തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്നപ്പോള്‍ നടത്തിയ അഴിമതിയെക്കുറിച്ച് പരാതി കിട്ടിയെന്നും വിശദമായി പരിശോധിച്ചപ്പോള്‍ അതില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും തുടർന്ന് വിജിലന്‍സ് ഡയറക്ടറോട് നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
‘2006-ല്‍ കേരളത്തിലെ പിഡബ്യുഡി സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാര്‍. അന്നാണ് വേള്‍ഡ് ബാങ്കിന്റെ 215 കോടിരൂപയുടെ പ്രൊജക്ട് എം സി റോഡിന്റെ പുനര്‍നിര്‍മാണത്തിനായി ചെലവഴിക്കാന്‍ തീരുമാനിച്ചത്. ഒരു മലേഷ്യന്‍ കമ്പനിയാണ് ആ വര്‍ക്ക് ഏറ്റെടുത്തത്. അതിന്റെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്ന സന്ദര്‍ഭത്തില്‍ അതിന്‌റെ പ്രൊജക്ട് എഞ്ചിനിയറായിരുന്ന ലീ സീ ബീന്‍ ധാരാളം പരാതികളുന്നയിക്കുകയും മലേഷ്യയില്‍ പോയി ആത്മഹത്യ ചെയ്യുകയും ചെയ്തു.
ആത്മഹത്യാ കുറിപ്പില്‍ ഗ്യാനേഷ് കുമാറിനെ കുറിച്ച് വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഇതുള്‍പ്പെടെ അന്ന് വിജിലന്‍സ് പരിശോധിച്ചു. പക്ഷെ സര്‍ക്കാര്‍ മാറി, പിന്നീട് അന്വേഷണം മുന്നോട്ട് പോയില്ല. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മലയിന്‍കീഴ് വേണുഗോപാല്‍ പരാതി നല്‍കിയത്.
വിശദമായ അന്വേഷണം അനിവാര്യമാണെന്ന്ബോധ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിജിലന്‍സ് ഡയറക്ടറോട് നിയമനടപടി സ്വീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.
വാസ്തവത്തില്‍ തേച്ചു മായ്ച്ചു കളഞ്ഞ കേസാണിത്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഗ്യാനേഷ് കുമാറിനെ ട്രാന്‍സ്ഫര്‍ ചെയ്തു, ഡല്‍ഹിയിലേക്ക് പോയി. പരാതി കിട്ടിയത് ഗ്യാനേഷ് കുമാറിന് എതിരെയാണ്. എന്തൊക്കെ അന്വേഷിക്കണം എന്ന് വിജിലന്‍സ് തീരുമാനിക്കും’, അദ്ദേഹം പറഞ്ഞു.




