ബംഗാൾ ബന്ദിൽ വാഹനത്തിനുനേർക്ക് ടിഎംസി -ക്കാർ ബോംബെറിഞ്ഞു വെടിയുതിർത്തു; കൊല്ലാൻ ശ്രമമെന്ന് BJP നേതാവ്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പി. ആഹ്വാനം ചെയ്ത ബംഗാള്‍ ബന്ദ് പുരോഗമിക്കുന്നതിനിടെ തന്റെ വാഹനത്തിനു നേര്‍ക്ക് ടി.എം.സി. പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന ആരോപണവുമായി ബി.ജെ.പി. നേതാവ് പ്രിയാംഗു പാണ്ഡേ. തന്റെ വാഹനത്തിന് നേര്‍ക്ക് തൃണമൂല്‍ പ്രവര്‍ത്തകര്‍ ബോംബുകള്‍ എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടി നേതാവ് അര്‍ജുന്‍ സിങ്ങിന്റെ വീട്ടിലേക്ക് പോകവേ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ഭര്‍പാരയില്‍വെച്ചായിരുന്നു ആക്രമണമെന്ന് പാണ്ഡേ പറഞ്ഞു. ഭര്‍പാര മുനിസിപ്പാലിറ്റിയുടെ ജെറ്റിങ് മെഷീന്‍ റോഡിന് കുറുകേയിട്ട് തടഞ്ഞു. കാര്‍ നിര്‍ത്തിയ നിമിഷംതന്നെ 50-60 ആളുകള്‍ കാറിനെ ലക്ഷ്യമാക്കി എത്തി. ബോംബുകള്‍ എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഇത് തൃണമൂലും പോലീസും ചേര്‍ന്നുള്ള ഗൂഢാലോചനയാണ്. അവര്‍ എന്നെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. പോലീസ് അതിനെ പിന്തുണയ്ക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തു.

തന്റെ സുരക്ഷ പിന്‍വലിക്കപ്പെട്ടതിന് ശേഷമാണ് ഈ സംഭവം നടന്നതെന്നും പാണ്ഡേ കൂട്ടിച്ചേര്‍ത്തു. തന്റെ ഡ്രൈവര്‍ക്കും വെടിയേറ്റെന്നും പരിക്കേറ്റ ഏഴുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണൈന്നും പ്രിയാംഗു പാണ്ഡേ പറഞ്ഞു.

ചൊവ്വാഴ്ചത്തെ കൊല്‍ക്കത്ത സെക്രട്ടേറിയേറ്റ് മാര്‍ച്ചിനു നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി. ബുധനാഴ്ച സംസ്ഥാനത്ത് 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്. അതേസമയം, പശ്ചിമബംഗാളില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ
ശ്രമമെന്നാണ് ടി.എം.സിയുടെ ആരോപണം.