കുടവയറും കൊളസ്ട്രോളും കുറയാൻ

ഉപവാസയജ്ഞങ്ങൾക്ക് ഇന്നും കുറവൊന്നുമില്ല. 3 , 7, ദിവസങ്ങളാണ് മുമ്പ് നടന്നു കൊണ്ടിരുന്ന ഉപവാസ പ്രാർത്ഥനകളുടെ പരമാവധി കാലദൈർഘ്യം. പിന്നെ അതു 21 ആയി. അതുകഴിഞ്ഞ് 40 ദിവസ ഉപവാസ പ്രാർത്ഥനകൾക്ക് തുടക്കമായി. 40 ദിവസ പ്രാർത്ഥനാ മഹോത്സവത്തിന് തുടക്കമായിട്ട് മൂന്ന് പതിറ്റാണ്ടാകുന്നതേയുള്ളു.
40 ദിവസം ഈ യജ്ഞങ്ങൾ നടത്തുമ്പോൾ കർത്താവിനൊപ്പം എത്തും . 41 ആക്കിയാൽ കർത്താവിനെ കടത്തി വെട്ടാം. ന്യൂജെൻ ആത്മാക്കളാണ് ഈ പ്രാർത്ഥനാ മഹോത്സവങ്ങൾക്ക് തുടക്കമിട്ടതെന്ന് തോന്നുന്നു.

40 ദിവസം ഉപവാസം പ്രഖ്യാപിച്ച എൻ്റെ ഒരു സുഹൃത്തിനോട് ഞാൻ ചോദിച്ചു. ഏന്തെല്ലാം വിഷയങ്ങൾക്കായിട്ടാണ് ഈ പ്രാർത്ഥന ? മറുപടി വളരെ രസകരമായിരുന്നു. ‘ പ്രത്യേകിച്ച് വിഷയങ്ങളൊന്നുമില്ല. കുറെ നാളുകളായി ഒന്ന് ഇരിക്കണമെന്ന് വിചാരിക്കുന്നു. ഇപ്പോഴാണ് സമയം കിട്ടിയത് ‘. ഒരു ഉൽസവ പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് പലരും പ്രാർത്ഥനകൾ ക്രമീകരിക്കുന്നത്. ചിലർ തുറന്നു പറഞ്ഞിട്ടുണ്ട്, തടി കുറയും കൊളസ്ട്രോൾ കുറയും ഷുഗർ നോർമൽ ആകും എന്നൊക്കെ. ഉപവാസ മഹോത്സവം കഴിഞ്ഞ് ചിലർ വീമ്പടിച്ച് പറയുന്നതും കേട്ടിട്ടുണ്ട്, കുടവയർ 10 കിലോയോളം കുറഞ്ഞെന്ന്.

വലിയ പന്തൽ. ഹൈവാട്ട്സ് ലൈറ്റ് അറേഞ്ച്മെൻ്റ്സ് , പാതയോരങ്ങളിൽ വമ്പൻ പരസ്യ കവാടങ്ങൾ. മൾട്ടിക്കളർ നോട്ടീസുകൾ അടിച്ച് വിതരണം ചെയ്യൽ. നോട്ടീസുകളിൽ 40 ‘ വര പ്രാപ്തരുടെ ‘ പടങ്ങൾ. വഴിവക്കിൽ പതിനായിരക്കണക്കിന് ചെലവുള്ള ഫ്ലക്സുകൾ. ഉപവാസമാണെങ്കിലും ചില സ്ഥലങ്ങളിൽ വിഭവസമൃദ്ധമായ ഭക്ഷണ വിതരണം. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ആവശ്യങ്ങൾ കർത്താവിനോട് പറയാൻ പൊടി പൊടിക്കുന്നത് ലക്ഷങ്ങൾ.

ഇനി ഒരു വ്യക്തിയുടെ മാനസിക ദുഃഖങ്ങൾ , കുടുംബപ്രശ്നങ്ങൾ , സാമ്പത്തിക പരാധീനതകൾ, തൊഴിലില്ലായ്മ, വഴിതെറ്റി നടക്കുന്ന മക്കൾ പ്രശ്നങ്ങൾ, വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തത്, രോഗങ്ങൾ ഇതെല്ലാം പൊതു സ്ഥലത്ത് മൈക്ക് വെച്ച് കെട്ടി പറയാൻ പറ്റുമോ? പ്രാർത്ഥന ദൈവത്തോടുള്ള സംസാരമാണ്. അതിന് ഇവൻ്റ് മാനേജ്മെൻ്റിൻ്റെ പന്തലും ലൈറ്റും സൗണ്ടുമല്ല വേണ്ടത്. ഇരിക്കുന്നിടത്ത് ഇരുന്നുള്ള ഹൃദയം പൊട്ടിയുള്ള രോദനമാണ് വേണ്ടത്. പൊട്ടിക്കരച്ചിലാണ് ആവശ്യം. അതിന് ലൈവ് വേണ്ട. ഹൃദയം തകരണം. കണ്ണീരൊഴുക്കണം. വീട്ടിൽ നിന്നും അപമാനിതയായ ഹന്നയുടെ പ്രാർത്ഥനയാണ് അഭികാമ്യം. പുരോഹിതൻ കാണുന്നത് ഹന്നയുടെ ചുണ്ടുകൾ അനങ്ങുന്നത് മാത്രമാണ്. ദൈവത്തിൻ്റെ ഭൂമിയിലെ പ്രതിനിധിക്കറിയില്ലല്ലോ ഹന്നയുടെ ഹൃദയം. അതുകൊണ്ടാണല്ലോ ഹന്ന മദ്യപിച്ച് പിറുപിറുക്കുന്നു എന്ന് കരുതി ‘ നിൻ്റെ വീഞ്ഞിറങ്ങട്ടെ ‘എന്ന് പറഞ്ഞ് പുരോഹിതൻ ശാസിച്ചത്. ഹന്നയുടെ മറുപടി ‘ എൻ്റെ ഹൃദയം ഞാൻ ദൈവസന്നിധിയിൽ പകരുകയാണ് ‘ എന്നായിരുന്നു. ഈ ഹൃദയം തകർന്നുള്ള പ്രാർത്ഥനയെ ഏത് ദൈവത്തിനാണ് മറി കടക്കാനാവുക.

ഇതാണ് പ്രാർത്ഥന. സഭയെ സമൂഹത്തിൻ്റെ മുമ്പിൽ നാറ്റിച്ചിട്ട് അനാത്മീയർ ചെയ്യുന്നതിലധികം വൃത്തികേടുകൾ ചെയ്തു കൂട്ടിയിട്ട് മാസങ്ങൾ നീണ്ടു നിൽക്കുന്ന ഉപവാസയജ്ഞം കൊണ്ട് എന്തു പ്രയോജനം. ദൈവത്തിൽ നിന്നും കാര്യങ്ങൾ പ്രാർത്ഥിച്ചു നേടാൻ ഒരുങ്ങുന്നവർ സഭയ്ക്കെതിരെ സ്വന്തം സഹോദരന്മാർക്കെതിരെ കോടതിയിൽ എത്ര കേസുകൾ നടത്തുന്നു എന്നു കൂടി ചിന്തിക്കുന്നത് നല്ലതാണ്. തെറ്റുകളുടെ ഭാണ്ഢ ക്കെട്ടുകളുമായി പരസ്യമായി നടന്നുനീങ്ങുന്നവർ ആരോടാണ് പ്രാർത്ഥിക്കുന്നത് ? എന്തിന് വേണ്ടിയാന് പ്രാർത്ഥിക്കുന്നത്.? ജനത്തെ ആത്മീയർ എന്ന് ബോദ്ധ്യപ്പെടുത്താനുള്ള കൗശല ബുദ്ധിയുടെ ഭാഗമാണ് ഈ പ്രാർത്ഥനാപരമ്പരകൾ.
പ്രാദേശിക സംഘങ്ങൾ നടത്തുന്ന
40 ദിവസ പ്രാർത്ഥനാ മഹോൽസവം കഴിഞ്ഞ് അടി നടന്ന സഭകളുമുണ്ട്. സഭ രണ്ടായി പിളർന്നിട്ടുമുണ്ട്. നമ്മുടെ പിതാവിനോട് രഹസ്യത്തിൽ നമ്മുടെ ഓരോരുത്തരുടേയും ആവശ്യങ്ങൾ നിരത്തുക. യഹൂദമതത്തിൻ്റെ പുളിച്ച മതാനുഷ്ഠാനങ്ങളെ പുതിയനിയമവുമായി കൂട്ടിക്കെട്ടരുത്. ഞാനൊരു ‘ സംഭവമാണെന്ന് ‘ വരുത്തിത്തീർക്കാനുമാകരുത് പ്രാർത്ഥന. സഭയുടെ വളർച്ചയ്ക്ക് ഉപവസിച്ച് പ്രാർത്ഥിക്കുക. കുടുംബാങ്ങളുടെ ദുരിതങ്ങളകറ്റാൻ കർത്താവിനോട് ഹന്ന പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കുക. ദൈവം നമുക്ക് ആവശ്യമായവ നൽകും. പേരും പ്രശസ്തിയും നേടാനും വ്യക്തികളുടെയും ജനങ്ങളുടെയും മുമ്പിൽ വിശുദ്ധൻ ചമയാനും നടത്തുന്ന പ്രാർത്ഥനായജ്ഞങ്ങൾ നടത്തുന്നവർ താഴെ കാന്നുന്ന ബൈബിൾ വാക്യം കൂടി വായിക്കുക.

‘ നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന് വല്ലാതെ യാചിക്ക കൊണ്ട് ഒന്നും ലഭിക്കുന്നില്ല ‘ (യാക്കോബ് 4:3 ).