റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരമേറിയ ടവറിന് നേരേ വീണ്ടും ഹൂത്തി ആക്രമണം. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്കേറ്റു.
രണ്ട് സൗദി സ്വദേശികളും നാല് ഈജിപത് സ്വദേശികളും മൂന്ന് നേപ്പാള്‍ സ്വദേശികളും പരിക്കേറ്റവരിലുണ്ട്.
റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യല്‍ ഡിസ്ട്രിക്ടില്‍ സ്ഥിതിചെയ്യുന്ന പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ടവറിന് നേരേയാണ് ചൊവ്വാഴ്ച ഹൂത്തി ആക്രമണമുണ്ടായത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആസ്ഥാനം ഇവിടെയാണ്. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുണ്ടായതായും റിപ്പോർട്ടുകളിലുണ്ട്.
റിയാദിലെ ടവറിന് നേരേയുണ്ടായത് ഹൂത്തി ഭീകരാക്രമണമാണെന്ന് സൗദി സിവില്‍ ഡിഫൻസും സൗദി സഖ്യസേനയും അറിയിച്ചു. സംഭവത്തിന് പിന്നാലെ അടിയന്തര സേവന വിഭാഗങ്ങള്‍ സ്ഥലത്തെത്തുകയും സാധാരണക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും അധികൃതർ പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഹൂത്തി ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സഖ്യസേന വക്താവ് മേജർ ജനറല്‍ തുർക്കി അല്‍ മാലിക്കി വ്യക്തമാക്കി.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് റിയാദിലെ കൂറ്റൻ ടവറിന് നേരേ ഹൂത്തി ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയും റിയാദിലെ പിഐഎഫ് ടവർ ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു.
റിയാദിലെ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റെന്ന വിവരം ലഭിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
റിയാദിലെ ടവറിന് നേരേയുണ്ടായ ഹൂത്തി ആക്രമണത്തെ യുഎഇ അപലപിച്ചു. ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയും ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി.




