ചെന്നിത്തലയുടെ ഉശിരൻ ഇടപ്പെടൽ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകട കേസിലെ വീഴ്ചയില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്‌ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടി. കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

പൊലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കുമെന്നും നിയമനടപടിയുടെ കാര്യത്തില്‍ പൊലീസെന്നോ ജഡ്ജിയെന്നോ വ്യത്യാസമുണ്ടാകില്ലെന്നും എഡിജിപി പി.വിജയന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് നടപടി. സംഭവത്തില്‍ പൊലീസിന് പ്രാഥമിക ഘട്ടത്തില്‍ വീഴ്ച സംഭവിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.

നിലവില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കേസിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് സംഘം പതിനേഴുകാരന്റേയും അമ്മയുടെയും മൊഴിയെടുത്തിരുന്നു. ജഡ്ജിയെ ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭ്യമായാല്‍ ഉടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.