വായുവിൽ ‘പറന്നിറങ്ങി’ ടെസ്‌ലയുടെ കാർ; പറക്കും കാറുകൾ യാഥാർത്ഥ്യത്തിലേക്ക്, റോഡ്‌സ്റ്ററിന്‍റെ പുതിയ പതിപ്പുമായി ടെസ്‌ല

പറക്കും കാർ എന്ന സങ്കൽപ്പത്തെ യാഥാർത്ഥ്യത്തോട് അടുപ്പിച്ച് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല. ഏറെക്കാലമായി കാത്തിരുന്ന അടുത്ത തലമുറ ‘റോഡ്‌സ്റ്റർ’ സൂപ്പർകാറിന്‍റെ പരിഷ്കരിച്ച പതിപ്പിന്‍റെ പുതിയ ദൃശ്യങ്ങൾ കമ്പനി പുറത്തുവിട്ടു. ഒക്ടോബർ 15 -ന് ടെക്സാസിലെ മക്ഗ്രെഗറിലുള്ള സ്പേസ് എക്സ് കേന്ദ്രത്തിൽ നടന്ന പ്രത്യേക ചടങ്ങിലാണ് വാഹനം അഭ്യാസപ്രകടനങ്ങൾ കാഴ്ചവെച്ചത്. റോഡ്‌സ്റ്റർ ആദ്യമായി പ്രഖ്യാപിച്ച് ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് ഈ സുപ്രധാന നാഴികക്കല്ല്.

ചടങ്ങിൽ, പ്രത്യേകമായി സജ്ജീകരിച്ച ഭീമാകാരമായ റാമ്പിലൂടെ തലകീഴായി ഓടിയ കാർ, തുടർന്ന് വായുവിൽ ചെറിയൊരു ദൂരം സഞ്ചരിച്ച് സുരക്ഷിതമായി നിലത്തിറങ്ങുകയായിരുന്നു. ഇലോൺ മസ്‌കിന്‍റെ റോക്കറ്റ് നിർമ്മാണ കമ്പനിയായ സ്‌പേസ് എക്‌സിന്‍റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ അഭ്യാസങ്ങൾ നടത്തിയത്. “ഭാവിയിൽ പറക്കും കാറുകൾ ഉണ്ടാകുമെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു” എന്ന് പരീക്ഷണത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഇലോൺ മസ്‌ക് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ടെസ്‌ലയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയും ഇതിന്‍റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

സ്‌പേസ് എക്‌സ് വികസിപ്പിച്ച ‘കോൾഡ് ഗ്യാസ് ത്രസ്റ്ററുകൾ’ (Cold-gas thrusters) ആണ് പുതിയ റോഡ്‌സ്റ്ററിന്‍റെ പ്രധാന ആകർഷണം. മർദ്ദമുള്ള വാതകം ഉപയോഗിച്ച് ശക്തി സൃഷ്ടിക്കുന്ന ഈ സംവിധാനം വഴി, സാധാരണ കാറുകൾക്ക് അസാധ്യമായ പല ചലനങ്ങളും ഈ വാഹനത്തിന് സാധ്യമാകും. നിയന്ത്രിത സാഹചര്യങ്ങളിലാണ് ഈ പരീക്ഷണം നടത്തിയതെന്നതും ശ്രദ്ധേയമാണ്. പൊതുനിരത്തുകളിൽ പറക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിന് കർശനമായ നിയമപരമായ അംഗീകാരങ്ങളും സുരക്ഷാ അനുമതികളും ആവശ്യമാണ്. ഈ വിഷയങ്ങളിലൊക്കെ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

2017 നവംബറിലാണ് അടുത്ത തലമുറ റോഡ്‌സ്റ്റർ ടെസ്‌ല ആദ്യമായി പ്രഖ്യാപിച്ചത്. എന്നാൽ, വിവിധ കാരണങ്ങളാൽ പദ്ധതിയുടെ ഉൽപ്പാദനം പലതവണ വൈകി. പുതിയ റിപ്പോർട്ടുകൾ പ്രകാരം 2028-ൽ വാഹനം ഉൽപ്പാദനത്തിലേക്ക് കടക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. എങ്കിലും, പറക്കും കാറുകൾ ദൈനംദിന ഗതാഗതത്തിന്റെ ഭാഗമാകാൻ ഇനിയും ഏറെ നാളുകൾ കാത്തിരിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.