പത്തനംതിട്ട: പോലീസിന്റെ സന്ദർശനം ആദിവാസി കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമായി മാറി. പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിലേക്ക് ക്ഷണിക്കാൻ മൂഴിയാർ കൊച്ചാണ്ടി ചെക്ക് പോസ്റ്റിന് സമീപമുള്ള ആദിവാസി ഊരിലെത്തിയ പോലീസ് സംഘമാണ് നന്മയുടെ മാതൃകയായത്.
സ്റ്റേഷൻ ഹൗസ് ഓഫീസർ എ.ആർ. രവീന്ദ്രൻ, സബ് ഇൻസ്പെക്ടർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ചിഞ്ചു ബോസ്, വിനീത് എന്നിവരടങ്ങുന്ന സംഘമാണ് ഊര് സന്ദർശിച്ചത്.
സംസാരിക്കുന്നതിനിടയിൽ രാവിലെ എന്താണ് കഴിച്ചതെന്ന് കുട്ടികളോട് ചോദിച്ചപ്പോഴാണ് അന്നേ ദിവസം അവർ ആഹാരമൊന്നും കഴിച്ചിട്ടില്ലെന്നും, പലപ്പോഴും ദിവസങ്ങളോളം പട്ടിണി കിടക്കാറുണ്ടെന്നുമുള്ള സങ്കടകരമായ അവസ്ഥ പോലീസ് അറിയുന്നത്.
ഉടൻ തന്നെ സ്റ്റേഷനിലേക്ക് മടങ്ങിയ പോലീസ് സംഘം മറ്റ് സഹപ്രവർത്തകരുടെ സഹായത്തോടെ അവിടുത്തെ നാല് കുടുംബങ്ങൾക്കായി ധാന്യങ്ങളും പച്ചക്കറികളും മീനും വാങ്ങി തിരിച്ചെത്തിച്ചു നൽകി. കൂടാതെ കുട്ടികൾക്കായി ബിസ്കറ്റും ബേക്കറി പലഹാരങ്ങളും നൽകി.
യാത്രാസൗകര്യമില്ലാത്തതിനാൽ സ്കൂളിൽ പോകാൻ സാധിക്കുന്നില്ലെന്ന് കുട്ടികൾ അറിയിച്ചതിനെ തുടർന്ന്, ഓണാവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുമ്പോൾ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കി നൽകുമെന്ന് എസ്എച്ച്ഒ ഉറപ്പുനൽകി. പോലീസിന്റെ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചാണ് ആദിവാസി കുടുംബങ്ങൾ അവരെ യാത്രയാക്കിയത്.




