വൽസൻ ഏബ്രഹാമിൻ്റെ ആരോഗ്യസ്ഥിതിയിൽ ഊഹാപോഹം ; വിശ്വാസികൾ ആശങ്കയിൽ; ഐ.പി.സി ജനറൽ കൗൺസിൽ നിജസ്ഥിതി പുറത്തുവിടണം

റവ. വൽസൻ ഏബ്രഹാം ഗുരുതരാവസ്ഥയിൽ, ചികിത്സ തുടരുന്നു , ഫിലിപ്പ് പി. തോമസ് ആക്ടിങ്ങ് പ്രസിഡൻ്റാകുന്നു , അദ്ദേഹം നേരത്തെ ക്യാൻസറിന് ചികിത്സ നടത്തിയിരുന്നു , ഇപ്പോൾ രണ്ടാമതും രോഗം വന്നതാണ്,

നടുവേദന മാത്രമേയുള്ളു തുടങ്ങി അവ്യക്തത നിറഞ്ഞ വാർത്തകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം അതിൻ്റെ പ്രസിഡൻ്റിനെ സംബന്ധിച്ച് ഇതുപോലെയുള്ള അവ്യക്തതയുള്ള വാർത്തകൾ വരുന്നത് ഉചിതമല്ല. രോഗം ആർക്കും എപ്പോഴുംവരാം. ആരും അതിൽ നിന്നും ഒഴിവുള്ളവരുമല്ല.

രാഷ്ട്രീയ – സാമൂഹ്യ- സഭാ നേതാക്കളെപ്പറ്റി ഊഹാപോഹങ്ങൾ പരക്കുമ്പോൾ
സാധാരണ ഡോക്ടർമാരുടെ അഭിപ്രായം മെഡിക്കൽ ബുള്ളറ്റിൻ ആക്കി പൊതുജനത്തിനും മാദ്ധ്യമങ്ങൾക്കും കൊടുക്കുകയാണ് പതിവ്. അത് ആ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് ഔദ്യോഗിക അറിയിപ്പായി പുറത്തേക്ക് വിടുക. ആ പ്രസ്ഥാനത്തിന് വക്താക്കളുണ്ടെങ്കിൽ അവർക്കും അത് ചെയ്യാം.

ഇവിടെ ഓരോരുത്തർ എഴുതിവിടുന്ന വാർത്തകളിൽ ഐ.പി.സി പാസ്റ്റർമാരും വിശ്വാസികളും ആശങ്കയിലാണ്. അതുകൊണ്ട് അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ട് സഭയെ അറിയിച്ച് ആശങ്കയ്ക്ക് വിരാമം ഇടേണ്ടതാണ്. സോഷ്യൽ മീഡിയാ വഴിയുള്ള നുണക്കഥകൾക്ക് അതോടെ അവസാനം ആകും.

ഒരാൾക്കു അസുഖം വരുമ്പോൾ അദ്ദേഹത്തിൻ്റെ സുഹൃത്ത് പോലും വിചാരിക്കും എനിക്ക് ഈ രോഗം വരില്ല എന്ന്. ശത്രുവിൻ്റെ വിചാരം അവനത് വരണമെന്നാണ്. അവനും വിചാരിക്കും ഞാൻ മരിക്കയില്ല മരണം മറ്റുള്ളവർക്കേ ഉള്ളൂവെന്ന്. നീതിമാനായ ഇയ്യോബിൻ്റെ ത്യാഗോജ്വലമായ ജീവിതാനുഭവങ്ങൾ അവൻ പാപം ചെയ്തതിൻ്റെ ഫലമല്ലല്ലോ?

പുതിയ നിയമസഭയിൽ ക്രിസ്തു കഴിഞ്ഞാൽ ഏറ്റവും അധികം പ്രസംഗിക്കപ്പെടേണ്ട വ്യക്തി പൗലൂസ് തന്നെയാണ്. അദ്ദേഹവും ജീവിതാവസാനം വരെ മാറാത്ത രോഗത്തിന് വിധേയനായിരുന്നു. അതുകൊണ്ട് രോഗം എപ്പോഴും ആർക്കും ഏത് രൂപത്തിലും പിടിപെടാം. എപ്പോൾ വേണമെങ്കിലും മരിക്കാം. മരണം എപ്പോഴും എല്ലാവരുടേയും കൂടെയുണ്ടെന്നറിയുക.

എൻ്റെ അറിവിൽ വൽസൻ ഏബ്രഹാം തീരെ അവശനല്ല. അദ്ദേഹം സുഖം പ്രാപിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നാൽ ബന്ധുജനങ്ങൾ കണ്ണീരും കയ്യുമായി കഴിയുമ്പോൾ ചില സാമൂഹ്യ വിഷ സർപ്പങ്ങൾ സാങ്കൽപ്പിക വാർത്തകൾ പടച്ചുവിടുന്നത് ശരിയല്ല. സ്ഥാനമാനങ്ങൾ വീതം വച്ച് തുടങ്ങിയിരിക്കുന്നു.

മനുഷ്യർക്കാക്കും ഇങ്ങനെ ചിന്തിക്കാനാവുമെന്ന് തോന്നുന്നില്ല. ഇതു പോലുള്ള വാർത്തകൾ വരാൻ ഐ.പി.സി ജനറൽ എക്സിക്യൂട്ടീവ് കമ്മറ്റി ഇനിയും അവസരം നൽകരുത്. അദ്ദേഹത്തിൻ്റെ ആരോഗ്യത്തിൻ്റെ നിജസ്ഥിതി സംബന്ധിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ ജനറൽ സെക്രട്ടറി പുറത്ത് വിടണമെന്നഭ്യർ ത്ഥിക്കുന്നു. അതോടെ സഭാജനങ്ങളുടെയും പാസ്റ്റർന്മാരുടെയും മനസിലെ അവ്യക്തത മാറിക്കിട്ടും.