‘പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ബോസെന്ന് തിരിച്ചറിഞ്ഞില്ല’; പരിഹസിച്ച് മസ്‌ക്

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പരിഹസിച്ച് ഇലോണ്‍ മസ്‌ക്. ‘പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ചാണ് അംബാനിക്കെതിരെ പോസ്റ്റുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തിയത്. നിങ്ങളാണ് ഇന്ത്യയിലെ യഥാര്‍ത്ഥ ബോസെന്ന് മനസിലായില്ലെന്നും മസ്‌ക് എക്‌സിലൂടെ പരിഹസിച്ചു.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ബോസെന്ന് തിരിച്ചറിയാത്തതില്‍ എന്റെ മാപ്പ് സ്വീകരിക്കുക. ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാന്‍ സ്വാഭാവികമായും നിങ്ങള്‍ ആഗ്രഹിക്കും, എന്നാല്‍ സ്റ്റാര്‍ ലിങ്കിന് മത്സരരംഗത്ത് വരാന്‍ നിങ്ങള്‍ അനുവാദം നല്‍കുമോ? ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത നിരവധി പ്രദേശങ്ങളുണ്ട്. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവസരം ഇല്ലാതാകുന്നു, ചെറിയ വ്യാപാരികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിനുള്ള അവസരം ഇല്ലാതാകുന്നു. അവരുടെ ജീവിതം മാറ്റാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കും’, മസ്‌ക് പ്രതികരിച്ചു.

മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിലെ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് അനുവദിക്കാത്തതില്‍ എക്‌സിലൂടെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ് മസ്‌ക്. ഇതിന്റെ ഭാഗമായി തുടര്‍ച്ചയായി മൂന്നാം ദിവസമാണ് അംബാനിക്കെതിരെ എക്‌സ് രംഗത്ത് വരുന്നത്. സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ആരംഭിക്കുന്നത് ചില കുത്തക മുതലാളികള്‍ തടയുകയാണെന്ന് മസ്‌ക് ആരോപിച്ചിരുന്നു. എന്നാല്‍ മസ്‌കിന്റെ ആരോപണം നിഷേധിച്ച് കേന്ദ്ര സര്‍ക്കാരും രംഗത്ത് വന്നു.

സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ നീതിപൂര്‍വവും വിവേചനരഹിതവുമായ അനുമതി ചട്ടക്കൂടാണ് നിലവിലുള്ളതെന്നും രാജ്യത്തെ ഓരോ സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍ ലൈസന്‍സിയും സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ടത് നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം തനിക്ക് ഇന്ത്യയില്‍ ലൈസന്‍സ് ഇല്ലെന്ന് പറയുന്ന മസ്‌കിന്റെ പോസ്റ്റിന് പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. മസ്‌കിന് ഇന്ത്യയിലേക്ക് സ്വാഗതമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്.