സെര്‍ബിയയില്‍ വിദ്യാര്‍ഥി വിപ്ലവം; പ്രതിപക്ഷ കൂട്ടായ്മക്ക് വിജയം

ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച്‌ വിദ്യാര്‍ഥി നേതൃത്വത്തിലുള്ള പ്രസ്ഥാനം.

ഞായറാഴ്ച നടന്ന നിര്‍ണായക പാര്‍ലമെന്റ് സ്‌നാപ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥി സഖ്യം ഉജ്ജ്വല വിജയം നേടി. 14 വര്‍ഷമായി രാജ്യം അടക്കിവാണ അലക്‌സാണ്ടര്‍ വുചിചിന്റെ വലതുപക്ഷ പോപ്പുലിസ്റ്റ് പാര്‍ട്ടിയായ സെര്‍ബിയന്‍ പ്രോഗ്രസീവ് പാര്‍ട്ടി പരാജയം സമ്മതിച്ചതോടെ ബെല്‍ഗ്രേഡിന്റെ തെരുവുകള്‍ ആഘോഷത്തിമിര്‍പ്പിലായി.

‘സ്റ്റുഡന്റ് ലിസ്റ്റ് – സ്റ്റുഡന്റ്‌സ് വിന്‍’ എന്ന തെരഞ്ഞെടുപ്പ് പട്ടികയുടെ നൂറുകണക്കിന് പിന്തുണക്കാരാണ് തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ വിജയാഘോഷത്തിനായി ഒത്തുകൂടിയത്. റോയിട്ടേഴ്‌സ് പുറത്തുവിട്ട ചിത്രങ്ങളില്‍ വിദ്യാര്‍ഥികള്‍ ദേശീയ പതാകയേന്തി ആഹ്ലാദം പ്രകടിപ്പിക്കുന്നത് കാണാം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ച വുചിച് തന്നെ തോല്‍വി സമ്മതിച്ചതോടെ ആഘോഷങ്ങള്‍ രാജ്യമെമ്പാടും വ്യാപിച്ചു.

ഒരു റെയില്‍വേ അപകടത്തില്‍ നിന്ന് തുടങ്ങിയ ജനകീയ പ്രക്ഷോഭം എങ്ങനെ ഒരു ഭരണകൂടത്തെ തന്നെ വീഴ്ത്തി എന്നതിന്റെ നേര്‍സാക്ഷ്യമാണ് സെര്‍ബിയയില്‍ കണ്ടത്. 2024 നവംബറില്‍ നോവി സാഡ് റെയില്‍വേ സ്റ്റേഷനില്‍ മേല്‍ക്കൂര തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവമാണ് എല്ലാത്തിനും തുടക്കം. നിര്‍മാണത്തിലെ അഴിമതിയും സര്‍ക്കാരിന്റെ അലംഭാവവുമാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച്‌ വിദ്യാര്‍ഥികള്‍ അന്ന് തെരുവിലിറങ്ങി.

ആദ്യം നോവി സാഡില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് ബെല്‍ഗ്രേഡ് ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും പടര്‍ന്നു. സര്‍വകലാശാലകള്‍ അടച്ചിട്ട്, തെരുവുകള്‍ ഉപരോധിച്ച്‌ വിദ്യാര്‍ഥികള്‍ നടത്തിയ സമരം സെര്‍ബിയ കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രസ്ഥാനമായി മാറി. സര്‍ക്കാര്‍ അടിച്ചമര്‍ത്തലുകളെയും മാധ്യമ വിലക്കുകളെയും പൊലീസ് നടപടികളെയും അതിജീവിച്ചാണ് വിദ്യാര്‍ഥികള്‍ മുന്നോട്ട് പോയത്.

ഏകദേശം രണ്ട് വര്‍ഷത്തോളം നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍, പ്രതിഷേധം കൊണ്ട് മാത്രം കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ നേരിട്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സ്റ്റുഡന്റ് ലിസ്റ്റ് രൂപീകരിക്കപ്പെടുന്നത്.

2012 മുതല്‍ സെര്‍ബിയയുടെ രാഷ്ട്രീയ ഭാവി നിയന്ത്രിച്ചിരുന്ന നേതാവാണ് അലക്‌സാണ്ടര്‍ വുചിച്. ശക്തമായ ദേശീയതയും വലതുപക്ഷ നിലപാടുകളും ഉയര്‍ത്തി അധികാരം നിലനിര്‍ത്തിയ അദ്ദേഹത്തിന് ഇത്തവണ വിദ്യാര്‍ഥികളുടെ കൂട്ടായ്മക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

ഈ വിജയം സെര്‍ബിയയെ സംബന്ധിച്ച്‌ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്ന സെര്‍ബിയയില്‍, കൂടുതല്‍ ജനാധിപത്യപരവും സുതാര്യവുമായ ഒരു ഭരണകൂടം വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. അഴിമതി രഹിത ഭരണം, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം, യൂറോപ്പുമായി കൂടുതല്‍ അടുപ്പം എന്നിവയാണ് പുതിയ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.