ഈജിപ്തില്‍ ഇന്ധന ടാങ്കറിന് തീപിടിച്ച്‌ അപകടം; 31 പേര്‍ മരിച്ചു

\കെയ്റോ: ഈജിപ്തില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് വന്‍ അപകടം. അപകടത്തില്‍ 31 പേര്‍ തീപിടിച്ച് മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തലസ്ഥാനഗരമായ കെയ്റോയിലാണ് സംഭവം. ട്രക്കിന് തീപിടിച്ചതോടെ സമീപത്തെ വാഹനങ്ങളിലേക്കും തീപടര്‍ന്നു. ട്രക്കും മറ്റു നിരവധി വാഹനങ്ങളും കത്തിനശിച്ചു.

27ഓളം വാഹനങ്ങൾ പൂർണമായോ ഭാഗികമായോ കത്തിനശിച്ചിട്ടുണ്ട്. ഗ്രേറ്റര്‍ കെയ്റോയുടെ ഭാഗമായ ഗിസയിലെ അല്‍-വറാഖിലൂടെ കടന്നുപോകുന്ന റിങ് റോഡിലാണ് അപകടം നടന്നത്. കത്തിയമർന്ന കാറുകളിൽ നിന്ന് ഏകദേശം എട്ട് മൃതദേഹങ്ങൾ കണ്ടെത്തി. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഉടന്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുമെന്നും ആരോഗ്യമന്ത്രി ഖാലിദ് അബ്ദുല്‍ ഗഫാര്‍ പറഞ്ഞു. അപകടത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് എൽ-സിസി അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെ മോശം റോഡുകളും ഗതാഗത നിയമങ്ങളുമാണ് തുടർച്ചയായ വാഹനാപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.