കാനഡ: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെപ്പോലും ബാധിച്ച ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകത്തിൽ വഴിത്തിരിവ്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ചത് താനും സംഘവുമെന്ന് ഗുണ്ടാ നേതാവ് ഗോൾഡി ബ്രാർ. ഗോൾഡി ബ്രാറിന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിച്ച് അന്വേഷണ സംഘം.
ഖലിസ്ഥാൻ ഭീകരൻ പരംജിത് സിംഗ് പമ്മയുമായുള്ള ഫോൺ സംഭാഷണത്തിലാണ് വെളിപ്പെടുത്തൽ. യുവാക്കളെ ലഹരിക്കച്ചവടത്തിന് ഉപയോഗിച്ചതിലുള്ള വൈരാഗ്യം കാരണമെന്ന് ഓഡിയോ സന്ദേശത്തിൽ പറയുന്നു.
“16-17 വയസ്സുള്ളവരെക്കൊണ്ട് മയക്കുമരുന്ന് വിൽക്കാൻ അവരെ പാകപ്പെടുത്തുകയും പ്രേരിപ്പിക്കുകയും ചെയ്തവർ, യുവാക്കളെ ഭീഷണിപ്പെടുത്തി മയക്കുമരുന്ന് വിൽക്കാനും വിവരദാതാക്കളാകാനും നിർബന്ധിച്ചവർ, ആവശ്യം വരുമ്പോൾ ഉപയോഗിക്കാനായി നിജ്ജാർ ഇത്തരം ആളുകളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് ഞാനും എന്റെ സംഘവും ചേർന്ന് നിജ്ജറിനെ വധിക്കേണ്ടി വന്നത്” എന്ന് ബ്രാർ ഓഡിയോ സന്ദേശത്തിൽ പറയുന്നു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വെച്ചാണ് നിജ്ജറിനെ വെടിവെച്ചു കൊന്നത്. 2023 ജൂൺ 18 നാണ് നിജ്ജർ വെടിയേറ്റ് കൊല്ലപ്പെട്ടത്. പിന്നാലെ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ഇന്ത്യ തള്ളിയിരുന്നു.
പിന്നീട് ഈ വാദം റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിയുകയും ചെയ്തു. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അടുത്തിടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്.
അതെസമയം ലോസ് ആഞ്ചലസ് ഫെഡറൽ കോടതി സമർപ്പിച്ച ഒരു കുറ്റപത്രത്തിൽ ജയിലിൽ കഴിയുന്ന കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ നിർദ്ദേശപ്രകാരമാണ് നിജ്ജാറിനെ വധിച്ചതെന്ന് പറയുന്നുണ്ട്. യുഎസ് അധികൃതർ ഇതിൽ ബിഷ്‌ണോയിക്കും ബ്രാറിനുമെതിരെ കേസെടുത്തിട്ടുണ്ട്. ബ്രാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) 50,000 ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുർപത്‌വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട കേസുമായി നിജ്ജാറിന്റെ വധത്തിന് ബന്ധമുണ്ടെന്നും യുഎസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പ്രതിയായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.
പഞ്ചാബിലെ ഫരീദ്കോട്ട് സ്വദേശിയായ ബ്രാർ എന്ന സതീന്ദർജീത് സിംഗ് 2017-ൽ സ്റ്റുഡന്റ് വിസയിലാണ് കാനഡയിലെത്തിയത്. പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഇയാളെ കേന്ദ്ര സർക്കാർ യുഎപിഎ നിയമപ്രകാരം ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.




