽ മുഴങ്ങി കേൾക്കുന്നതിൽ നിന്നും വ്യത്യസ്ഥമായ ഭാഷകൾ അവർ ഉരുവിട്ട് കൊണ്ടിരുന്നു. ഞാൻ ആശ്ചര്യത്തോടെ കേട്ടിരുന്നു .

എന്നെ കെട്ടിപിടിച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ചപ്പോൾ ആ പ്രാർഥനയിൽ ഞാനും ലയിച്ചുചേർന്നു. അവർ സംസാരിച്ച അന്യഭാഷയിൽ ആവർത്തനം ഇല്ലായിരുന്നു. വീണ്ടും വീണ്ടും പുതുവാക്കുകളാണ് അവരുടെ നാവിൽ നിന്നും വമിച്ചു കൊണ്ടിരുന്നത്. എൻ്റെ ജീവനു വേണ്ടിയാണ് അവർ കെഞ്ചി പ്രാർത്ഥിച്ചത്. ഇവിടെ ഞാനും അവരും നിസ്സഹായരായിരുന്നു. ഒറ്റ ആഗ്രഹമേ ഉള്ളു. ഞാൻ രക്ഷപ്പെടണം. ‘ഇശോയെ’ എന്നുള്ള അവരുടെ വിളി ഉള്ളുരുകിയായിരുന്നു.

ശരീരം ബലഹീനമല്ലാതിരുന്നതുകൊണ്ട് 27-ാം ദിവസം ഡിസ്ചാർജ് ചെയ്തു. മൂക്കിലൂടെ വയറ്റിലേക്കിട്ടിരുന്ന ട്യൂബുമായി ഞാൻ വീട്ടിലെത്തി. 54-ാം ദിവസം ഞാൻ വെള്ളം കുടിച്ചു. ഭക്ഷണം കഴിച്ചു. ട്യൂബ് മാറ്റി. അതും മറ്റൊരു പ്രാർത്ഥനയുടെ ഫലമായിരുന്നു. അത് പിന്നെ പറയാം….

പറഞ്ഞു വന്നത് എൻ്റെ രോഗസൗഖ്യത്തിനായി എൻ്റെ ചുറ്റും കൂടി നിന്ന് എനിക്കായി പ്രാർത്ഥിച്ച കത്തോലിക്കാ -കരിസ്മാറ്റിക് വിശ്വാസികളായ സഹോദരന്മാരുടെ അന്യഭാഷാഭാഷണത്തെ പറ്റിയാണ്. ഒരുവനിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു എന്നതിൻ്റെ പ്രത്യക്ഷ അടയാളമാണല്ലോ അന്യഭാഷാഭാഷണം. അത് ലഭിക്കണമെങ്കിൽ നമ്മുടെ ജീവിതത്തിൽ നാം പാലിക്കേണ്ട ചില ബൈബിൾ ഉപദേശങ്ങളുണ്ട്. അതിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ ഞാൻ പറയട്ടെ എനിക്കായി പ്രാർത്ഥിച്ചപ്പോൾ അവർ സംസാരിച്ചത് ഒരു ഭാഷ തന്നെയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.