കാലടി സർവകലാശാലയിലെ സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതിക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീലിലാണ് നടപടി. ഇതോടെ നവംബർ 4ന് ആരംഭിക്കുന്ന പരീക്ഷ വിദ്യാർത്ഥികൾക്ക് എഴുതാനാവില്ല. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും, മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതിക്കാൻ അനുവദിക്കില്ലെന്നുമുള്ള വിസിയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
പരീക്ഷാഫീസ് സ്വീകരിച്ച് പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു സർവകലാശാലയ്ക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. സർവകലാശാലയിൽ സമരം ചെയ്തതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തകരായ 16 വിദ്യാർത്ഥികളാണ് കഴിഞ്ഞ 63 ദിവസമായി സസ്പെൻഷനിൽ തുടരുന്നത്. വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
മറുപടി നൽകാൻ അവസരം ലഭിക്കാതെ ഉപഹർജിയിൽ സിംഗിൾ ബെഞ്ച് തീരുമാനമെടുത്തുവെന്നാണ് വിസിയുടെയും സർവകലാശാലയുടെയും വാദം. അപ്പീൽ നൽകിയ വിദ്യാർത്ഥികളിൽ പലർക്കും പരീക്ഷ എഴുതാൻ മതിയായ അറ്റൻഡൻസ് ഇല്ല. പരീക്ഷയ്ക്ക് സൂപ്പർ ഫൈൻ അടച്ച് അപേക്ഷിക്കാൻ ഉള്ള സമയപരിധിയും അവസാനിച്ചു. വി സിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നത് അന്വേഷണത്തെയും സർവകലാശാലയിലെ അന്തരീക്ഷത്തെയും ബാധിക്കും എന്നുമാണ് സർവകലാശാല ഉയർത്തിയ വാദം.




