
കെ.എൻ റസ്സൽ
ചീഫ് എഡിറ്റർ
കുറെ നല്ല മനുഷ്യർ സിനിമയിലുണ്ട്. ധാർമ്മികതയുള്ളവരാണിവർ. അശരണരെ സഹായിക്കുന്ന മനസ്സലിവുള്ളവരും മദ്യപിക്കാത്തവരും ദയയും കാരുണ്യവുമുള്ളവരും ഈ കൂടെ ഉണ്ട്. അന്ധവിശ്വാസികളല്ലാത്തവരും പൂജാദികർമ്മങ്ങളിൽ വിശ്വാസമില്ലാത്തവരുമുണ്ട് ഇവരുടെ കൂട്ടത്തിൽ. മദ്യപിക്കാത്തവരുമുണ്ടെന്ന് കേൾക്കുന്നു.
പക്ഷേ നല്ലൊരു ശതമാനം പേരും ചീഞ്ഞളിഞ്ഞ ജീവിത ശൈലി വച്ചു പുലർത്തുന്നവരാണ്. ഇപ്പോഴത്തെ ഒരു മന്ത്രി തന്നെ അതിന് തെളിവാണ്. നമ്മെ ആവേശം കൊള്ളിക്കുന്നതാണ് സിനിമയിലെ ഇവരുടെ അഭിനയവും ഡയലോഗുമൊക്കെ. ആകാശദൂതിലെ മദ്യപാനിയെ ആർക്കാണറിഞ്ഞുകൂടാത്തത്. ചാരായം കുടച്ച് ഒരു കുടുംബം നശിക്കുന്ന കഥ വളരെ നന്നായി സിബി മലയിൽ സമൂഹത്തോട് പറയുന്ന ത് കണ്ണീരോടെ മാത്രമേ കാണാനും കേൾക്കാനുമാകൂ.
സിനിമയെ കുറിച്ച് എന്തെല്ലാം ആരോപണങ്ങൾ ആരൊക്കെ ഉന്നയിച്ചാലും നല്ലൊരു സന്ദേശം ഇതിൽ നിന്നെല്ലാം സമൂഹത്തിന് കിട്ടുന്നുണ്ട്. ശുദ്ധമായ ആത്മീയ വാദികളെ സംബന്ധിച്ചിടത്തോളം നന്നായി ജീവിക്കാൻ ഈ കപട കഥകളുടെ ആവശ്യമില്ല. ആകാശദൂതിലെ കഥാനായകൻ മുരളി മദ്യപിച്ച് ലക്കും ലെഗാനും ഇല്ലാതെ ജീവിച്ച് ശത്രുവിൻ്റെ കൊലക്കത്തിക്ക് ഇരയാകുന്നു. മൂന്ന് മക്കളുമായി നായികയായ മുരളിയുടെ ഭാര്യ അവശേഷിക്കുന്നു. ഉടർന്ന് അവർ ക്യാൻസർ ബാധിതയാകുന്നതോടെ കുടുംബം തകരുന്നു. ഒടുവിൽ മൂന്ന് മക്കളെ മക്കളില്ലാത്തവർക്ക് ദാനമായി നൽകിയിട്ട് മരണത്തെ പുൽകാൻ തയ്യാറാവുകയാണ്. കഥ ഹൃദയസ്പൃക്കാണ്, ഒപ്പം ഒരു സന്ദേശവും സമൂഹത്തിന് നൽകുന്നു.
എന്നാൽ ഈ സിനിമയിൽ അഭിനയിച്ച നായകനായ മുരളിക്ക് ഈ സമൂഹത്തോടൊ അയാളോടൊ യാതൊരു പ്രതിബദ്ധതയും ഇല്ല എന്നതാണ് സത്യം. സിനിമയിൽ അഭിയിച്ചത് പോലെ തന്നെ മുരളിയുടെ ജീവിതത്തിലും അത് യാഥാർത്ഥ്യമായി. മദ്യപിച്ച് കരൾ വെന്തു തീർന്ന് മരിച്ചു എന്നാണ് കേൾക്കുന്നത്. പണത്തിന് വേണ്ടി അഭിനയിച്ചു, അത്രമാത്രം. ജീവിതം ‘ അഭിനയമല്ല’. അതിന് അർത്ഥമുണ്ട് എന്ന തിരിച്ചറിവ് ഒരു നടീനടന്മാർക്കുമില്ല എന്നതാണ് സത്യം.
മിക്ക സിനിമകളിലും മക്കൾ ആരെയെങ്കിലും പ്രേമിച്ചാൽ എന്തൊരു പുകിലാണ്. പെൺകുട്ടിയാണെങ്കിൽ ശാസിക്കുന്നു, പീഡിപ്പിക്കുന്നു, വീട്ടിൽ നിന്നും മാറ്റിത്താമസിപ്പിക്കുന്നു, പ്രേമിച്ചവനെ ഓടിച്ചിട്ട് തല്ലുന്നു എന്നു വേണ്ട ആകെ ബഹളം.സിനിമയിലെ ഈ മാതൃകാ പിതാവിൻ്റെ ചരിത്രം പരിശോധിച്ചാൽ ഇവൻ ഏറ്റവും വലിയ പോക്കിരിയാണെന്ന് കണ്ടെത്താനാകും. സിനിമയിൽ പ്രേമിക്കുന്ന മകളെ വട്ടം കറക്കുന്ന പിതാവിൻ്റെ ജീവിതം ചികഞ്ഞാൽ ആകെ അരോചകമായിരിക്കുംഫലം. നാട് നീളെ നടന്ന് പ്രേമിച്ചും ഒടുവിൽ കെട്ടിയ പെണ്ണിനെ ഡിവോഴ്സ് ചെയ്തും അവസാനം മറ്റൊരുവൻ്റെ ഭാര്യയെ അടിച്ചു മാറ്റിയും ഒക്കെ ജീവിച്ചവനാണ് മകളെ നേരെയാക്കാൻ നോക്കുന്നത്. സ്വന്തം ജീവിതത്തിൽ ഒരു രീതി അഭിനയത്തിൽ പണത്തിനായി മറ്റൊരു രീതി. എങ്ങനെയുണ്ട് സിനിമയും ജീവിതവും തമ്മിലുള്ള പൊരുത്തം.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. മന്ത്രവാദികളൈയും കപടസന്യാസിമാരെയും തല്ലിയോടിക്കുന്ന ധാരാളം സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അന്യൻ്റെ അന്ത്യം കാണാൻ ‘പൂജിച്ച് ‘ പറമ്പിൽ കുഴിച്ചിട്ട കോഴിത്തല പറമ്പിൽ കൊണ്ടിടുന്ന പൂജാരി , അത് മാന്തിയെടുക്കുന്ന മറ്റൊരു പൂജാരി , എന്നിട്ട് എല്ലാം കൂടിയുള്ള തമ്മിലടി. ഇതൊക്കെ താമശയ്ക്ക് വേണ്ടിയാണ് മിക്ക സിനിമയിലും കാണിക്കുന്നത്.
കപട പൂജാരിമാരുടെ വേഷം കെട്ടുന്ന നടന്മാരിൽ നല്ലൊരു പങ്കും ഇതിലൊക്കെ വിശ്വസിക്കുന്നവരാണ് എന്നാണ് കേൾവി. തട്ടിപ്പ് പൂജാരിമാരുടെ വേഷം കെട്ടിയിട്ടുള്ള നടൻ ജനാർദ്ദനൻ തൻ്റെ ഹോട്ടൽ മുറിയുടെ ഒരു ഭാഗം മുഴുവൻ ഒരു പൂജാ മുറിയാക്കുമെന്ന് കേട്ടിട്ടുണ്ട്. അടുത്ത ലൊക്കേഷനിൽ ഇതെല്ലാം അവിടെ താമസിക്കുന്ന ഹോട്ടലിൽ കൊണ്ട് സ്ഥാപിക്കുമത്രേ! നടി സുകുമാരിക്കും ആഭിചാര ബന്ധങ്ങളിലും പൂജാദി കർമ്മങ്ങളിലും വലിയ വിശ്വാസമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പൂജാമുറിയിൽ നിന്നും തീകത്തിപ്പടർന്നാണവർ മരിച്ചത്.
സ്ഥലക്കച്ചവടത്തിൽ നടക്കുന്ന നികുതിവെട്ടിപ്പുൾപ്പെടെയുള്ള വിഷയങ്ങളെ അധികരിച്ച് സനിമ ഇറങ്ങിയിട്ടുണ്ട്. ഈ അഭിനയക്കാർ തന്നെയാണ് റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഏറ്റവും വലിയ നേതാക്കളും. സിനിമയെടുപ്പും നികുതിവെട്ടിപ്പുമാണ് കക്ഷികളുടെ ഏറ്റവും വലിയ തൊഴിൽ. സിനിമയിൽ ഹരിശ്ച ന്ദ്രൻ്റെ റോളാണെങ്കിൽ ജീവിതത്തിൽ കായംകുളം കൊച്ചുണ്ണി ആയിരിക്കും.
കുറെ നാളുകളായി കേരളത്തിൽ ഉണ്ടായിട്ടുള്ള മിക്ക ക്രിമിനൽ കേസുകളിലും സീരിയൽ – സിനിമ മേഖലകളിൽ നിന്ന് ഒരു ആർട്ടിസ്റ്റെങ്കിലും ഉണ്ടായിരിക്കും. പണം തട്ടിപ്പ്, തട്ടിക്കൊണ്ട് പോകൽ, വസ്തു വാങ്ങൽ കൊടുക്കൽ ഇടപാട് , സ്ത്രീ പീഡനം തുടങ്ങിയ മേഖലകളിൽ കലാമേഖലയിലുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്. ഈ ആർട്ടിസ്റ്റുകളിൽ മിക്കവരും ഇടത് പ്രവർത്തകരോ അനുഭാവികളോ ആയിരിക്കും.
ഇവർ സമൂഹത്തെ നന്മയിലേക്കും സത്യത്തിലേക്കും നയിക്കാൻ ദൃശ്യമാദ്ധ്യമങ്ങളിലൂടെ വിരുന്നൊരുക്കുന്നവരാണ്. എന്നാൽ ക്യാമറയുടെ മുമ്പിൽ പണത്തിന് വേണ്ടിയുള്ള അഭിനയം മാത്രം. ജീവിതം വെറും പൊള്ള. ഇവർ നമ്മെ ചിരിപ്പിക്കും കരയിപ്പിക്കും ചിന്തി പ്പിക്കും , അത്രമാത്രം തന്ത്രശാലികളാണ്. എല്ലാവരും അങ്ങനെയല്ല എന്ന് കൂടി പറയേണ്ടതുണ്ട്. ഫിലിം ഇൻഡസ്ട്രിയിലുള്ള ജനങ്ങളുടെ വിശ്വാസം തകർന്നിരിക്കുന്നു. മന്ത്രി ഗണേശ് കുമാറും മുകേഷും ഒക്കെ ആരാ പുള്ളികൾ ?
ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. സർക്കാരിന് ഒന്നും ചെയ്യാനുമില്ല. ഏതെങ്കിലും സ്ത്രീകൾ പോലീസിൽ രേഖാമൂലം പരാതി കൊടുക്കാത്തിടത്തോളം കാലം ഈ പോകുന്ന രീതിയിൽ തന്നെയാവും സിനിമാലോകം പോവുക. ആഭിജാത്യം ഉള്ള പെൺകുട്ടികൾക്ക് പഠിച്ച് ജോലി സമ്പാദിക്കാം, അല്ലെങ്കിൽ സ്വയംതൊഴിൽ ചെയ്യാം, അതുമല്ലെ ങ്കിൽ വീട്ടിൽ ഇരിക്കാം അതാണ് നല്ലത്.
ഒക്കെ സഹിക്കാം. മന്ത്രി ഗണേഷ് കുമാറിൻ്റെ ‘ സുവിശേഷ പ്രസംഗം ‘ മാത്രം സഹിക്കാവതല്ല. അയാൾ സിനിമാലോകത്തിൻ്റെ പവിത്രതയെ പറ്റി പത്രക്കാരോട് സംസാരിക്കുന്നതുകേട്ടപ്പോൾ ഛർദ്ദിക്കാൻ തോന്നി എന്നതാണ് സത്യം.




