കുറ്റിയും കൊളുത്തും അന്താഴവുമായി ഇപ്പോഴും ചിലർ. അത് സമാഗമന കൂടാരത്തിൻ്റേതായാലോ? അതിന് പവിത്രത കൂടുകയും ചെയ്യും. പുതിയനിയമസഭയിലെ ചില പോതകർ കർത്താവ് വന്നാലും ഈ കുറ്റിയും കൊളുത്തുമായി ഇവിടെ പിന്നെയും പ്രസംഗിച്ച് നടക്കും.
യിസ്രായേൽ മക്കളുടെ ഈജിപ്റ്റിൽ നിന്നും കനാൻ നാട്ടിലേക്കുള്ള യാത്രയിൽ ദൈവത്തിന് ജനത്തോട് സംസാരിക്കണമായിരുന്നു. അതിന് ജനത്തിനിടയിൽ ഒരു വാസസ്ഥലം അനിവാര്യമായിരുന്നു. ആ ഇടം പണിയാൻ നിയോഗം ലഭിച്ചത് മോശയ്ക്കാണ്. ദൈവത്താൽ മോശ പണിത പോർട്ടബിൾ ആരാധനാലയത്തിൻ്റെ പേരാണ് സമാഗമന കൂടാരം. ജനം സഞ്ചരിക്കുന്നതിനനുസരിച്ച് കൂടാരം മാറ്റി മാറ്റി സ്ഥാപിച്ചു കൊണ്ടിരുന്നു. ഈ കൂടാരം മോശ പണിതെങ്കിലും ഇത് രൂപകൽപ്പന ചെയ്തത് ദൈവമായിരുന്നു.
ഈ കൂടാരം എന്തെല്ലാം വസ്തുക്കളെക്കൊണ്ട് എങ്ങനെ നിർമ്മിക്കണം, എന്തൊക്കെ വസ്തുക്കൾ അതിനകത്ത് സ്ഥാപിക്കണം എന്നതിനെ കുറിച്ചൊക്കെ മോശയ്ക്ക് ദൈവം നിർദ്ദേശവും നൽകി. മോശ അങ്ങനെ തന്നെ ചെയ്തു. യഹോവ മോശയെ മദ്ധ്യസ്ഥനാക്കി ജനത്തോട് സംസാരിച്ചു കൊണ്ടിരുന്നു. എന്നാൽ യിസ്രായേൽ മക്കൾ കനാൻ നാട്ടിലേക്ക് പ്രവേശിച്ചതോടെ സമാഗമന കൂടാരത്തിൻ്റെ പ്രസക്തി തീരുകയാണ്.
ദാവീദിൻ്റെ കാലത്ത് പണിതുടങ്ങി ശാലോമോൻ പൂർത്തീകരിച്ച യെരുശലേം ദേവാലയത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ചരിത്രമാണ് പിന്നീട് നാം കാണുന്നത്. 40 വർഷത്തെ യാത്രക്കിടയിൽ മാത്രം ഉപയോഗിച്ചിരുന്ന ഈ താൽക്കാലിക കൂടാരത്തിൻ്റെ പ്രസക്തി പുതിയ നിയമസഭയിൽ എത്ര മാത്രമുണ്ടെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഈ ചരിത്ര സംഭവത്തിൻ്റെ കാലഘട്ടം ഇന്നേക്ക് 3500 വർഷം മുമ്പെങ്ങാനുമാകാണ് സാദ്ധ്യത. ഈ താൽക്കാലിക മാനുഷിക കൂടാരത്തിൻ്റെ കുറ്റിയും കൊളുത്തും അന്താഴവും പലകയുമൊക്കെ പുതിയ നിയമവുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു. കൂടാരത്തിൽ ഇറങ്ങി വന്നിരുന്ന ദൈവം മോശയെ മദ്ധ്യസ്ഥനാക്കിക്കൊണ്ട് ജനത്തോട് സംസാരിക്കുകയായിരുന്നു.
ഈ ദൈവമാണല്ലോ മദ്ധ്യസ്ഥനായി മനുഷ്യജന്മമെടുത്ത് മരണം സ്വയം ഏറ്റെടുത്തത്. ഈ മരണത്തോടെ ഭൂമിലെ സകല മനുഷരുടേയും പാപം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. അത് വിശ്വസിച്ച് ഏറ്റെടുത്താൽ മാത്രം മതി. അതോടെ രക്ഷ കരഗതമാകും, ഒപ്പം സ്വർഗ്ഗവും. ഇതിനിടയിൽ പുതിയനിയമത്തിൻ്റെയും യേശു ക്രിസ്തുവിൻ്റെയും മഹത്വം മറന്ന് ഒരു കെട്ടിടത്തിനെ മഹത്വവൽക്കരിച്ച് പ്രസംഗിക്കുന്നത് കാലോചിതമല്ല. ഒരു താൽക്കാലിക ആരാധനാ സംവിധാനമായിരുന്നല്ലോ സമാഗമകൂടാരം. യാത്രയ്ക്കിടയിൽ കർത്താവിന് മോശവഴി ജനത്തോട് സംസാരിക്കാനൊരിടം മാത്രം.
അതിന്ശേഷം കർത്താവിന് തൻ്റെ സാന്നിദ്ധ്യം ഉറപ്പിക്കാൻ സ്ഥിരം സംവിധാനമായി യെരുശലേം ദേവാലയവും വന്നു. അതുകൊണ്ട് ദൈവത്തെ ഓർത്ത് ‘ വേദ പണ്ഡിതന്മാർ ‘ ഇനി വിശ്വാസികളെ കൊളുത്തിയിടാനും കുറ്റിയിൽ കെട്ടാനും അന്താഴത്തിൽ ‘ തൂക്കാനും തുനിയരുത്.
ദൈവം നിർദ്ദേശിച്ചതുപോലെ വ്യവസ്ഥ പ്രകാരം ഒരു ആലയം മോശ പണിതു എന്നു മാത്രം ചിന്തിച്ചാൽ പോരെ. ദാവീദ് ഗോല്യാത്തിനെ കൊല്ലാൻ ഉപയോഗിച്ച 5 കല്ലുകൾക്ക് വ്യാഖ്യാനം നൽകി ചിലർ പ്രസംഗിക്കാറുണ്ട്. ഓരോ കല്ലിനും സ്നേഹം, സമാധാനം, സന്തോഷം എന്നൊക്കെയാണ് വ്യാഖ്യാന നാമങ്ങൾ. എൻ്റെ സുഹൃത്തെ, ദാവീദ് ഗോല്യാത്തിനെ ‘തട്ടി ‘ എന്നങ്ങ് പറഞ്ഞാൽ പോരെ. ഈ വെളിവ് കെട്ട വ്യാഖ്യാനത്തിൻ്റെ ഉടമയെ ഒരു ‘ ഗോല്യാത്തായി ‘ നാം കണ്ടാൽ മതി.
ആധുനിക റവറണ്ടന്മാരോട് ഒരഭ്യർത്ഥന ഉണ്ട്. നിങ്ങൾ പഴയനിയമം ഇടത്തെ കയ്യിൽ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുക. എന്നിട്ട് പുതിയ നിയമം വലത്തെ മുഷ്ടിയിൽ പിടിച്ച് ആകാശത്തേക്ക് ഉയർത്തി യേശുവിനെ പ്രസംഗിക്കുക. കൂടാരത്തിൽ ഒരാൾക്ക് മാത്രം പ്രത്യക്ഷ പ്പെട്ടുകൊണ്ടിരുന്നവൻ ഇന്ന് ജനകോടികളിൽ പരസ്യമായി വെളിപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് കൂടി ഓർക്കുക.
സൃഷ്ടിയുടെ മരണം കണ്ട് കരഞ്ഞ സൃഷ്ടാവായ ദൈവമാണ് ക്രിസ്തു. ഇതാണ് ഉള്ള് തുറന്ന സ്നേഹം. ഇത് തിരിച്ചറിയണമെങ്കിൽ കങ്കാണിമാർ ഒന്ന് കൂടി ‘രക്ഷിക്കക്കപ്പെടണം’. അതിന് സാധിക്കുന്നില്ലെങ്കിൽ കുറ്റിയും കൊളുത്തുമായി സുഖേന കറങ്ങി നടക്കാം. ചില നിഷ്കളങ്കരായ സഹോദരിമാർ മുന്നിലിരുന്ന് ഉച്ചത്തിൽ രണ്ട് സ്തോത്രം പറഞ്ഞാൽ പ്രസംഗകൻ്റെ വിചാരം എൻ്റെ പ്രസംഗം ‘എറിച്ചു’ എന്നാണ്. സ്റ്റേജിൽ നിന്ന് ആക്രോശിക്കുമ്പോൾ പ്രസംഗകന് സന്തോഷം പകരാൻ ഒന്ന് സപ്പോർട്ട് ചെയ്യുന്നു എന്നേയുള്ളു.
90 ശതമാനം വിശ്വാസികളും ‘ ഇയാൾക്ക് പ്രസംഗിക്കാൻ കുറ്റിയും കൊളുത്തുമേ ഉള്ളോ’ എന്ന് പരസ്പരം ചോദിച്ചു കൊണ്ടാണ് ഓഡിറ്റോറിയം വിടുന്നത്. ഇതുണ്ടോ പ്രസംഗകൻ അറിയുന്നു. അല്ല, അറിഞ്ഞാലും എന്താ ഗുണം. നേതാവല്ലേ മിണ്ടാൻ പറ്റുമോ? പിടിച്ച് ‘ജയിലിലെങ്ങാനും’ ഇട്ടാലോ.
-കെ.എൻ റസ്സൽ




