കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയില്‍ ബുധി ഗന്ധകി നദിയിലുണ്ടായ വെള്ളപൊക്കത്തില്‍ ചുംനുബ്രി ഗ്രാമത്തില്‍ വ്യാപക നാശനഷ്ടം.
35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി. ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചതായും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയില്‍ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് പ്രളയത്തിന് കാരണമായത്. നേപ്പാളിലെ നാഷണല്‍ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അഥോറിറ്റിയുടെ കണക്കനുസരിച്ച് രാവിലെ 6.30ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് രാവിലെ 8.40ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററായി ഉയർന്നു.
എന്നാല്‍ പിന്നീട് ജലനിരപ്പ് കുത്തനെ ഉയരുകയായിരുന്നു. പാലങ്ങള്‍ ഉള്‍പ്പെടെ ഒലിച്ചുപോയതിനാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മഴ മൂലമല്ല പ്രളയമുണ്ടായതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ഞായറാഴ്ച വൈകുന്നേരം വരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി.




