കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേയില്‍ വാള്‍മാർട്ട് സ്റ്റോറിന് പുറത്ത് നടന്ന വെടിവെപ്പില്‍ ഇന്ത്യൻ വംശജരായ രണ്ടുപേർ കൊല്ലപ്പെട്ടു.
സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആസൂത്രിത ആക്രമണമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.
ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെ (IHIT) ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഗഗൻപ്രീത് (ഗാരി) റെഹാല്‍ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
നവംബർ 15ന് രാത്രിയായിരുന്നു വാള്‍മാർട്ട് സ്റ്റോറിന് പുറത്ത് വെടിവെപ്പുണ്ടായത്. പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ടവർ സമീപപ്രദേശമായ ഡെല്‍റ്റ ടൗണ്‍ഷിപ്പിലെ താമസക്കാരാണെന്ന് പോലീസ് അറിയിച്ചു. ആയുധങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ റെഹാലിന് നേരത്തെയും പോലീസ് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാല്‍, സുഖ്ജീത് കൗറിന് കാനഡയില്‍ ക്രിമിനല്‍ പശ്ചാത്തലമോ സമാനമായ ബന്ധങ്ങളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
ആക്രമണം ആസൂത്രിതമായിരുന്നുവെന്നും സംഘടിത കുറ്റകൃത്യങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടാകാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.




