മാസപ്പടി കേസ്: ചോദ്യം ചെയ്യൽ തുടങ്ങാന്‍ എസ്ഐടി; മുഹമ്മദ് റിയാസിന്റെ സുഹൃത്തുകൾക്ക് നോട്ടീസ് നല്‍കി

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണത്തിൽ എസ്ഐടിയുടെ ചോദ്യം ചെയ്യൽ ഒരുങ്ങുന്നു. മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് എസ്ഐടി സംഘം നോട്ടീസ് നൽകി. ഹസൻ വാരിസ്, നിഖിൽ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്.

മാസപ്പടി കേസിൽ പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാർശ ചെയ്തത്. ഹവാലയിൽ ഊന്നിയാകും എസ്ഐടിയുടെ ആദ്യ അന്വേഷണം. ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകൾ പരിശോധിക്കുകയാണ് എസ്ഐടിയുടെ ആദ്യ ദൗത്യം.

അന്വേഷണത്തിന് ശേഷം നിയമവൃത്തങ്ങളുമായി ആലോചിച്ചാകും കേസ് എടുക്കുന്നതിൽ തീരുമാനം. അനധികൃത സ്വത്ത് സമ്പാദനത്തിൽ പ്രത്യേക വിജിലൻസ് കേസെടുത്ത് അന്വേഷിക്കണോ എന്നതടക്കം ആലോചിക്കും. അന്വേഷണം മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ അടക്കമായതിനാൽ ഓരോ ഘട്ടത്തിനും വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ടാകും.