താലി കെട്ടുന്നതിന് മുന്‍പ് പോലീസ് എത്തി; സ്വന്തം കല്ല്യാണം 19-കാരി മുടക്കി

ചെന്നൈ: താലികെട്ടു ചടങ്ങിനു തൊട്ടുമുൻപ് യുവതി പോലീസിനെ അറിയിച്ച് സ്വന്തം വിവാഹം മുടക്കി. ക്ഷണിക്കപ്പെട്ട അതിഥികളിരിക്കെയാണ് യുവതി രഹസ്യമായി പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർഥിച്ചത്. തിരുവള്ളൂർ ജില്ലയിലെ ഊത്തുക്കോട്ടയിലെ ഗ്രാമത്തിലെ പത്തൊൻപതുകാരിയാണ് സ്വന്തം വിവാഹം മുടക്കിയത്.

തിരുവള്ളൂർ മീഞ്ചൂരിലെ ഗ്രാമത്തിലെ യുവാവുമായി തിങ്കളാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച രാത്രി അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സത്കാരച്ചടങ്ങ്‌ നടത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച പുലർച്ചെ മാതാപിതാക്കൾ വിവാഹത്തിന് ഒരുങ്ങാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിക്കുകയും താലികെട്ടാൻ താത്പര്യമില്ലെന്നും അറിയിച്ചു. മാതാപിതാക്കളും യുവതിയും തമ്മിൽ തർക്കമുണ്ടായി. ഇതേത്തുടർന്ന് യുവതി പോലീസ് കൺട്രോൾ റൂമിലേക്കു വിളിച്ച് രക്ഷിതാക്കൾ തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നെന്ന് പരാതിപ്പെട്ടു.

ഉടൻ മീഞ്ചൂർ പോലീസും പൊന്നേരി വനിതാ പോലീസും സ്ഥലത്തെത്തി യുവതിയോട് കാര്യം തിരക്കിയപ്പോൾ വിവാഹത്തിനു സമ്മതമല്ലെന്ന് യുവതി ആവർത്തിച്ചു. എന്നാൽ, എന്താണ് വിസമ്മതിക്കാനുള്ള കാരണമെന്നു വ്യക്തമാക്കിയില്ല.

ഇതോടെ, യുവതിയെ വിവാഹമണ്ഡപത്തിൽ ഒഴിവാക്കി മാതാപിതാക്കളും അടുത്ത ബന്ധുക്കളും മടങ്ങി. ക്ഷണിച്ചവരും സ്ഥലംവിട്ടു. തനിച്ചായ യുവതിയെ പോലീസ് പിന്നീട് ചോളാവരത്തിനടുത്തുള്ള ആലമതി ഗ്രാമത്തിലെ വനിതാ അഭയകേന്ദ്രത്തിലേക്കു മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണ്.