ജോസഫിനെ അറിയാത്ത ഫറവോന്മാർ

വർഗീസ് ചാക്കോ
johnygilead@cchinth1

നമ്മുടെ പെന്തെക്കോസ്തു സംഘടനകളിലെ ചില സഭകളിലെങ്കിലും ജോസഫുമാരെ അറിയാത്ത ഫറവോനു സമന്മാരായ പാസ്റ്റർമാർ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. നിലവിലെ എല്ലാ പെന്തെക്കോസ്തു സഭാഹാളുകളും പാഴ്‌സനേജുകളും സെമിത്തേരികളും അനുബന്ധ സംവിധാനങ്ങളും ഇന്ന് കാണുന്ന നിലകളിൽ മനോഹരമായി പണിയപ്പെട്ടിരിക്കുന്നതിന്റെ പിന്നിൽ അതത് സഭകളിലെ ദൈവമക്കളുടെ വലിയ സാമ്പത്തിക പിന്തുണയും അധ്വാനവുമുണ്ട്.

മിക്ക സഭയുടെയും കാര്യത്തിൽ ബന്ധപ്പെട്ട പ്രാദേശിക സഭകളിലെ സാമ്പത്തിക ശേഷിയുള്ള ഒന്നോ രണ്ടോ വ്യക്തികൾ ആയിരിക്കും മുൻപിൽ നിന്ന് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മറ്റു വിശ്വാസികൾക്ക് ഭാരമാകാതെ ഒരു പങ്കാളിത്തം എന്ന നിലയിൽ അവരിൽ നിന്ന് നാമമാത്രമായ ചെറിയ തുകകൾ മാത്രം സ്വീകരിച്ചുകൊണ്ട് ബാക്കി വരുന്ന മുഴുവൻ തുകയും ഒറ്റയ്ക്കോ ഒരു കുടുംബത്തിലെ അംഗങ്ങൾ ചേർന്നോ ചിലവഴിച്ച് സ്വന്തം വീട് എന്നപോലെ സഭയുടെ പണികാര്യങ്ങൾ അഭിമാനത്തോടെ പൂർത്തിയാക്കും.

എന്നാൽ കാലങ്ങൾ കഴിയുമ്പോൾ ഇതൊന്നും അറിയാത്ത പാസ്റ്റർമാർ സഭകളിൽ ശുശ്രൂഷയ്ക്കായി എത്തുന്നത് സ്വാഭാവികം. ഈ നിലകളിൽ പുതുതായി ചാർജ്ജെടുക്കുന്ന പാസ്റ്റർമാർ ചിലർ സഭകളിൽ എത്തുമ്പോൾ അവർ നിലവിൽ അനുഭവിക്കുന്ന സൗകര്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെയും പണം മുടക്കിയവരെയും ശത്രുക്കളായി കാണുന്ന ഒരു സമീപനം കണ്ടു വരുന്നുണ്ട്.

എനിക്ക് അടുത്ത് അറിയാവുന്ന ഒരു സഭയിൽ മേൽപ്പറഞ്ഞ വിധമുള്ള കാര്യങ്ങൾ കണ്ടതിന്റെ വെളിച്ചത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്. പുതുതായി ചാർജ്ജെടുക്കുന്ന ചില പാസ്റ്റേഴ്സിന്റെ ഇത്തരം അധാർമികമായ സമീപനങ്ങൾ സഭയ്ക്ക് വേണ്ടി ചോരയും നീരും ഒഴുക്കിയവരും അകമഴിഞ്ഞ് സാമ്പത്തിക നന്മ നല്കിയവരുമായ വീട്ടുകാർക്കും വ്യക്തികൾക്കും വലിയ മനോവേദനയാണ് നൽകുന്നത്.

മേൽപറഞ്ഞ സഭയിൽ ഇപ്പോൾ ദർശനം നഷ്ടപ്പെട്ട ഏലി പുരോഹിതന്റെ നിലവാരത്തിൽ ഒരാൾ കയറി കൂടിയിട്ടുണ്ട്. മക്കളെ നേർവഴിയിൽ നടത്തുന്നതിൽ പരാജയപ്പെട്ട കണ്ണു മങ്ങിയ ഏലിയുടെ ആലോചനകൾ സഭയ്ക്ക് ദോഷമാകുമെന്ന് പറയേണ്ടതില്ലല്ലോ. പുതുതായി വരുന്ന പാസ്റ്റേഴ്സിനെ തെറ്റായ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ച് വഴിതെറ്റിക്കുന്ന, നിലവിൽ ഒരു ശുശ്രൂഷയുമില്ലാത്ത മേൽപ്പറഞ്ഞ ഏലി സ്വന്തം മക്കളുടെ തെറ്റായ നടപ്പിനെ മറച്ചുപിടിച്ച് സഭ ചെയ്യേണ്ട ന്യായമായ കാര്യങ്ങളെ അന്യായമെന്നപോലെ ചിത്രീകരിച്ച് സഭാ ശുശ്രൂഷകനെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കുന്നു.

തന്റെ മക്കൾ ചെയ്യുന്ന വഴിവിട്ട പ്രവൃത്തികളെ ശാസിക്കാൻ ഏലി പുരോഹിതൻ തയ്യാറായതായി നമ്മൾ വായിക്കുന്നില്ല. അവർ അവരുടെ വഴിയ്ക്ക് പോയി. ദൈവത്തിന് അർപ്പിക്കുന്ന വഴിപാടുകളിൽ നിന്നും യാഗങ്ങളിൽ നിന്നുപോലും മുപ്പല്ലി കൊണ്ട് മാസം കുത്തിയെടുത്ത് ഭക്ഷിച്ച് ദൈവത്തെ പരിഹസിക്കുന്ന വിധത്തിൽ എത്തിയിട്ടും ഏലി മിണ്ടിയില്ല. മേൽപ്പറഞ്ഞ സഭയിലെ ഏലിയുടെ അവസ്ഥയും മറിച്ചല്ല. അനവധി പരാതികൾ വന്നിട്ടും സ്വന്തം മക്കളുടെ മാതൃകാപരമല്ലാത്ത ജീവിത രീതിയെ ശാസിക്കാനോ തിരുത്താനോ ഈ ഏലി തയ്യാറാകുന്നില്ല. ഈ ഏലിയുടെ മകൻ ഒരിക്കൽ തന്റെ ഭാര്യയുടെ മുഖ രൂപം പോലും മാറി പോകുന്ന വിധം മൃഗീയമായി മർദ്ദിക്കുകയും ബാത്റൂമിൽ അടച്ചിടുകയും ചെയ്തു. പിടിച്ചു മാറ്റാൻ ചെന്ന ഏലിയെ തള്ളി താഴെയിട്ടു. അതിന്റെ ശേഷം സ്ഥലം പാസ്റ്ററെ വിളിച്ച് ഏലിയുടെ മകൻ പറഞ്ഞത്, എത്രയും വേഗം അവിടെ എത്തിയില്ലെങ്കിൽ തന്റെ അപ്പനെയും (ഏലി )അമ്മയെയും ജീവനോടെ കാണാൻ കഴിയില്ലെന്നും അവരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു.

ഇതൊക്കെ സംഭവിച്ചിട്ടും സഭയിലെ പാസ്റ്റർ ഏലിയുടെ മകനെതിരെ ഒരു നടപടിയും കൈക്കൊണ്ടില്ല. നമ്മുടെ പെന്തക്കോസ്ത് സഭകളിൽ ഇപ്പോൾ പൊതുവെ കണ്ടു വരുന്ന ഒരു കാര്യം, എത്ര വലിയ തെറ്റു ചെയ്താലും അതു മൂലം ആർക്കൊക്കെ പ്രയാസം നേരിട്ടാലും തെറ്റു ചെയ്ത വ്യക്തി സഭയിൽ വന്ന് ഒരു ക്ഷമാപണം നടത്തിയാൽ താൻ ചെയ്ത തെറ്റ് ഒന്നുമില്ലാതാകുകയാണ്. അത് കൊലപാതകമായാലും! ഈ ദുസ്ഥിതി മാറണം.

ഇത്തരം ആളുകൾ സഭയുടെ നല്ല നടപ്പിന് ദോഷമാകും എന്നതുകൊണ്ട് അടിസ്ഥാനപരമായ ഒരു മാറ്റത്തിനു വേണ്ടിയാണ് ഇത് എഴുതുന്നത്. നിങ്ങളെ നടത്തിയവരെ ഓർക്കണം എന്നും അവരുടെ മാതൃകാ ജീവിതത്തെ അനുകരിക്കണം എന്നുമുള്ള ബൈബിൾ വചനം എല്ലാവർക്കും എല്ലാകാലത്തും ബാധകമാണ്. ഒരു വ്യക്തിയോ കുടുംബമോ ഒരു ദേശത്തെ സഭാ പ്രവർത്തനങ്ങൾക്ക് വേണ്ടി അഹോരാത്രം അധ്വാനിച്ചിട്ടുണ്ടെങ്കിൽ അവരുടെ പ്രവർത്തനത്തെ ദൈവീകമായി ഉൾക്കൊണ്ട് അവരെക്കൂടെ ചേർത്തു പിടിച്ച് പോകേണ്ട ഉത്തരവാദിത്തം പുതുതായി ചാർജ്ജ് എടുക്കുന്ന ശുശ്രൂഷകർ ക്ക് ഉണ്ട്.

ജോസഫിനെ അറിയാത്ത ഫറവോന്റെ മാതൃക പിന്തുടരുകയല്ല, മറിച്ച് ഏതൊരു സഭയിൽ ചാർജ്ജ് എടുക്കുമ്പോഴും ആ സഭയുടെ ആദ്യകാല പ്രവർത്തകരെയും അതിനു മുന്നിൽ നിന്ന് പ്രവർത്തിച്ചവരെയും ഉൾക്കൊണ്ട് പോകാനുള്ള മാനസിക പക്വത പാസ്റ്റേഴ്‌സ് കാണിക്കണം. അടിസ്ഥാനമില്ലാത്ത കെട്ടിടത്തിന് നിലനിൽപ്പ് ഇല്ലാത്തതുപോലെ ധാർമികത കാറ്റിൽ പറത്തിക്കൊണ്ടുള്ള മേൽപ്പറഞ്ഞ രീതികളും നിലനിൽക്കില്ല.