
എജി മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ റ്റി.ജെ. ശാമുവലിൻ്റെ മകൻ റവ. ജോൺ ശാമുവൽ (എബി) ഐപിസിയിൽ ചേർന്നു. പെൻസിൽവാനിയ സ്റ്റേറ്റിലെ പ്രധാന പട്ടണമായ ഫിലദെൽഫിയയിലുള്ള ഐപിസി ചർച്ചിലാണ് എബി ഇപ്പോൾ ആരാധനയിൽ പങ്കെടുക്കുന്നത്.
കേരളത്തിൽ ഐപിസി ചർച്ചിൽ അംഗത്വം ലഭിക്കണമെങ്കിൽ ഒരുവർഷം തുടർച്ചയായി ആരാധനയിൽ പങ്കെടുത്തിരിക്കണം. ഇന്ത്യയ്ക്ക് പുറത്തുള്ള സഭകളിൽ ഈ നിയമം കാര്യമായി എടുക്കാറില്ല. ഐപിസി ജനറൽ സെക്രട്ടറിയായിരുന്ന മല്ലപ്പള്ളി പാസ്റ്റർ ജോർജ് വർഗീസിൻ്റെ മക്കളുടെ ശ്രമഫലമായി ആരംഭിച്ച സഭയാണ് ഐപിസി ഫിലദെൽഫിയ എന്നറിയുന്നു. അവിടുത്തെ നിലവിലുള്ള പാസ്റ്ററായ റോജി റ്റി. സാമും റവ. ജോൺ ശാമുവലും ഒരുമിച്ച് ചേർന്നാണ് ആരാധന നടത്തുന്നത്.

റ്റി.ജെ. ശാമുവൽ രണ്ടാഴ്ച മുമ്പ് ഈ സഭയിൽ ബൈബിൾ ക്ലാസ്സുകൾ നടത്തി. പാസ്റ്റർമാരായ റ്റി.ജെ. ശാമുവൽ, ജോർജ് മാത്യു, ഡോ. റ്റി.പി. വർഗീസ്, ഡോ. കോശി വൈദ്യൻ, പരേതനായ പാസ്റ്റർ പി.എസ്. ഫിലിപ്പ് എന്നിവർ പഠിച്ചതോ സ്ഥിരമായി പാർക്കുന്ന ഇടമോ ഒക്കെയാണ് ഫിലദെൽഫിയ പട്ടണം. ഇവിടെ എജിക്ക് കാര്യമായ ഒരു സഭ ഇല്ലയെന്നതാണ് സത്യം. ഉള്ളത് തന്നെ തീരെ ചെറിയ സഭകളാണ്.
ഈ സാഹചര്യത്തിൽ സ്വന്തമായി ആരാധനാലയവും മറ്റ് സംവിധാനങ്ങളുമുള്ള ഐപിസി ഫിലദെൽഫിയായിൽ എബി ചേർന്നത് സ്വാഗതാർഹമാണ്. അദ്ദേഹവും സുഹൃത്തുക്കളും ആ സഭയിൽ അംഗങ്ങളായതോടെ ഐപിസി ഫിലെദെൽഫിയ വളരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.




