ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിനും കേപ് ടൗണിനും സമീപം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി 9.30-ഓടെ ജോഹന്നാസ്ബർഗിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള വെഡെല ടൗൺഷിപ്പിലെ ബാറിലാണ് ആദ്യ വെടിവെപ്പുണ്ടായത്. എകെ-47 റൈഫിളുകളും പിസ്റ്റളുകളുമായി എത്തിയ എട്ടംഗ സംഘം ബാറിലുണ്ടായിരുന്ന ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഈ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികൾ അവിടെയുണ്ടായിരുന്നവരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്.
ഏകദേശം നാല് മണിക്കൂറിന് ശേഷം, ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ കേപ് ടൗണിന് സമീപമുള്ള ല്വാണ്ട്ലെ ടൗൺഷിപ്പിലെ കടയിലാണ് രണ്ടാമത്തെ വെടിവെപ്പുണ്ടായത്. ഈ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിലുപിന്നാലെ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
അഞ്ചു ദിവസങ്ങൾക്ക് മുൻപ് ഡർബന് സമീപമുള്ള ക്വാമഖുത ടൗൺഷിപ്പിൽ വീടിനുനേരെയുണ്ടായ വെടിവെപ്പിൽ ഒരു ഗർഭിണി ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ രാജ്യത്തെ അനധികൃത ആയുധങ്ങളുടെ ലഭ്യതയെക്കുറിച്ചും സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.




