പട്ടാപ്പകൽ ബത്തേരിയിൽ കാട്ടാനയുടെ വിളയാട്ടം; പടക്കം പെട്ടിച്ചതോടെ വനത്തിലേക്ക് നിർത്താത്ത ഓട്ടം

ബത്തേരി:വനംവകുപ്പിനെയും നാട്ടുകാരെയും വട്ടംചുറ്റിച്ച് ബത്തേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെത്തി കാട്ടാന. വെള്ളിയാഴ്ച രാവിലെ 8.45-ഓടെ കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്തെത്തിയ കാട്ടാനയാണ് എട്ടുമണിക്കൂറിലേറെ നാടിനെ മുൾമുനയിലാക്കിയത്. ഡിപ്പോയിലെ കംഫർട്ട് സ്റ്റേഷന്‌ സമീപത്തുകൂടെയാണ് കാട്ടാന കെ.എസ്.ആർ.ടി.സി. ബസിനു സമീപത്തെത്തിയത്.

ബസുകൾ അറ്റകുറ്റപ്പണി നടത്തുന്ന മെക്കാനിക്കൽ ഭാഗത്തിന്‌ സമീപമെത്തിയപ്പോഴാണ് ജീവനക്കാർ ആനയെ കാണുന്നത്. പമ്പിൽ എണ്ണയടിക്കാനായി നിർത്തിയിട്ട തിരുവനന്തപുരം സ്വിഫ്റ്റ് ബസിന്റെ ഡ്രൈവർ വിനോദാണ് ആനയെ ആദ്യം കണ്ടത്. ഡിപ്പോയിലെ ബസ്സിലുണ്ടായിരുന്നവരും ബസ് കാത്തുനിന്നവരും ബഹളംവെച്ചതോടെ ആന സമീപത്തെ വനത്തിലേക്ക്‌ കടന്നു. മുക്കാൽമണിക്കൂറിനുശേഷം ആന വീണ്ടും ഡിപ്പോ പരിസരത്തെത്തി. കെ.എസ്.ആർ.ടി.സി. ജീവനക്കാരും യാത്രക്കാരും വീണ്ടും ബഹളമുണ്ടാക്കിയതോടെ ആന വനത്തിലേക്ക്‌ പ്രവേശിച്ചു.

ഡിപ്പോയ്ക്കും ഫെൻസിങ്ങിനുമിടയിലുള്ള ഭാഗത്താണ് ആന നിലയുറപ്പിച്ചത്. വിവരമറിഞ്ഞ് മുത്തങ്ങ റെയ്‌ഞ്ച് ഓഫീസർ പി. സഞ്ജ‌യ്‌കുമാർ, ഡെപ്യൂട്ടി റെയ്‌ഞ്ചർ സുനിൽകുമാർ, വെറ്ററിനറി ഡോക്ടർ അജേഷ് മോഹൻദാസ്, ആർ.ആർ.ടി. റെയ്‌ഞ്ചർ മനോജ്‌കുമാർ, വനംവകുപ്പ് ഉദ്യോഗസ്ഥന്മാരായ വിനോദ്‌കുമാർ, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളംവരുന്ന വനംവകുപ്പ് സംഘമെത്തി ആനയെ ഉൾവനത്തിലേക്ക്‌ തിരിച്ചുവിടാനുള്ള ദൗത്യം തുടങ്ങി.

ജനവാസമേഖലയിലേക്കും ഡിപ്പോപരിസരത്തേക്കും ആന തിരികെയെത്താതിരിക്കാൻ വനംവകുപ്പ് പ്രതിരോധം തീർത്തു. പടക്കംപൊട്ടിച്ചും മറ്റും ആനയെ പഴുപ്പത്തൂർ മണലിൽ ഭാഗത്തെത്തിച്ചെങ്കിലും
ഉൾവനത്തിലേക്ക് കടക്കാതെ രണ്ടുമണിക്കൂറോളം വനംവകുപ്പിനെ വട്ടംകറക്കി.