ദർശനത്തിൽനിന്ന് സാമൂഹ്യ സേവനത്തിലേക്ക് വളർന്ന് ഐ എ ജി ബിസിനസ് ഹബ്

സ്വാൻസി, വെയിൽസ്: ദൈവം നൽകുന്ന ദർശനങ്ങൾ വിശ്വാസത്തോടും സമർപ്പണത്തോടും കൂടി പിന്തുടരുമ്പോൾ, പ്രതിസന്ധികളെയും നീണ്ട കാത്തിരിപ്പിനെയും അതിജീവിച്ച് അവ യാഥാർഥ്യമാകുമെന്നതിന്റെ സാക്ഷ്യമായി ഐ എ ജി യുകെ & യൂറോപ്പിന്റെ പുതിയ സംരംഭമായ ഐ എ ജി ബിസിനസ് ഹബ് ശ്രദ്ധേയമാകുന്നു. സുവിശേഷപ്രവർത്തനത്തോടൊപ്പം സമൂഹത്തിന്റെ സമഗ്രവികസനത്തിനും പ്രാധാന്യം നൽകുന്ന ഈ പദ്ധതി, റവ.ബിനോയ് എബ്രഹാമിന്റെ ദീർഘവീക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും ഫലമാണ്.

യുകെയിലെ മിഷനറി പ്രവർത്തനത്തിന് തുടക്കം കുറിച്ച് ഇരുപത് വർഷം പിന്നിടുന്ന ഈ ഘട്ടത്തിൽ, ദൈവം നൽകിയ രണ്ട് പ്രധാന ദർശനങ്ങളാണ് റവ ബിനോയ് എബ്രഹാമിന്റെ ശുശ്രൂഷായാത്രയിൽ നിർണായകമായത്.

യുകെയിലെയും യൂറോപ്പിലെയും പ്രധാന നഗരങ്ങളിൽ സഭകൾ സ്ഥാപിക്കുക, അതോടൊപ്പം ദൈവവേലക്കായി സമർപ്പിതരായ ശുശ്രൂഷകരെ ഒരുക്കുക എന്നതായിരുന്നു ആദ്യ ദർശനം.
കൂടെ വിശ്വാസികൾ ആരുമില്ലാത്ത, പിന്തുണ പരിമിതമായിരുന്ന ഒരു ഘട്ടത്തിലാണ് ഈ ദർശനം അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ സാഹചര്യങ്ങളേക്കാൾ ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ആശ്രയിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടുപോയി.

വർഷങ്ങൾ പിന്നിട്ടപ്പോൾ ആ ദർശനം വളർന്ന് അനേകം സഭകളുടെയും ശുശ്രൂഷകരുടെയും വിശ്വാസിസമൂഹങ്ങളുടെയും വലിയൊരു ആത്മീയ മുന്നേറ്റമായി മാറി. ഇന്ന് അസംബ്ലീസ് ഓഫ് ഗോഡ് – ഐ എ ജി യു കെ & യൂറോപ്പ് എന്ന പ്രസ്ഥാനത്തിലൂടെ ആ ദർശനത്തിന്റെ ഫലങ്ങൾ ദൃശ്യമായിക്കൊണ്ടിരിക്കുന്നു.


രണ്ടാമത്തെ ദർശനം സഭയെയും സമൂഹത്തെയും ഒരുപോലെ ബന്ധിപ്പിക്കുന്ന ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റ് സ്ഥാപിക്കുക എന്നതായിരുന്നു. ഈ സ്വപ്നം യാഥാർഥ്യമാകാൻ പതിനാറു വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. അതിനായി വലിയ പരിശ്രമവും ത്യാഗവും സഹനവും ആവശ്യമായി വന്നു.

മലബാറിലെ ഒരു കൊച്ചുഗ്രാമത്തിൽനിന്ന് യു കെയിലെ മിഷനറി പ്രവർത്തനരംഗത്തേക്ക് കടന്നുവന്ന റവ ബിനോയ് എബ്രഹാമിന്റെ യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു . ദർശനത്തിന്റെ ആഴം എല്ലാവർക്കും ഒരുപോലെ മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യങ്ങളും വിമർശനങ്ങളും ഒറ്റപ്പെടലുകളും ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ അടുത്തുനിന്നവർക്കുപോലും പദ്ധതിയുടെ പ്രാധാന്യം പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ ദൈവം ഏൽപ്പിച്ച ദൗത്യത്തോടുള്ള പ്രതിബദ്ധതയിൽ അദ്ദേഹം ഉറച്ചുനിന്നു. ദൈവം നൽകിയ ഉത്തരവാദിത്വം തുറന്നുപറയുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തപ്പോൾ, എല്ലാ ഘട്ടങ്ങളിലും പ്രോത്സാഹനം ലഭിച്ചില്ലെങ്കിലും ദർശനത്തിൽനിന്ന് പിന്മാറാതെ മുന്നോട്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒടുവിൽ ദീർഘകാലത്തെ കാത്തിരിപ്പിനും പ്രയത്‌നത്തിനും ശേഷം രണ്ടാമത്തെ ദർശനവും യാഥാർഥ്യത്തിലേക്ക് എത്തി.

ഐ എ ജി ബിസിനസ് ഹബ്

സഭയിൽനിന്ന് സമൂഹത്തിലേക്ക് തുറക്കുന്ന വാതിലുകൾ ഐ എ ജി ബിസിനസ് ഹബ് ഒരു കെട്ടിടമോ ബിസിനസ് സംരംഭമോ മാത്രമല്ല. സുവിശേഷദൗത്യത്തെയും സാമൂഹിക ഉത്തരവാദിത്വത്തെയും വിദ്യാഭ്യാസത്തെയും തൊഴിൽവികസനത്തെയും ഒരുമിപ്പിക്കുന്ന ഒരു വേദിയായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഈ സംരംഭത്തിലൂടെ സമൂഹത്തിന് ലഭ്യമാകുന്ന പ്രധാന അവസരങ്ങൾ:
യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കുള്ള പ്ലേസ്മെന്റ് അവസരങ്ങൾ: പഠനത്തോടൊപ്പം പ്രായോഗിക തൊഴിൽപരിചയം നേടാൻ സഹായിക്കുന്ന അവസരങ്ങൾ.

എക്ലീസിയ അക്കാദമി (Ecclesia Academy): വിവിധ കോഴ്സുകളും വെയിൽസ് സർക്കാരുമായി സഹകരിച്ചുള്ള മുതിർന്നവർക്കായുള്ള പഠനപരിപാടികളും.

ഐടി വർക്ക് സ്റ്റേഷനുകളും പരിശീലന കോഴ്സുകളും:
ഡിജിറ്റൽ നൈപുണ്യവും തൊഴിൽപരമായ അറിവും വളർത്തുന്നതിനുള്ള സൗകര്യങ്ങൾ.

മീഡിയ റൂമും മൾട്ടിമീഡിയ കോഴ്സുകളും:
മാധ്യമരംഗത്ത് കഴിവുകൾ വികസിപ്പിക്കാനും പരിശീലനം നേടാനും അവസരം.

ഓഫീസ് വർക്ക് സ്പേസുകൾ:
വ്യക്തികൾക്കും ചെറുസംരംഭങ്ങൾക്കും തൊഴിൽപരമായ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കാവുന്ന ഇടങ്ങൾ.

ബീൻ ബ്ലൂം കഫേ (Bean Bloom Café)
സാമൂഹിക ഇടപെടലിനും കൂട്ടായ്മയ്ക്കും സംരംഭകത്വത്തിനും വേദിയാകുന്ന കഫേ.

ചാപ്പൽ ശുശ്രൂഷകൾ
ആത്മീയ കൂട്ടായ്മയ്ക്കും പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുമുള്ള സൗകര്യങ്ങൾ.
കോൺഫറൻസ് വേദി. സഭകൾക്കും സംഘടനകൾക്കും വിവിധ കൂട്ടായ്മകൾക്കും സമ്മേളനങ്ങൾ സംഘടിപ്പിക്കാനുള്ള ഇടം.

ഇതിലൂടെ വിദ്യാഭ്യാസം, തൊഴിൽപരിശീലനം, സംരംഭകത്വം, സാമൂഹികബന്ധങ്ങൾ, ആത്മീയശുശ്രൂഷ എന്നിവയെ ഒരേ വേദിയിൽ കൂട്ടിയിണക്കുകയാണ് ലക്ഷ്യം.

ദർശനത്തോടൊപ്പം നിന്ന വിശ്വസ്തരായ നേതൃത്വം
ഐ എ ജി ബിസിനസ് ഹബ്ബിന്റെ സമർപ്പണത്തിലും പ്രാർത്ഥനയിലും വിവിധ മേഖലകളുടെ ചുമതലകൾ നിർവഹിച്ചവർ, വർഷങ്ങളായി ഈ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിക്കുകയും ദർശനത്തിന്റെ വളർച്ചയ്ക്കായി സമർപ്പണം തെളിയിക്കുകയും ചെയ്തവരാണ്. ഉദ്ഘാടനത്തിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു..

ഐഎജി ബിസിനസ് ഹബ് – റവ ബിനോയ് എബ്രഹാം

ഐഎജി യുകെ & യൂറോപ്പിന്റെ ചെയർമാൻ, സ്ഥാപക നേതാവ്, ദർശനത്തിന്റെ മുഖ്യശില്പി, പദ്ധതിയുടെ നേതൃത്വം വഹിക്കുന്ന വ്യക്തി, ബോർഡ് ഓഫ് ഡയറക്ടർസ് ചെയർമാൻ എന്നീ നിലകളിൽ ഈ സംരംഭത്തിന്റെ രൂപീകരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിക്കുന്ന റവ ബിനോയ് എബ്രഹാം ഐ എ ജി ഹബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

എക്ലീസിയ അക്കാദമി – റവ ജിജി തോമസ്

ഐഎജി യുകെ & യൂറോപ്പിന്റെ ദീർഘകാല ജനറൽ സെക്രട്ടറിയായും പ്രധാന നേതൃത്വനിരയിലെ അംഗമായും പ്രവർത്തിച്ചുവരുന്ന അദ്ദേഹം അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു

വർക്ക് സ്റ്റേഷനുകൾ – സിസ്റ്റർ വിൻസി വർഗീസ്

ഐ എ ജി ടിവിയിലും പ്രസ്ഥാനത്തിന്റെ മറ്റു പ്രവർത്തനമേഖലകളിലും വർഷങ്ങളായി സേവനം അനുഷ്ഠിച്ച അനുഭവസമ്പത്തുള്ള സിസ്റ്റർ വിൻസി വർഗ്ഗീസ് വർക്ക് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

ഓഫീസ് – പാസ്റ്റർ വിൽസൺ എബ്രഹാം

വർഷങ്ങളായി പ്രസ്ഥാനത്തോടൊപ്പം നിൽക്കുകയും, 15 ൽ പരം വർഷമായി ഐ എ ജി യൂ കെ & യൂറോപ്പ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായി പ്രവർത്തിക്കുകയും ചെയ്ത ദൈവദാസൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.

വർക്ക് സ്പേസുകൾ – പാസ്റ്റർ ബെൻ മാത്യു

ഐഎജി യുകെ & യൂറോപ്പിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ വർഷങ്ങളായി പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം, പ്രസ്ഥാനത്തിന്റെ ട്രഷറായി ദീർഘവർഷം പ്രവർത്തിക്കുകയും ഇപ്പോൾ ഡയറക്ടർ ബോർഡിലും സേവനം അനുഷ്ഠിക്കുന്ന ദൈവദാസൻ എന്ന നിലയിൽ വർക്ക് സ്പേസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

ബീൻ ബ്ലൂം കഫേ – പാസ്റ്റർ ജിനു മാത്യു

ഐഎജി യുകെ & യൂറോപ്പിന്റെ ദർശനത്തോടൊപ്പം വർഷങ്ങളായി പ്രവർത്തിക്കുകയും പ്രസ്ഥാനത്തിന്റെ അടിത്തട്ടിൽനിന്ന് വളർന്നു വരികയും ചെയ്ത ശുശ്രൂഷകനെന്ന നിലയിലും എക്സിക്യൂട്ടീവ് കൗൺസിൽ അംഗം എന്നനിലയിലും കഫേയുടെ ഉദ്ഘാടനം പാസ്റ്റർ ജിനു മാത്യു നിർവഹിച്ചു.

കിച്ചൻ – സിസ്റ്റർ ഷീമോൾ മാത്യു ഡയറക്ടർ ബോർഡ് മെമ്പർ

ഐ എ ജിയുടെ സ്ഥാപകകാലം മുതൽ പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്ന അംഗവും ഐ എ ജിയുടെ ദർശനത്തോടുള്ള ആത്മാർഥതയും ഭാവിവളർച്ചയ്ക്കായുള്ള ത്യാഗപൂർണമായ സമർപ്പണവും തെളിയിച്ച വ്യക്തിയുമാണ്.

വ്യത്യസ്ത മേഖലകളുടെ ചുമതലകൾ വിശ്വസ്തരായ വ്യക്തികളെ ഏൽപ്പിച്ചുകൊണ്ട്, കൂട്ടായ നേതൃത്വത്തിന്റെയും ദീർഘകാല സമർപ്പണത്തിന്റെയും പ്രാധാന്യമാണ് ഈ പദ്ധതി വ്യക്തമാക്കുന്നത്.

വിശ്വാസത്തിന്റെയും സഹനത്തിന്റെയും സാക്ഷ്യം ഐ എ ജി യു കെ & യൂറോപ്പിലെ വിശ്വാസിസമൂഹത്തിനും നേതൃത്വനിരയ്ക്കും ഈ യാത്രയിൽ പിന്തുണ നൽകിയ എല്ലാവർക്കും പൊതുസമൂഹത്തിനും നന്ദി അറിയിക്കുന്നു.

ഒരു ആരാധനാലയം വാങ്ങുന്നതും സ്ഥാപിക്കുന്നതും പോലെയല്ല, വിദ്യാഭ്യാസം, തൊഴിൽപരിശീലനം, സാമൂഹികവികസനം, ആത്മീയശുശ്രൂഷ എന്നിവ ഒരുമിപ്പിക്കുന്ന ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റ് സ്ഥാപിക്കുക എന്നത്. അതിന് ദീർഘകാല ആസൂത്രണവും വലിയ ഉത്തരവാദിത്വവും സാമ്പത്തികവും മാനുഷികവുമായ സമർപ്പണവും ആവശ്യമാണ്.
എല്ലാ ദർശനങ്ങളും എല്ലാവർക്കും ഒരേ സമയം മനസ്സിലാകണമെന്നില്ല. ചില യാത്രകളിൽ വിമർശനങ്ങളും ഒറ്റപ്പെടലുകളും ഉണ്ടാകാം. എന്നാൽ അത്തരം സാഹചര്യങ്ങൾ ദർശനത്തിൽ ഉറച്ചുനിൽക്കുന്നവരെ കൂടുതൽ പക്വരാക്കുകയും ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുകയും ചെയ്യുന്നു.

റവ ബിനോയ് എബ്രഹാമിന്റെ ശുശ്രൂഷയിലൂടെ ദൈവസ്നേഹം സഭയുടെ മതിലുകൾക്കപ്പുറത്തേക്ക് സമൂഹത്തിലേക്ക് എത്തിക്കാനും സമൂഹത്തിന്റെ വികസനത്തിന് സംഭാവന നൽകാനും കഴിയുമെന്ന പ്രതീക്ഷയാണ് ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നത്.
മനുഷ്യരുടെ പിന്തുണ പരിമിതമായിരുന്ന അവസരങ്ങളിലും ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടുപോയ ഒരു ദർശനം, അനേകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ യാഥാർഥ്യമാകുന്നതിന്റെ സാക്ഷ്യമായി ഐ എ ജി ബിസിനസ് ഹബ്ബിനെ കാണാം.