ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ഗുരുഗ്രാമിലെ ഐഎംടി മാനസറിലെ ഒരു ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിലാണ് സംഭവം. ബിഹാർ സ്വദേശിയായ ആകാശ് കുമാർ എന്ന വിദ്യാർഥിയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ പിച്ച് റോളറിന്റെ സ്വിച്ച് ഓൺ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
ആകാശ് ഉൾപ്പെടെ നാലുപേർ സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആകാശിന്റെ മൂത്ത സഹോദരൻ നീലും മറ്റ് രണ്ട് കുട്ടികളുമാണ് കളിച്ചുകൊണ്ടിരുന്നത്. പിച്ച് റോളറിന്റെ മുകളിൽ കയറി കളിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിച്ച് റോളറിന് ഏകദേശം 750 കിലോയോളം ഭാരമുണ്ട്.
കുട്ടികളിലൊരാൾ സ്വിച്ച് ഓൺ ചെയ്തതോടെ റോളർ പ്രവർത്തിക്കാൻ തുടങ്ങി. ആ സമയം റോളർ നിരീക്ഷിക്കാൻ സ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ല.’- ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
റോളർ നീങ്ങുന്നതിനിടെ ആകാശ് അതിന്റെ മുന്നിലേക്ക് വീഴുകയും റോളർ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടത്തിന് പിന്നാലെ മറ്റ് മൂന്ന് കുട്ടികളും സ്ഥലത്തുനിന്ന് ഓടി. ശേഷം നീൽ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. അതേസമയം ക്രിക്കറ്റ് അക്കാദമിയിൽ എത്തിയ മറ്റ് ചിലരും റോളർ കയറിയിറങ്ങിയ നിലയിൽ ആകാശിനെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




