ഷാജി ആലുവിള
9846473400

അയാൾ ആ പൂക്കൾ ചവിട്ടി അരച്ച് കടന്നു പോയി. തൂത്തുവാരി എടുത്തവർ അതിനെ കുപ്പയിൽ തള്ളി. ഭംഗിയായി സൗരഭ്യം പരത്തി നിന്നിരുന്ന ആ പൂക്കൾ കാഴ്ചക്കാർ കണ്ട് ആസ്വദിച്ചിരുന്നു. ചിത്രശലഭങ്ങൾ വട്ടമിട്ടു പറന്നിരുന്നു അതിനു ചുറ്റും. ആ വീടിന്റെ മുറ്റത്ത് ആ ചെടികളും പൂക്കളും എന്ത് ഭംഗിയായിട്ടാണ് ആടിയുലഞ്ഞു നിന്നത്.
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ആരോ ഒരാൾ ആ ചെടിയെ ചവിട്ടി മറിച്ചത്. മറ്റാരോ അതിലുള്ള പൂവിനെ ചവിട്ടി അരച്ച് കടന്ന് പോയി. കുറച്ച് നാൾകൂടി കൂടി നിന്ന് പൂവിലെ വിത്ത് പാകമായി കിട്ടാൻ നോക്കിയിരിക്കയിരുന്നു അതിനെ നട്ടവൻ. അപ്പോഴാണ് അത് അരിഞ്ഞു വാടിയ നിലയിൽ കുപ്പയിലേക്ക് വലിച്ചെറിഞ്ഞത്.
മണ്ണിലും കുപ്പയിലും മറഞ്ഞു പോയ ആ ചെടിയും പൂക്കളും മണ്ണിലേക്ക് ചേർന്നമർന്നു. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞ്
ആ സ്ഥലത്ത് അതെ പൂക്കൾ വിടർന്ന് മനോഹരിതയോടെ നിൽക്കുന്നു. എന്താണ് അവിടെ സംഭവിച്ചത്.
ചെടി പിഴുതായാളും പൂവ് ചവിട്ടിപോയവരും അതിന്റെ വേദനയോ ഭാവിയോ ചിന്തിച്ചില്ല. പിഴുതാലും താഴെ ഇട്ട് ചവിട്ടിയരച്ച് നശിപ്പിച്ചാലും അതിനുള്ളിൽ വീണ്ടും കിളിക്കുവാനുള്ള ജീവന്റെ അംശം ഉണ്ടെന്നുള്ളത് അവരാരും അറിഞ്ഞില്ല . കുപ്പയിൽ കിടന്ന ആ ചെടി അതിന്റെ വിത്തിനെ പാകമാക്കി. ആ വിത്തുകൾ മണ്ണിലെ ഈർപ്പം കൊണ്ട് പൊട്ടി കിളിർത്തു. മഴയും വെയിലും കിട്ടിയപ്പോൾ വളവും വെള്ളവും ആഗിരണം ചെയ്ത് വളർന്നു. വലിയ ചെടിയായി വീണ്ടും പൂക്കൾ വിരിയുവാൻ തുടങ്ങി.
മനുഷ്യ ജീവിതത്തിലും ഈ അനുഭവം ഉണ്ടായിയെന്ന് വരാം. കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഏതെല്ലാം സംരംഭങ്ങൾ പലരും അടച്ചു പൂട്ടിച്ചു. വളരുവാൻ അനുവദിക്കാതെ എതിരാളികൾ പറിച്ചെറിഞ്ഞ് ചവിട്ടി അരച്ച് കളഞ്ഞു. നിരാശകൊണ്ടും വേദനകൊണ്ടും നിങ്ങൾ നീറിയപ്പോൾ അത് കണ്ട് ശത്രുക്കൾ ആസ്വദിച്ചു. എല്ലാവഴികളും അടഞ്ഞപ്പോൾ തളർന്നിരുന്ന അനുഭവങ്ങൾ. പലരുടെയും പരിഹാസങ്ങൾ അമ്പുപോലെ ഉള്ളിൽ തറച്ചപ്പോൾ പതറി പോയില്ലേ ആ പെരുവഴിയിൽ. നീറി നീറി വിങ്ങി വിങ്ങി കരഞ്ഞപ്പോൾ ആരും അറിഞ്ഞില്ല നിങ്ങളുടെ ആ രോദനം.
പക്ഷെ നിങ്ങൾ അറിയാത്ത ഒരു കരം തൂത്തുവാരി എടുത്ത് തുടർന്ന് കിളിക്കുവാൻ സാധ്യത ഉള്ള സ്ഥലത്ത് എത്തിച്ചു. അങ്ങയുടെ ഉള്ളിലുള്ള പ്രതീക്ഷയുടെ പ്രത്യാശയുടെ വിശ്വാസത്തിന്റെ വിത്തിനെ പാകമാക്കിയെടുത്തു. പൊട്ടികിളിക്കുവാൻ സാഹചര്യം ഒരുക്കി. മണ്ണിലേക്ക് വേരുകൾ ഉറപ്പിച്ചു. ഇലകളിൽ മഞ്ഞും മഴയും ചൂടും പകർന്നു ഭംഗിയോടെ വീണ്ടും വളർത്തി.
അന്ന് അനുഭവിച്ച വേദനയിൽ ആരും കൂടെയില്ലായിരുന്നപ്പോൾ ഇന്ന് പറയുവാൻ സാധിക്കും മറഞ്ഞിരുന്ന ഒരു കരം താങ്ങി നടത്തുവാൻ കൂടെയിരുന്നു. രോഗം, നഷ്ടം, കടം, അപമാനം, ഒറ്റപ്പെടുത്തൽ, മാറ്റി നട്ടെടത്തുനിന്നും പിഴുത് ഏറിയൽ അങ്ങനെ എന്തല്ലാം അഭിമുകീകരിച്ചു. അതിനുള്ളിലും ദൈവം എന്നെ ഉയർത്തും എന്നുള്ള ചെറിയ വിശ്വാസത്തിന്റെ വിത്ത് ഹൃദയത്തിൽ സൂക്ഷിച്ചു. അത് ദൈവം കണ്ടു. ആ ദൈവ കരം അല്ലെ ഇന്ന് ഈ അനുഗ്രഹത്തിൽ എത്തിച്ചത്.
ഇനിയും ഉയർച്ചയിലേക്ക് കയറുവാൻ ദൈവം സഹായിക്കട്ടെ. പറിച്ച് എറിഞ്ഞതും ചവിട്ടി മെതിച്ചതും കുപ്പയിൽ ഇട്ടതും നല്ലതായി. അതെ അതാണ് സത്യം ഒന്ന് കൂടി നാം നന്നാകുവാൻ നന്നായി ഫലം കൊടുക്കുവാൻ ദൈവം ഇടയാക്കി. കാറ്റും കോളും മഴയും പ്രതികൂലമായി വരുമ്പോൾ ദൈവ കരം ഇനിയും സുരക്ഷിതം ആയി തീരട്ടെ. തളർന്നുപോകാതെ യാത്ര തുടരുക….!!
ശുഭ ദിനം നേരുന്നു……!!




