ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം; 20 പേര്‍ക്ക് പരിക്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം. 20 പേര്‍ക്ക് പരിക്കേറ്റു. തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ 35 യാത്രക്കാരുമായി ഹരിദ്വാറില്‍ നിന്ന് ചമോലിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് നൂറ് മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയികുയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെ ഗുലാര്‍ പാലത്തിന് സമീപമായിരുന്നു അപകടം.

അപകടത്തില്‍ ആറുപേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ഇരുപതോളം പേരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. കാണാതായവര്‍ക്കായി SDRF സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജില്ലാ മജിസ്ട്രേറ്റ് നിതിക ഖണ്ഡേല്‍വാളും പോലിസ് സൂപ്രണ്ട് ശ്വേത ചൗബെയും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.