ഷാര്‍ജ:ഷാര്‍ജയിലെ അൽ നബ്ബയിലെ കെട്ടിടത്തിലെ മൂന്നാം നിലയിലെ അപ്പാർട്മെന്റിൽനിന്ന് വീണ് മലയാളി ദമ്പതികളുടെ ഏക മകൾ സഫ മുബാറക് (7) ദാരുണാന്ത്യം .
ഇന്നലെ രാവിലെ ഒൻപതിനാണ് പ്രവാസി മനസ്സുകളെ ഉലച്ച ആ വാർത്തയെത്തിയത്. പിതാവ് മുബാറക് പാർക്കിങ്ങിൽ കിടന്ന കാർ മാറ്റിയിടാനായി താഴേക്കിറങ്ങിയ അഞ്ചേ അഞ്ച് മിനിറ്റിലാണ് ആ കൊച്ചുജീവൻ വിധി തട്ടിയെടുത്തത്. സഫയുടെ മാതാവ് മുർഷിദ ഈ സമയം ജോലിസ്ഥലത്തായിരുന്നു.
ഉറക്കമുണർന്ന സഫ അച്ഛനെ തിരക്കി സ്ലൈഡിങ് ജനൽ തുറന്ന് പുറത്തേക്ക് നോക്കാൻ ശ്രമിച്ചപ്പോൾ ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. അജ്മാനിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ സഫയുടെ മരണവാർത്തയറിഞ്ഞ് ദുബായ് ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ മുബാറക്കും ഷാർജയിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മുർഷിദയും ഇവരുടെ അടുത്ത ബന്ധുക്കളും കുടുംബസുഹൃത്തുക്കളുമെല്ലാം താങ്ങാനാകാത്ത ആഘാതത്തിലാണ്.
ഈ മാസം 15ന് നാട്ടിൽ നടന്ന ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച ഇവർ യുഎഇയിൽ തിരിച്ചെത്തിയത്. ബന്ധുക്കളായ കുട്ടികളോടൊപ്പം ഓടിക്കളിച്ചതിന്റെ സന്തോഷവും വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരെ കാണാനുള്ള ആവേശത്തിലുമായിരുന്നു സഫ. എന്നാൽ, ആ ആഗ്രഹങ്ങളത്രയും ബാക്കിയാക്കി കുഞ്ഞുസഫ വിടപറഞ്ഞത്.




