ഹേമ കമ്മിറ്റി റിപ്പോർട്ട്: തെളിവുകൾ സർക്കാരിൻ്റെ കയ്യിലുണ്ട്; പറയുന്നത് പച്ചക്കള്ളം: വി ഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

പച്ചക്കള്ളം പറഞ്ഞാണ് മുഖ്യമന്ത്രി എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു കാരണവശാലും റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാല്‍ ഹേമ കമ്മിറ്റി നല്‍കിയ കത്തില്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവര്‍ നല്‍കിയ കത്ത് ഒരിക്കലും പുറത്തു വരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്.

റിപ്പോര്‍ട്ട് പുറത്തു വിടരുതെന്നല്ല, പുറത്ത് വിടുമ്ബോള്‍ സുപ്രീം കോടതിയുടെ മാര്‍ഗ നിർദേശങ്ങള്‍ പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്നതാണ് സുപ്രീം കോടതി മാര്‍ഗ നിർദേശം. ഇരകളുടെ പേര് ഒരിക്കലും വെളിപ്പെടുത്താറില്ല. ഇരകളുടെയോ ബന്ധുക്കളുടെയോ പേരു വിവരങ്ങള്‍ പുറത്തു പറയുന്നതിന് പകരമായാണ് ഇരകളെ നിര്‍ഭയ എന്ന് വിളിക്കുന്നത്.

ഇതൊന്നും പുതിയ കാര്യമല്ല. ഇതൊന്നും റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി എടുക്കാനുള്ള തടസവുമല്ല. പോക്‌സോ നിയമ പ്രകാരം വരെ കേസെടുക്കേണ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു.

പോക്‌സോ നിയമം സെക്ഷന്‍ 21 പ്രകാരം കുറ്റകൃത്യങ്ങള്‍ ഒളിച്ചു വച്ചയ്ക്കുന്നതും കുറ്റകരമാണ്. കുറ്റം ചെയ്തിരിക്കുന്നുവെന്ന് അറിഞ്ഞ ആള്‍ അത് മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്താല്‍ അതൊരു ക്രിമിനല്‍ കുറ്റമാണ്.

നാലര കൊല്ലം മുമ്പ് കിട്ടിയ റിപ്പോർട്ട്, നടപടി എടുക്കാതെ കയ്യിൽ വെച്ചിരുന്ന മുഖ്യമന്ത്രി , സാംസ്കാരിക മന്ത്രി എന്നിവർ ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ലൈംഗിക ചൂഷണത്തിന് വിധേയരായ സ്ത്രീകളുടെ പ്രതികരണം അടങ്ങുന്ന പെൻഡ്രൈവ് വരെ സർക്കാരിൻ്റെ കയ്യിൽ ഉണ്ടായിരുന്നു. എന്നിട്ടും നടപടി എടുത്തിട്ടില്ല. കുറ്റങ്ങളുടെ പരമ്പര തന്നെ നടന്നു, അതിൻ്റെ തെളിവുണ്ടായിട്ടും ഒരു നടപടിയും എടുത്തില്ല. എന്നിട്ടും കള്ളം പറയുകയാണ്. 

എന്നിട്ടാണ് ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് പറയുന്നത്. നടിയുടെ മുറിയില്‍ കയറി ഇരുന്ന കാരവന്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ പരമ്ബര നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്.

തെളിവുകളുമുണ്ട്. ഇതേക്കുറിച്ച്‌ വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം. പക്ഷെ അന്വേഷണത്തിന് തയാറാകാതെയാണ് മുഖ്യമന്ത്രി കള്ളം പറയുന്നത്. ഞങ്ങള്‍ വേട്ടക്കാര്‍ക്കെതിരരെ പോരാടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

നാലര വര്‍ഷം ഏത് വേട്ടക്കാരനെതിരെയാണ് മുഖ്യമന്ത്രി പോരാടിയത്. വേട്ടക്കാരെയെല്ലാം മുഖ്യമന്ത്രി ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. സര്‍ക്കാരിന് വേണ്ടപ്പെട്ടവരുള്ളത് കൊണ്ടാണ് അവരെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.