കാത്തിരിപ്പിനൊടുവിൽ കിട്ടും അളവില്ലാത്ത നന്മകളും അനുഗ്രഹങ്ങളും

ഒടുവിൽ പള്ളിപ്പണി ഏതാണ്ട് പൂർത്തിയായി. എട്ട് വർഷത്തെ കാത്തിരുപ്പിനൊടുവിൽ അത് പൂർത്തിയായതിൻ്റെ സന്തോഷത്തിലാണ് പാസ്റ്റർ വിൽസൺ ജോസ്.

കെട്ടിടം പണിയുമായി ബന്ധപ്പെട്ടുണ്ടായ നിയമ പ്രശ്നങ്ങളും പണിയെ ബാധിച്ചു. കാരാറുകാരുടെ ഉത്തരവാദിത്വമില്ലാ യ്മയും പണി നീണ്ടു പോകാൻ കാരണമായി. മനോഹരമായ ഒരു ചർച്ച് ബിൾഡിംഗ് 400 സീറ്റുകളോടെ പൂർത്തീകരിക്കപ്പെട്ടു. പഴയ കെട്ടിടം പുതിയതുപോലെ നവീകരിച്ചെടുത്തപ്പോൾ 100 ലധികം പേർക്ക് അതിനകത്തും ഇരിപ്പിടമായി.

2024 ജനുവരി മുതൽ പുതിയ കെട്ടിടത്തിൽ ആരാധന തുടങ്ങി. പണി തീരുമോ എന്ന ആശങ്കയിൽ പലപ്പോഴും മനസ് വ്യാകുലപ്പെട്ടുപോയി. എല്ലാം ദൈവത്തിൻ്റെ സമയത്ത് പൂർത്തീകരിച്ചു കിട്ടിയതിൽ ഇപ്പോൾ അദ്ദേഹം ആഹ്ളാദചിത്തനുമാണ്. അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യാ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡൻ്റുമാണ് ഇപ്പോൾ അദ്ദേഹം.

പാസ്റ്റർ വിൽസൺ ജോസ്

യു.എസിലും കാനഡയിലുമുള്ള ഇന്ത്യാക്കാരായ ഏ.ജി. വിശ്വാസികളുടെ കൂട്ടായ്മയാണ് അജിഫിന. ഏ.ജിയുടെ കേരളത്തിലെ ആദ്യകാല പ്രവർത്തകനായിരുന്ന പാസ്റ്റർ കെ.ഐ ജോണി ൻ്റെ ( ബുധനൂർ) മകൻ പാസ്റ്റർ കെ.ജെ ജോസഫിൻ്റെ സീമന്ത പുത്രനാണ് പാസ്റ്റർ വിൽസൺ ജോസ്.

41 വർഷം മുമ്പാണ് പാസ്റ്റർ വിൽസൺ ജോസ് ന്യൂയോർക്ക് ലോംഗ് ഐലൻ്റിലുള്ള ഈ സഭയുടെ ശുശ്രൂഷ ഏറ്റെടുക്കുന്നത്. കൃത്യമായി പറഞ്ഞാൽ 1982 നവംബർ 7-ന് . അന്ന് പോർട്ട് വാഷിങ്ങ്ടണിലായിരുന്നു ഈ സഭ. 2007-ലാണ് ദൈവനിയോഗപ്രകാരം ലോംഗ് ഐലൻഡിൻ്റെ മദ്ധ്യഭാഗമായ മിനിയോളയിലേക്ക് ആരാധന മാറ്റി സ്ഥാപിക്കപ്പെടുന്നത്.

സോഫിയ , റവ. വിൽസൺ ജോസ്, ഡോ. ഇട്ടി ഏബ്രഹാം, പാസ്റ്റർ ഒ.എം രാജുക്കുട്ടി , എന്നിവർ പാസ്റ്റർ കെ.ജെ ജോസഫിനോടൊപ്പം

അമേരിക്കൻ എ.ജി ജനറൽ കൗൺസിലുമായിട്ടാണ് ഗ്രേസ് ക്രിസ്റ്റ്യൻ ചർച്ചിന് ഭരണപരമായ ബന്ധങ്ങൾ ഉള്ളത്. ന്യൂയോർക്ക് ഡിസ്ട്രിക്ടിൻ്റെ ( സ്റ്റേറ്റ്) ലോംഗ് ഐലൻഡ് സെക്ഷൻ്റെ കീഴിലാണ് ഈ സഭ നിലകൊള്ളുന്നത്. എ ജി മലയാളം ഡിസ്ട്രിക്റ്റുമായി ഒരു കൂട്ടായ്മ ബന്ധം മാത്രമേ ഉള്ളു.

ദീർഘനാളത്തെ പ്രാർത്ഥനയുടേയും കാത്തിരിപ്പിൻ്റേയും ഫലമായി മനോഹരമായി പണിതെടുത്ത ഈ കെട്ടിടത്തിൽ വിവിധ ഭാഷകളിലുള്ള ആരാധനകൾ നടന്നുവരുന്നു. ബുധൻ, ശനി, ദിവസങ്ങളിൽ സ്പാനിഷ് ആരാധന നടക്കുന്നു. ഞായർ, വെള്ളി, ചൊവ്വ എന്നീ ദിവസങ്ങളിൽ പോർട്ടുഗീസ് ആരാധനയും. പുതുക്കിപ്പണിത പഴയ ഹാളിലാണ് ഇവരുടെ ആരാധന. ഞായർ ബുധൻ, വെള്ളി ദിവസങ്ങളിൽ ഇംഗ്ലീഷ്കാരും മലയാളികളും ചേർന്നുള്ള ആരാധന പുതിയ മന്ദിരത്തിലാണ് നടക്കുന്നത്. രണ്ട് ഹാളുകളിലുമായി 400 സീറ്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

അമേരിക്കയിലെ എ.ജി ലീഡേഴ്‌സുമായി നല്ല സുഹൃത്ത്ബന്ധങ്ങൾ സ്ഥാപിച്ചിട്ടുള്ള വ്യക്തിയാണ് പാസ്റ്റർ വിൽസൺ ജോസ്. ന്യൂയോർക്ക് ഡിസ്ട്രിക്ട് സൂപ്രണ്ടായി ഇപ്പോൾ പ്രവർത്തിക്കുന്നത് പാസ്റ്റർ ഡുവൈൻ ഡേഴ്‌റ്റ് ആണ്. റവ.ഡഗ്‌ ക്ലേയാണ് അസംബ്ളീസ് ഓഫ് ഗോഡിൻ്റ അമേരിക്കൻ ജനറൽ കൗൺസിൽ സൂപ്രണ്ട് .

അമേരിക്കയിൽ 40 ലക്ഷം വിശ്വാസികളും 13500 സഭകളും 38000 മിനിസ്റ്റേഴ്സും ഉള്ളതായി റവ. വിൽസൺ ജോസ് ക്രൈസ്തവചിന്തയോട് പറഞ്ഞു. 2023-ലെ കണക്കാണിത്.ഒടുവിൽ ഒരു കുസൃതി ചോദ്യം എറിഞ്ഞു കൊടുത്തു. ‘ ന്യൂയോർക്ക് ഡിസ്ട്രിക്ട് സൂപ്രണ്ടെങ്ങാനും ആകുമോ’ ? ‘ ഇല്ലേ ഇല്ല ‘ എന്നായിരുന്നു ഉത്തരം. മത്രമല്ല ഈ മാതിരി ഗുല്മാലു പിടിച്ച ചോദ്യം ചോദിക്കരുതെന്നായിരുന്നു മുഖഭാവത്തിൽ. എന്തൊക്കെയായാലും ഗ്രേസ് ക്രിസ്റ്റ്യൻ ചർച്ച് ഇപ്പോൾ വളർച്ചയുടെ പാതയിലാണ്. അതിൻ്റെ സന്തോഷാധിക്യം അദ്ദേഹത്തിൻ്റെ മുഖത്ത് നിന്നും വായിച്ചറിയാം. എല്ലാറ്റിനും ഒരു കാലമുണ്ട് എന്ന തിരിച്ചറിവ് നമുക്ക് ക്ഷമയോടെ കാത്തിരിക്കാൻ പ്രേരകമാകുന്നു. ഒടുവിൽ അത് നമ്മെ നന്മയിലേക്കും അനുഗ്രഹത്തിലേക്കും നയിക്കുക തന്നെ ചെയ്യും. വചനവിരുദ്ധ നില നിലപാടുകളിലേക്ക് ജനത്തെ തള്ളിവിടാൻ പെന്തക്കോസ്ത് നേതാക്കൾ ശ്രമിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.