പാരീസ്: യൂറോപ്യൻ രാജ്യങ്ങളിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, ജീവിതച്ചെലവുകളിലെ വർധനവ് എന്നിവയ്ക്കെതിരെ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങൾ കൂടുതൽ ആക്രമാസക്തമാകുന്നു. യൂറോപ്പിലുടനീളം പടർന്നുപിടിച്ച പ്രക്ഷോഭങ്ങളിൽ വൻ നാശനഷ്ടങ്ങളും വ്യാപകമായ അറസ്റ്റുകളുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
അൽബേനിയൻ തലസ്ഥാനമായ തിരാനയിൽ സർക്കാരിനെതിരെ അഞ്ചാം ദിവസവും തുടരുന്ന കടുത്ത പ്രക്ഷോഭത്തിനിടെ അൽബേനിയൻ സുപ്രീം കോടതി കെട്ടിടത്തിന് പ്രക്ഷോഭകർ തീയിട്ടു. പ്രധാനപ്പെട്ട കേസ് ഫയലുകൾക്കും കോടതി കെട്ടിടത്തിനും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. പ്രധാനമന്ത്രി എഡി രാമ സർക്കാരിന്റെ അഴിമതിക്കും സാമ്പത്തിക നയങ്ങൾക്കുമെതിരെയാണ് പ്രധാനമായും ഇവിടെ സമരം നടക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട അക്രമികൾക്കായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
ഫ്രാൻസിൽ ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെ ആരംഭിച്ച സമരം അക്രമാസക്തമായി തുടരുകയാണ്. സെൻട്രൽ ഫ്രാൻസിലെ ലിമോജ് നഗരത്തിലുള്ള 19-ാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ സിറ്റി ഹാൾ കെട്ടിടത്തിന് പ്രക്ഷോഭകർ തീയിട്ടു. കെട്ടിടത്തിന്റെ മേൽക്കൂരയടക്കം കത്തിയമർന്നു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം നടന്ന അക്രമ സംഭവങ്ങളിൽ 1,800-ലധികം ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായി തുടരുന്നു.
മിലാനിലും റോമിലും വിദ്യാർത്ഥികളും തൊഴിലാളി യൂണിയനുകളും ചേർന്നുള്ള പ്രക്ഷോഭത്തിൽ പോലീസുമായി വൻ ഏറ്റുമുട്ടലുണ്ടായി. തലസ്ഥാനമായ മാഡ്രിഡിൽ പാർപ്പിട പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ലിസ്ബണിൽ ജീവിതച്ചെലവും കുറഞ്ഞ വേതനവും മുൻനിർത്തി ജനങ്ങൾ സർക്കാരിനെതിരെ പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറുന്നതിനെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഉൾപ്പെടെയുള്ള നേതാക്കൾ കടുത്ത ഭാഷയിൽ അപലപിച്ചു. എന്നാൽ, അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് പ്രക്ഷോഭകർ.




