കോട്ടയം: പ്രതിഷേധ ആവേശത്തില്‍ സ്വന്തം പാര്‍ട്ടിയുടെ സമുന്നത നേതാവായ കൊടിയേരി ബാലകൃഷ്ണന്റെ ഫ്ളെക്സ് ബോര്‍ഡ് വലിച്ചുകീറി എസ്എഫ്ഐ പ്രവര്‍ത്തകര്‍.
അതും കൊടിയേരിയുടെ ചരമ വാര്‍ഷികം ആചരിക്കുന്ന വേളയില്‍ തന്നെ. ഇതില്‍ പരം ഒരു നാണക്കേട് പാര്‍ട്ടിക്കിനി വരാനുണ്ടോ എന്നാണു സി.പി.എം പ്രവര്‍ത്തകര്‍ പോലും ചോദിക്കുന്നത്. കൊല്ലം ചിന്നക്കടയിലാണു കൊടിയേരി ബാലകൃഷ്ണന് ദിനത്തോടനുബന്ധിച്ചു സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോര്‍ഡാണ് സമരാനുകൂലികള്‍ നശിപ്പിച്ചത്.
തിരുവനന്തപുരത്തുണ്ടായ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്കു സമരത്തിന്റെ ഭാഗമായി കൊല്ലം ചിന്നക്കടയിലേക്ക് നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം.
പ്രകടനമായെത്തിയ സംഘത്തിലുണ്ടായിരുന്ന ഒരു എസ്എഫ്ഐ പ്രവര്ത്തകന് യാതൊരു മടിയും കൂടാതെ ഫ്ളെക്സ് വലിച്ചുകീറുകയായിരുന്നു. സ്വന്തം നേതാവിന്റെ ബോര്‍ഡാണു തകര്‍ക്കുന്നതെന്ന് മനസിലായ ഉടന്‍ കൂടെയുണ്ടായിരുന്ന മറ്റു നേതാക്കള്‍ ഇയാളെ പിടിച്ചുമാറ്റുകയും, നശിച്ച ഫ്ലക്സ് അവിടെനിന്ന് എടുത്തുമാറ്റുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ വലിയ രീതിയിലുള്ള പരിഹാസങ്ങളും ട്രോളുകളും ഉയരുകയാണ്. ‘ധീര സഖാവിനെ കുട്ടി സഖാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല’ എന്ന തരത്തിലുള്ള പരിഹാസങ്ങളാണു പ്രധാനമായും പ്രചരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഫ്ളെക്സ് നശിപ്പിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകനല്ലെന്നും, അയാള്‍ എങ്ങനെ പ്രകടനത്തില്‍ എത്തിപ്പെട്ടുവെന്നു പരിശോധിക്കുമെന്നുമാണു ജില്ലാ കമ്മിറ്റിയുടെ നിലപാട്. ഇയാള്‍ പാര്‍ട്ടിയുടെയോ പോഷക സംഘടനകളുടെയോ യാതൊരു ഘടകത്തിലും പ്രവര്‍ത്തിക്കുന്ന ആളല്ലെന്നും നേതൃത്വം വ്യക്തമാക്കി തലയൂരാനാണു ശ്രമം.




