കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജയ്ക്കിടെ തിക്കും തിരക്കും; 19 പേര്‍ക്ക് ദാരുണാന്ത്യം

കൊൽക്കത്തയിലെ ചോർബഗനിൽ ദുർഗാ പൂജ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും 19 മരണം. 24 പേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 7.40നാണ് ശാരദ പാർക്കിലെ പന്തലിൽ അപകടം ഉണ്ടായത്. പൂജയിൽ പങ്കെടുക്കാൻ വൻ ജനാവലി എത്തിയിരുന്നു. ശക്തമായ മഴ പെയ്തതോടെ പുറത്തുള്ളവർ പന്തലിന് ഉള്ളിലേക്ക് ഓടിക്കയറിയതാണ് ദുരന്തത്തിന് കാരണം.

അകത്തേക്കും പുറത്തേക്കും ഉള്ള വഴികൾ ഇടുങ്ങിയതായതും വ്യാപ്തി കൂട്ടി. പരുക്കേറ്റവർ കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. പൂജയുടെ നടത്തിപ്പുകാരടക്കം 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. രാത്രിതന്നെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി പരുക്കേറ്റവരെ കണ്ടു. കൊൽക്കത്തയിൽ ഉള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പരിക്കേറ്റവരെ സന്ദർശിക്കും. 

അമിത് ഷായുടെ ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു , ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.  മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും മേലിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.

ഇന്നലെ വൈകിട്ടാണ് വടക്കൻ കൊൽക്കത്തയിലെ ചോർബഗാൻ സർബോജനീൻ പന്തലിൽ ദുരന്തമുണ്ടായത്. പന്തലിലേക്ക് കടക്കാന്‍ ഇടുങ്ങിയ വഴിയായിരുന്നു ഉണ്ടായിരുന്നത്, കൂടാതെ ശക്തമായ മഴയും വലിയ ജനത്തിരക്കും അപകടത്തിനു കാരണമായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പുറത്ത് മഴ ശക്തിയായതോടെ എല്ലാവരും കൂടി പന്തലിനുള്ളിലേക്ക് കയറിയതാണ് ദുരന്തത്തിനു സാഹചര്യമൊരുക്കിയത്.