സെൻട്രല്‍ പൊലീസ് സ്റ്റേഷനിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന രാസലഹരി കവർന്ന എസ്.ഐ അറസ്റ്റില്‍. എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ് എസ്. തൗഫീഖ് ആണ് പിടിയിലായത്. സംഭവത്തെ തുടർന്ന് അനസിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കോടതി നടപടികള്‍ പൂർത്തിയാക്കി നശിപ്പിക്കാനായി ലോക്കർ റൂമില്‍ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീല്‍ ചെയ്ത കവറോടെയാണ് അനസ് പുറത്തേക്ക് കടത്തിയത്. അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസ്സിലായതോടെ 202 ഗ്രാം രാസലഹരിയാണ് ഇയാള്‍ തിരിച്ചേല്‍പ്പിച്ചത്. കവർന്നതിന്റെ രണ്ടര ഇരട്ടിയോളം ലഹരിമരുന്ന് സീല്‍ ചെയ്യാത്ത കവറിലാണ് എസ്.ഐ തിരിച്ചെത്തിച്ചത്.
എന്തിനാണ് ലഹരിമരുന്ന് പുറത്തേക്ക് കടത്തിയതെന്ന കാര്യത്തിലും, തിരിച്ചേല്‍പ്പിച്ചപ്പോള്‍ അധിക അളവ് എങ്ങനെ വന്നുവെന്നതിലും പോലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിലും സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നല്കിയ വിശദീകരണത്തിലും ഇയാള്‍ വ്യാജ വാദങ്ങളാണ് നിരത്തിയതെന്ന് സസ്പെൻഷൻ ഉത്തരവില്‍ വ്യക്തമാക്കുന്നു.
‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കുന്നതില്‍ സജീവമായിരുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ ലഹരിക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ലഹരിക്കേസുകളില്‍ മുമ്പ് വിവരങ്ങള്‍ ചോർത്തി നല്‍കിയിട്ടുണ്ടോ, അതോ മറ്റാരെയെങ്കിലും കേസില്‍ കുടുക്കാൻ വേണ്ടിയാണോ ലഹരിമരുന്ന് കടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ട്രാഫിക് വെസ്റ്റ് എ.സി.പി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
സ്റ്റേഷൻ ലോക്കറില്‍ നിന്ന് 87 ഗ്രാമിന്റെ ലഹരിമരുന്ന് കവർ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം 18-ന് അനസ് ലോക്കർ മുറിയില്‍ കയറിയതായി കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷൻ അധികൃതർ ലോക്കർ റൂമിന്റെ താക്കോല്‍ മാറ്റിയിരുന്നു. തുടർന്ന് ഈ താക്കോല്‍ തിരക്കി അനസ് എത്തിയതോടെയാണ് പോലീസിന് സംശയം ശക്തമായതും വിശദീകരണം തേടിയതും. കളി കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെയാണ് അനസ് കവർ തിരിച്ചേല്‍പ്പിച്ചത്.




