മിനിബസിലേക്ക് ട്രക്ക് ഇടിച്ചുകയറി; അസമിൽ 23 പേർക്ക് ദാരുണാന്ത്യം, 7 പേർക്ക് പരുക്ക്

ഗുവാഹത്തി: അസമിലെ കാസിരംഗയിൽ വാഹനാപകടത്തിൽ 23 പേർ മരിക്കുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാസിരംഗയ്ക്ക് സമീപം റോംഗജാനിൽ വച്ച് ബോക്കാഖട്ടിൽ നിന്ന് നാഗാവോണിലേക്ക് പോവുകയായിരുന്ന മിനിബസിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടം.

പരുക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ മിനിബസ് പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങൾ ബസിനുള്ളിൽ നിന്ന് പുറത്തെടുത്തു കൊണ്ടിരിക്കുകയാണെന്നും ഗോലാഘട്ട് സീനിയർ പൊലീസ് സൂപ്രണ്ട് സ്വപ്നനീൽ ദേക്ക പിടിഐയോട് പറഞ്ഞു. പരുക്കേറ്റവരെ ചികിത്സയ്ക്കായി കൊഹോറ മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേശീയോദ്യാനത്തിനു സമീപം ഏർപ്പെടുത്തിയിട്ടുള്ള വേഗനിയന്ത്രണങ്ങൾ ലംഘിച്ച് അമിതവേഗതയിലാണ് ബസ് സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്നർ ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.