കല്‍ക്കരി ഖനി തകര്‍ന്ന് മൂന്ന് മരണം;നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ രാംകനാലി ഓപി പ്രദേശത്തിന് സമീപമുള്ള അനധികൃത കൽക്കരി ഖനി തകർന്ന് മൂന്നു പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

തൊഴിലാളികൾ കൽക്കരി ശേഖരിക്കുന്നതിനിടെ ഖനിയുടെ മുകൾഭാഗം ഇവർക്കുമുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഇനിയും നിരവധി പേർ ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.

അപകടമുണ്ടായ ഖനി അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മുൻപ് അപകട സാധ്യത ചൂണ്ടിക്കാട്ടി കോടതി ഖനിയുടെ പ്രവർത്തനം തടഞ്ഞിരുന്നു. എന്നാൽ, കോടതി ഉത്തരവിനെയും നിയമങ്ങളെയും ലംഘിച്ച് പ്രവർത്തനം തുടരുകയായിരുന്നു.