ചെന്നൈ: കേസുകള്‍ തെളിയിക്കാനാകാതെ വന്നതിനെത്തുടർന്ന് തമിഴ്നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ ഗണപതിഹോമം നടത്തിയതായി റിപ്പോർട്ട്.
വിഴുപ്പുരം ജില്ലയിലെ സത്യമംഗലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
യൂണിഫോമും പൂമാലയും ധരിച്ച് ഇൻസ്പെക്ടർ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇൻസ്പെക്ടറുടെ ഭാര്യയും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.
പൊലീസ് സ്റ്റേഷൻ പരിധിയില്‍നിന്ന് കാണാതായ ഏഴുവയസ്സുകാരിയെ ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താനായിരുന്നില്ല. ഇതോടെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നാരോപിച്ച് പ്രദേശവാസികളില്‍നിന്ന് പൊലീസിനെതിരെ പ്രതിഷേധം ഉയർന്നു.
അതിനിടെ പ്രദേശത്തുനിന്ന് ഒരു അസ്ഥികൂടം കണ്ടെത്തിയതായും ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനില്‍ പൂജ നടത്താൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കണ്ടെത്തിയ അസ്ഥികൂടം കാണാതായ കുട്ടിയുടേതാണോയെന്ന് വ്യക്തമല്ല.
പൊലീസ് സ്റ്റേഷനുള്ളില്‍ മതപരമായ ചടങ്ങുകള്‍ നടത്താൻ അനുമതിയില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.




