ക്രൈസ്തസമൂഹത്തിന് കൊടിയ മര്‍ദ്ദനം; പശ്ചിമ ബംഗാളിൽ ആരാധന നിര്‍ത്തുന്നു

സ്പെഷ്യല്‍ കറസ്പോണ്ടന്‍റ്,
സിസി ന്യൂസ്

പശ്ചിമ ബംഗാളിൽ ക്രൈസ്തവ സമൂഹത്തിന്റെ പ്രാർഥനാ യോഗങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നതായി ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു ആക്രമണങ്ങളെ തുടർന്ന് പല സ്ഥലങ്ങളിലും വീടുകളിൽ നടക്കുന്ന പ്രാർഥനകളും മതപരമായ സന്ദർശനങ്ങളും നിർത്തിവയ്ക്കുന്നതായ് വിവിധ ക്രൈസ്തവ സംഘടനകള്‍ തീരുമാനിച്ചതായാണ് വിവരം.

ഹൗറയിലെ ഉലുബെറിയയിൽ ആഗസ്റ്റ് 23-ന് പ്രാർഥനാ യോഗത്തിനിടെ ഒരു സംഘം വീട്ടിലേക്ക് ഇരച്ചുകയറി പാസ്റ്ററെയും വിശ്വാസികളെയും മർദിക്കുകയും വീടിനുള്ളിലെ സാധനങ്ങൾ തകർക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ചായിരുന്നു ആക്രമണം. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ അറുപതോളം പേരാണ് അന്ന് പ്രാർഥനയിൽ പങ്കെടുത്തിരുന്നത്. പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വീടുകളിലെ പ്രാർഥന നിർത്തിവച്ചതായി പാസ്റ്റർ മിഥുൻ ഹസ്ര പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ സ്ഥാപകൻ ഹെറോഡ് മുല്ലിക് പറഞ്ഞു. ഹൗറയിലെ ജഗത്ബല്ലവ്പൂർ, നോർത്ത് 24 പർഗാനാസിലെ ഹിംഗൽഗഞ്ച് എന്നിവിടങ്ങളിലും പ്രാർഥനാ യോഗങ്ങൾക്കിടെ ആക്രമണങ്ങൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

പൂർബ ബർധമാനിലെ സഹനഗറിൽ നടന്ന ഒരു ക്രൈസ്തവ സംസ്കാരച്ചടങ്ങും ആൾക്കൂട്ടം തടസ്സപ്പെടുത്തിയതായി റിപ്പോർട്ടിലുണ്ട്. മൃതദേഹം കുഴിമാടത്തിൽ ഇറക്കിയതിന് പിന്നാലെ ആൾക്കൂട്ടം അത് പുറത്തെടുത്തതായാണ് പള്ളി അധികൃതരുടെ ആരോപണം. പിന്നീട് മൃതദേഹം മറ്റൊരു സെമിത്തേരിയിലേക്ക് മാറ്റേണ്ടിവന്നു. എന്നാൽ സംസ്കാരത്തിനായി ഉപയോഗിച്ച സ്ഥലം സ്വകാര്യ ഭൂമിയാണെന്നും മരിച്ച സ്ത്രീ ആ പ്രദേശത്തുകാരിയല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ എതിർത്തതെന്ന് പൊലീസ് വിശദീകരിച്ചു. ഭൂമിയുടെ രേഖകൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ആഗസ്റ്റ് 25ന് ഹൗറയിലെ ഘുസുരിയിലും ഒരു വീട്ടിൽ നടന്ന പ്രാർഥനാ യോഗത്തിന് നേരെ ആക്രമണമുണ്ടായി. വിശ്വാസികളെ മർദിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചർച്ച് ഓഫ് ദ ഗ്രേസിലെ ഫാദർ സുരജ് സരോജ് ആരോപിച്ചു. സംഭവത്തിന് ശേഷം വീടുകളിലെ പ്രാർഥനകളും സന്ദർശനങ്ങളും നിർത്തിവച്ചതായി അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 26ന് പൂർബ മേദിനിപുരിലെ ചെക്ക് മൈൽപോസ്റ്റ് ഗ്രാമത്തിലും സമാനമായ സംഭവമുണ്ടായതായി റിപ്പോർട്ടിലുണ്ട്. പാസ്റ്ററെയും ഭാര്യയെയും മർദിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ചതായാണ് ആരോപണം. ‘നിർബന്ധിത മതപരിവർത്തനം’ നടത്തുന്നുവെന്നായിരുന്നു ആൾക്കൂട്ടത്തിന്റെ ആരോപണം. പിന്നീട് അഭിഭാഷകരെത്തിയാണ് ഇരുവരെയും മോചിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതിനെതിരായ പ്രതിഷേധമാണെന്നാണ് സിംഹ ബാഹിനി പ്രസിഡന്റ് ദേബ്ദത്ത മാജിയുടെ വാദം. പണത്തിന്റെ പ്രലോഭനം നൽകി മതപരിവർത്തനം നടത്തുന്നുണ്ടെന്നും അത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രാർഥന ഓരോ വ്യക്തിയുടെയും മതപരമായ അവകാശമാണെന്നും ഒരാളുടെ വിശ്വാസത്തിൽ സർക്കാർ ഇടപെടില്ലെന്നും പശ്ചിമ ബംഗാൾ ആദിവാസി വികസന-ന്യൂനപക്ഷകാര്യ മന്ത്രി ക്ഷുദിരാം ടുഡു പറഞ്ഞു. എന്നാൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതം ആചരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അത് സംരക്ഷിക്കാൻ പോരാടുമെന്നും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. അതേസമയം, ബിജെപി ‘ഭീതിയുടെ രാഷ്ട്രീയം’ കളിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സംഭവങ്ങളെക്കുറിച്ച് അറിവില്ലെന്നാണ് ബിജെപി രാജ്യസഭാംഗം രാഹുൽ സിൻഹ പ്രതികരിച്ചത്.