ഷാജി ആലുവിള
9846473400

ക്രൈസ്തവ സമൂഹത്തിൻ്റെ കഴിഞ്ഞ കാല വളർച്ചയുടെ അസ്തിത്വം ദൈവവുമായുള്ള ബന്ധം, പരസ്പരമുള്ള കൂട്ടായ്മ, ലോകത്തിലുള്ള സാക്ഷ്യം എന്നിവയായിരുന്നു. അത് സഭാജനങ്ങളുടെ
അനുഭവസമ്പത്ത് കൂടി ആയിരുന്നു. അവരുടെ മൃദുല സമീപനവും ആശ്വാസ വാക്കുകളും വിശ്വാസത്തോടുകൂടിയ പ്രാർഥനയും ആയിരക്കണക്കിന് ജനത്തെ സ്വാധീനിച്ചിട്ടുണ്ട്.
അന്ന് ജീവിതത്തിൻ്റെ നിലയില്ലാ കടലിൽ താഴുന്നവരെ ജീവിതത്തിലേക്ക് കരം പിടിച്ചു നടത്തുന്നവരായിരുന്നു സഭാ ജനങ്ങൾ.
സമൂഹത്തെ ധാർമ്മിക മൂല്യത്തിൽ വളർത്തുവാനും വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക നിലയിലും പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉദ്ധരിക്കുവാനും ക്രൈസ്തവ സഭകൾ അനേക സംഭാവന നൽകിയിട്ടുണ്ട്.
അന്ന് സമൂഹത്തിലേക്ക് സുവിശേഷം എത്തിക്കുവാൻ അഹോരാത്രം അധ്വാനിച്ച ഒട്ടനവധി വിശ്വാസ വീരന്മാരുണ്ട്. അവരുടെ സമീപനവും ഇടപെടലും അനേകരുടെ ഹൃദയത്തെ തണുപ്പിച്ചിട്ടുണ്ട്.
അതിൽ മുൻപന്തിയിൽ നിന്നതും പെന്തക്കോസ്ത് സമൂഹം തന്നെ ആയിരുന്നു. ഇന്ന് ആ പേര് പോലും ലോപിച്ച് ‘പെന്തകൾ’ എന്നുവരെ ആയി. അന്ന് വിശ്വാസികൾ തമ്മിൽ തമ്മിൽ സ്നേഹവും കരുതലും കൂട്ടായ പ്രാർഥനകളും ഉണ്ടായിരുന്നു. ഇന്ന് സ്ഥാനത്തിനും ഭരണത്തിനും വേണ്ടി എന്ത് കോപ്രായവും കാണിക്കുന്ന സംഘടനകൾ നമ്മുടെ സഭകൾ അധഃപതിച്ചു.
അന്ന് ഒരു മദ്യപാനി മാനസാന്തരപ്പെട്ടാൽ അയാൾ വിശ്വാസത്തിൽ ഉറയ്ക്കുന്നതുവരെ ഇത്തിൾ കണ്ണി പിടിക്കുന്നതുപോലെ വിശ്വാസികളും ശുശ്രൂഷകനും അയാളുടെ പുറകെ കാണും. തെറ്റുകൾ തിരുത്തിയും നല്ലകാര്യങ്ങൾ പറഞ്ഞും ദൈവവചനം ഹൃദയത്തിൽ ഉറപ്പിച്ചും ആത്മീയത്തിൽ വളർത്തി എടുത്തിരുന്നു. ഇന്നും അത് അന്യം നിന്നിട്ടില്ല ചിലയിടങ്ങളിൽ.
പക്ഷെ ഇന്ന് അങ്ങനെ വരുന്നവരെ നരകതുല്യരാക്കി കളയുന്ന കുറേപ്പേർ സഭകളിൽ നടുതലായി നിൽക്കുന്നത് ആപത്താണ്.
ഇതര സമൂഹത്തിൽ നിന്ന് വെല്ലുവിളികളെ നേരിട്ട് വേർപാടിൻ്റെ അനുഭവത്തിലേക്ക് വരുന്നവരോട് കുറഞ്ഞത് അഞ്ചു വർഷമെങ്കിലും അനാത്മീയ കാര്യങ്ങളോ സഭാ രാഷ്ട്രീയമോ പങ്ക് വെയ്ക്കരുത്. ചിലർക്ക് ഇഷ്ടമില്ലാത്ത ശുശ്രൂഷകരെക്കുറിച്ചും വിശ്വാസികളെക്കുറിച്ചും മോശമായി പറഞ്ഞ് വല്ലാത്ത തെറ്റിദ്ധാരണയിൽ എത്തിക്കും. ഒടുവിൽ മനസാന്തരത്തിൽ വന്നവരെ പഴയതിനേക്കാൾ നാശ ഗർത്തത്തിൽ എത്തിക്കും.
അതോടെ അയാൾ പതിയെ പഴയ സ്വഭാവത്തിലേക്ക് മടങ്ങും. ദൈവത്തെയോ, ദൈവവചനത്തെയോ, ശുശ്രൂഷകരെയോ ഭയമില്ലാതെ തെറ്റിപ്പോകാൻ ഇടയാകും. പിന്നീട് അയാളുടെ ജീവിതം ദുർഘടം ആകും. നുണയും വിരോധവും അയാളിൽ കുത്തിവെച്ച് ദൈവ ഭയം ഇല്ലാതാക്കിയാൽ പിന്നീട് അയാൾ, കൂടെ ആരാധിക്കുന്ന വിശ്വാസികളുടെ ന്യൂനതയെ ചോദ്യം ചെയ്ത് വിശ്വാസം വിട്ടു കളഞ്ഞു ആത്മീയച്യുതിയിലേക്ക് പോകും. ഭാര്യയെയും കുഞ്ഞുങ്ങളെയും മർദ്ദിച്ചും മദ്യാസക്തിയിൽ പെട്ടും കുടുംബം തകർന്നു പോകും. ഒരുപക്ഷെ ആത്മഹത്യയിലേക്ക് പോയെന്നും വരും.
സമൂഹത്തിലുള്ള എല്ലാ പ്രസ്ഥാനത്തിലും ന്യൂനതകൾ ഉണ്ട്. അതിനെ മാത്രം ഉയർത്തിക്കാട്ടി സംഘടനകളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ നാം കാണുന്നത്. അതിനിടയിൽ ഒരാൾ വേർപെട്ട വിശ്വാസത്തിലേക്ക് വരുമ്പോൾ ആത്മീയത്തിൽ ഉറപ്പിച്ച് നിത്യതക്ക് അവകാശിയാക്കാൻ അവരെ വളർത്തിയെടുക്കണം. അതിനുപകരം അപവാദത്തിന്റെ കഥകൾ പഠിപ്പിച്ച് അതിന്റെ പ്രചാരകരക്കി അവരെ മാറ്റിയാൽ വിശ്വാസം വിട്ട് അവർ നാശത്തിലേക്ക് പോകും. അവർ പിന്നീട് കാടിന് തീ കത്തിച്ചിട്ട് അന്യപ്പെട്ടുപോകുമെന്നുള്ളത് ആരും മറക്കരുത്.
പിന്നീട് നാം അധികം ദുഃഖിക്കേണ്ടി വരുമെന്നുള്ളത് ഓർക്കുക.
യേശു പറഞ്ഞു: “നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റിനടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു”




